ബാൻസുരി സ്വരാജ്
ന്യൂഡൽഹി: സ്ത്രീകളുടെ അന്തസ്സ്, സുരക്ഷ, ശാക്തീകരണം എന്നീ വിഷയങ്ങളിൽ കോൺഗ്രസ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ബിജെപി. സ്ത്രീകളുടെ അവകാശങ്ങൾക്കായി പരസ്യമായി വാദിക്കുമ്പോഴും, സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ ഉയരുന്ന ഗുരുതരമായ ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബാൻസുരി സ്വരാജിന്റെ വിമർശനം.
14 വയസുകാരിയായ ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ ഭൂഷൺ ബാര, ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എംപി ബിമോൾ അകോയിജം, അസം സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന മുൻകാല ആരോപണം നേരിടുന്ന ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതാവ് ഹരക് സിംഗ് റാവത്ത് എന്നിവർക്കെതിരെയാണ് ബാൻസുരി സ്വരാജ് ആരോപണങ്ങൾ ഉന്നയിച്ചത്. അതേസമയം, ഈ മൂന്ന് കോൺഗ്രസ് നേതാക്കളും തങ്ങൾക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
നരേന്ദ്ര മോദി സർക്കാർ സ്ത്രീകളെ സ്വയംപര്യാപ്തരാക്കാൻ പ്രവർത്തിക്കുമ്പോൾ, കോൺഗ്രസ് വെറും മുദ്രാവാക്യങ്ങളിൽ ഒതുങ്ങുകയാണെന്ന് ബാൻസുരി സ്വരാജ് ആരോപിച്ചു. "ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികവും 'ജനജാതീയ ഗൗരവ് ദിവസ്' ആചരണവും നടക്കാനിരിക്കെ, ഒരു ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ഗുരുതരമായ ആരോപണം കോൺഗ്രസ് എംഎൽഎ ഭൂഷൺ ബാര നേരിടുന്നത് ഏറെ ലജ്ജാകരമാണെന്നും പത്രസമ്മേളനത്തിനിടെ ബാൻസുരി സ്വരാജ് വ്യക്തമാക്കി.
‘സ്മാഷ് ദി പാട്രിയാർക്കി’ (പുരുഷാധിപത്യത്തെ തകർക്കുക) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന കോൺഗ്രസും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എന്നിവരും ഇക്കാര്യത്തിൽ തുടരുന്ന മൗനം അത്ഭുതപ്പെടുത്തുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
Tags : bjp BansuriSwaraj Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash