പവൻ കല്യാണും അന്നയും
നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന് കല്യാണും ഭാര്യ അന്ന കൊനിഡാലയും വേര്‍പിരിയുന്നു. 13 വർഷം നീണ്ടുനിന്ന തങ്ങളുടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും സംയുക്ത പ്രസ്താവനയിലൂടെ ഔദ്യോഗികമായി അറിയിച്ചു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുവരും വേർപിരിയുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നുവെന്നും കുടുംബകോടതിയിൽ പരസ്പരസമ്മതത്തോടെയുള്ള ഹർജി ഇതിനകം ഫയൽ ചെയ്തിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
‘‘ജീവിതത്തിന്റെ ഒരു പ്രധാന പങ്കും ഒരുമിച്ച് പങ്കിട്ട ശേഷം, പരസ്പര ധാരണയോടും ബഹുമാനത്തോടും കൂടി വേർപിരിയാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങളുടെ വിവാഹബന്ധം അവസാനിക്കുകയാണെങ്കിലും, ഞങ്ങൾ നല്ല സുഹൃത്തുക്കളായും ഞങ്ങളുടെ മക്കളുടെ ഉത്തരവാദിത്തമുള്ള മാതാപിതാക്കളായും തുടരും.
മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമായിരിക്കും ഞങ്ങളുടെ എപ്പോഴത്തെയും മുൻഗണന. വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മനസിലാക്കണമെന്നും അഭ്യർഥിക്കുന്നു.’’വേർപിരിയൽ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്തിൽ ഇരുവരും കുറിച്ചു.
പവന് കല്യാണും റഷ്യന്‍ മോഡലും നടിയുമായ അന്ന ലെഷ്നേവയും 2013ലാണ് വിവാഹിതരായത്. 2011-ൽ റിലീസ് ചെയ്ത 'തീൻ മാർ' എന്ന സിനിമയുടെ സറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. രണ്ടു വർഷത്തെ പ്രണയത്തിന് ശേഷം 2013 സെപ്റ്റംബർ 30-നായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് പോലീന അഞ്ജന പവനോവ, മാർക്ക് ശങ്കർ പവനോവിച്ച് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
പവന്റെ മൂന്നാമത്തെ കല്യാണമായിരുന്നു ഇത്. സിനിമയിൽ സജീവമായി തുടങ്ങിയ കാലത്ത് 1997 മേയ് മാസത്തിലാണ് പവൻ കല്യാൺ വിശാഖപട്ടണം സ്വദേശിയായ നന്ദിനിയെ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും 1999-ഓടെ ഇവർ വേർപിരിഞ്ഞ് താമസം തുടങ്ങുകയും ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 2008-ലാണ് ഇവർ ഔദ്യോഗികമായി നിയമപരമായ വിവാഹമോചനം നേടിയത്. 2009ല്‍ നടി രേണു ദേശായിയെ വിവാഹം കഴിച്ചു. 2012ല്‍ വിവാഹമോചനം നടന്നു. ഈ ബന്ധത്തിലും പവന് രണ്ടു മക്കളുണ്ട്.
Tags : Pawan Kalyan Anna Konidela Separation Marriage 13 Years of Marriage Pawan Kalyan and Anna Konidela