പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആർഎസ്എസിനെതിരെ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദത്തിൽ. ആർഎസ്എസ് എന്നത് പുരുഷന്മാർ മാത്രം അടങ്ങിയ ഒരു വിഭാഗമാണെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് വിവാദമായത്.
ആർഎസ്എസ് സ്ത്രീകൾക്ക് എതിരാണെന്നും സ്ത്രീകളെ പുരുഷന്മാരുടെ സ്വത്തായി കാണുന്നുവെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. എന്നാൽ രാഹുലിന്റെ പ്രസ്താവന ബാലിശമാണെന്ന് വിശേഷിപ്പിച്ച ബിജെപി നേതാക്കൾ ഇതിനെതിരെ ശക്തമായി രംഗത്തെത്തി.
ആർഎസ്എസ് ഭരണഘടനാ വിരുദ്ധവും പുരുഷാധിപത്യപരവുമായ സംഘടനയാണെന്നും, സ്ത്രീകൾ തങ്ങളുടെ കൂടെയുണ്ടെന്നും രാഹുൽ എക്സിൽ കുറിച്ചു. എന്നാൽ രാഹുലിന് ഈ വിഷയത്തിൽ കൃത്യമായ അറിവില്ലെന്നും ആർഎസ്എസിന് വനിതാ വിഭാഗം ഉണ്ടെന്ന കാര്യം അദ്ദേഹത്തിന് അറിയാമോ എന്നും മഹാരാഷ്ട്ര ബിജെപി എംഎൽഎ രാം കദം ചോദിച്ചു.
കോൺഗ്രസ് പാർട്ടിയിൽ എത്ര സ്ത്രീകൾക്ക് ഉയർന്ന പദവികൾ നൽകിയിട്ടുണ്ടെന്നും തെലങ്കാന ബിജെപി അധ്യക്ഷൻ എൻ രാംചന്ദർ റാവു ചോദിച്ചു. ഡൽഹിയിൽ ബിജെപിക്ക് വനിതാ മുഖ്യമന്ത്രി ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂനെയിലെ ഒരു പരിപാടിക്കിടെ മനുസ്മൃതിക്കെതിരെയും രാഹുൽ ഗാന്ധി സമാനമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
Tags : RAHULGANDHI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash