ഷാജി കുമാർ
വെള്ളിത്തിരയിൽ അത്ഭുതങ്ങൾ ഒപ്പിയെടുത്ത ആ മനുഷ്യൻ ഇനി ഓർമ്മകളിൽ മാത്രം. മലയാള സിനിമയുടെ സൗന്ദര്യവും കാടിന്റെ വന്യതയും ആക്ഷന്റെ വിസ്മയങ്ങളും പ്രേക്ഷകരുടെ കണ്ണുകളിലേക്ക് പകർന്നു തന്ന പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) ഓർമ്മയായിരിക്കുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെയോടെ അദ്ദേഹം വിട വാങ്ങിയപ്പോൾ ,മലയാള സിനിമാ ലോകത്തിന് ഒരു മികച്ച പ്രതിഭയെ മാത്രമല്ല, ലാളിത്യമുള്ള ഒരു നല്ല മനുഷ്യനെ കൂടിയാണ് കൈവിട്ടുപോയത്.
മോഹൻലാൽ നായകനായ 'പുലിമുരുകൻ' എന്ന ചിത്രത്തിലൂടെ മലയാളിയുടെ സിനിമാ സങ്കൽപ്പങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ മാന്ത്രികനായിരുന്നു ഷാജി കുമാർ. കാടിന്റെ ഭയവും വന്യതയും ക്യാമറയിലൂടെ ഒപ്പിയെടുത്ത ആ ദൃശ്യവിസ്മയത്തിന് പിന്നിൽ അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഉറക്കമില്ലാത്ത രാവുകളുമുണ്ടായിരുന്നു. തിയേറ്ററുകളിൽ ആരവങ്ങളുയർത്തിയ ആ ചിത്രത്തിന്റെ ഓരോ ഫ്രെയിമും ഷാജി കുമാറിന്റെ കരുത്ത് വിളിച്ചോതുന്നതായിരുന്നു.
എന്നാൽ, ആ വലിയ മാസ് സിനിമകൾക്കപ്പുറം സാധാരണക്കാരന്റെ വികാരങ്ങളെ തൊട്ടറിഞ്ഞ ചിത്രങ്ങളും അദ്ദേഹത്തിന്റെ ക്യാമറയിലൂടെ പിറന്നു.
'നരൻ' എന്ന ചിത്രത്തിലെ മലയോര ഗ്രാമത്തിന്റെ പച്ചപ്പും, 'ബാബ കല്യാണി'യും 'മാടമ്പി'യും 'രാമലീല'യും 'ഒടിയനും' തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ എത്രയോ സിനിമകൾക്ക് അദ്ദേഹം ജീവൻ നൽകി. മലയാളത്തിന് പുറമെ തമിഴിലും തന്റെ പ്രതിഭയുടെ കയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
സിനിമയോടുള്ള അടങ്ങാത്ത ആവേശവുമായി അവസാന നിമിഷം വരെ സജീവമായിരുന്നു ഷാജി കുമാർ. റിലീസിന് ഒരുങ്ങുന്ന 'അതിമനോഹരം', സുരേഷ് ഗോപിയുടെ 'ഒട്ടക്കൊമ്പൻ' തുടങ്ങിയ ചിത്രങ്ങളുടെയും ഛായാഗ്രാഹകൻ അദ്ദേഹമായിരുന്നു.
Tags : cinematographer Renowned Cinematographer Shaji Kumar malayalam cinema movie athimanoharam