ഷാജി കുമാർ
ദിലീപ് നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് ശേഷമായിരുന്നു ആ ദുരന്തം. ശനിയാഴ്ച രാത്രി ആലപ്പുഴയിലെ ഹോട്ടൽ മുറിയിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
ഉടൻ തന്നെ ചിത്രത്തിന്റെ സംവിധായകൻ ഉല്ലാസ് കൃഷ്ണയെ വിവരം അറിയിക്കുകയും ആലപ്പുഴയിലെ ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റുകയും ചെയ്തു.
ആദ്യഘട്ടത്തിൽ ചികിത്സയോട് പ്രതികരിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുകയും കൂടെയുള്ളവരോട് സാധാരണ പോലെ സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് ആരോഗ്യനില പെട്ടെന്ന് വഷളാകുകയായിരുന്നു. പുതിയ സിനിമകളുടെ ആവേശത്തിലും സ്വപ്നങ്ങളിലുമായിരിക്കെയാണ് ആ കാമറക്കണ്ണുകൾ നിദ്രയിലേക്ക് അടഞ്ഞുപോയത്.
മാറ്റങ്ങളെ ഉൾക്കൊണ്ട മാസ്റ്റർ ഐ
ഫിലിം യുഗത്തിൽ തുടങ്ങി ഡിജിറ്റൽ സിനിമയുടെ സുവർണ കാലഘട്ടം വരെ നീണ്ടുനിന്നതാണ് ഷാജി കുമാറിന്റെ കരിയർ. ലൈറ്റിംഗ്, കളർ കോമ്പോസിഷൻ, ഫ്രെയിമിംഗ് എന്നിവയിൽ അസാധാരണമായ സാങ്കേതിക മികവാണ് അദ്ദേഹം പുലർത്തിയിരുന്നത്.
കാലത്തിനനുസരിച്ചുള്ള കാമറ, ലൈറ്റിംഗ്, കളർ ഗ്രേഡിംഗ് സാങ്കേതികവിദ്യകളെല്ലാം അദ്ദേഹം കൃത്യമായി പഠിക്കുകയും സ്വയം നവീകരിക്കുകയും ചെയ്തു. പുതിയ കഥപറച്ചിൽ രീതികളും ദൃശ്യശൈലികളും ഉൾക്കൊണ്ട് അദ്ദേഹം തന്റേതായ ഒരു സിഗ്നേച്ചർ സ്റ്റൈൽ തന്നെ രൂപപ്പെടുത്തിയെടുത്തു.
പല സമകാലികരും ഡിജിറ്റൽ ഫിലിം മേക്കിംഗിലേക്ക് മാറാൻ ബുദ്ധിമുട്ടിയ കാലത്താണ് ഷാജി കുമാർ തികഞ്ഞ അനായാസതയോടെ തുടർച്ചയായി വലിയ വിജയചിത്രങ്ങൾ സമ്മാനിച്ചത്.
തുടക്ക കാലം മുതൽ മലയാള സിനിമയുടെ സാങ്കേതിക വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച, സാധാരണക്കാരന്റെ മനസിൽ തങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ സമ്മാനിച്ച ഷാജി കുമാറിന്റെ മടക്കം മലയാള സിനിമാലോകത്തിന് തീരാനഷ്ടമാണ്.
Tags : cinematographer Shaji Kumar Renowned Cinematographer Passes Away death cinema malayalam movie