പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ഇൻഷുറൻസ് കമ്പനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ നൽകിയ 5 കോടി രൂപയുടെ മാനനഷ്ട കേസിൽ കമ്പനിക്ക് തിരിച്ചടി. മാനനഷ്ടക്കേസ് നിലനിൽക്കില്ലെന്ന് കണ്ടെത്തിയ ഡൽഹി ഹൈക്കോടതി കന്പനിക്ക് 1 രൂപ പ്രതീകാത്മകമായി പിഴ വിധിച്ചു.
ഇൻഫ്ലുവൻസർ ഇൻഷുറൻസ് ബിസിനസിൽ ഏർപ്പെട്ടിട്ടില്ലാത്തതിനാൽ ഇത് ട്രേഡ്മാർക്ക് ലംഘനമാകില്ലെന്ന് കോടതി വിധിച്ചു. തുടർന്ന് കമ്പനി കേസ് പിൻവലിക്കാൻ അനുമതി തേടുകയും, കോടതി ഇൻഫ്ലുവൻസറിന് നൽകാനായി 1 രൂപ പിഴ ഈടാക്കുകയും ചെയ്തു.
കമ്പനിയുടെ പേരോ ട്രേഡ്മാർക്കോ ഉപയോഗിച്ചതുകൊണ്ട് മാത്രം അത് വ്യാപാരപരമായ ലംഘനമാകില്ലെന്നും, ഈ കേസ് ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ജസ്റ്റിസ് അനൂപ് ജെ. ഭാംബാനി വ്യക്തമാക്കി.
ഹരിയാനയിലെ ചാർഖി ദാദ്രിയിലുള്ള ഉപഭോക്തൃ കോടതിയിൽ നീരജ് കുമാർ എന്നയാൾ നൽകിയ പരാതിയുടെ പശ്ചാത്തലത്തിലാണ് ഇൻഫ്ലുവൻസർ വിശാൽ രത്തെവൽ ഇൻഷുറൻസ് കമ്പനിക്കെതിരെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോകളും പോസ്റ്റുകളും പങ്കുവെച്ചത്.
തങ്ങളുടെ ബ്രാൻഡ് അടയാളങ്ങൾ, ലോഗോ എന്നിവ ദുരുപയോഗം ചെയ്ത് തട്ടിപ്പ്, അനീതി തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് കമ്പനിയുടെ സൽപേരിന് കളങ്കം വരുത്തിയെന്ന് കാണിച്ചാണ് ഇൻഷുറൻസ് കന്പനിയായ നിവ ബൂപ 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
Tags : DelhiHighcourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash