വീഡിയോയിൽ നിന്നുമുള്ള ചിത്രം
സൂര്യ നായകനായെത്തിയ ‘സീൻ’ സിനിമയിലെ സർപ്രൈസ് വേഷങ്ങളിലൊന്നായിരുന്നു ജ്യോതികുടെ എൻട്രി. നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രം തന്നെക്കുറിച്ച് വർണിക്കുമ്പോൾ സൂര്യ മനസിൽ കാണുന്നത് ജ്യോതികയെ ആണ്. ഈ ഗ്ലിംപ്സ് ഇപ്പോൾ സൂര്യ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.
‘മൈ ലവ്, ജ്യോതിക’ എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ഈ രംഗം ട്വിറ്ററിൽ പങ്കുവച്ചത്. ‘‘ഭാഷാഭേദമന്യേ, എല്ലാ തിയറ്ററുകളിലും ഓരോ സ്ക്രീനുകളിലും നിങ്ങൾ നൽകിയ നിറഞ്ഞ കൈയടികൾക്ക് ഹൃദയം നിറഞ്ഞ നന്ദി. അവളെയും ഞങ്ങളെയും ഞങ്ങളുടെ ഈ യാത്രയെയും ഇത്രമേൽ സ്നേഹത്തോടെ നെഞ്ചേറ്റിയതിന്, ആഘോഷമാക്കിയതിന് എല്ലാവർക്കും ഒരായിരം നന്ദി.’’സൂര്യയുടെ വാക്കുകൾ.
അതേസമയം ഏറെ രസകരമായൊരു കുറിപ്പോടെയാണ് ജ്യോതിക ഈ സീൻ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പോസ്റ്റ് മാത്രം പോരാ, അതിഥി വേഷത്തിനു പ്രതിഫലം കൂടി വേണമെന്നായിരുന്നു തമാശരൂപേണയുള്ള ജ്യോതികയുടെ പ്രതികരണം.
‘ആവേശ’ത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ‘സീനി’ൽ ജ്യോതികയെ കൂടാതെ ടൊവിനോ തോമസും അതിഥി വേഷത്തിൽ എത്തിയിരുന്നു.
ചിത്രം തമിഴ്നാട്ടിലും കേരളത്തിലും സൂപ്പർഹിറ്റായി മാറി. ഏകദേശം 240 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ കലക്ഷൻ. സൂര്യയുടെ നിർമാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും ഴഗരം സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.
Tags : Jyotika Scene Suriya Nazriya Nazim Naslen Sushin Shyam