അതുല്യയുടെ മരണം കൊലപാതകമെന്ന് കുടുംബം
Monday, July 21, 2025 11:06 AM IST
ചവറ: തേവലക്കര കോയിവിള സൗത്ത് അതുല്യ ഭവനിൽ അതുല്യ (30)യെ ഷാർജയിലുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം. വർഷങ്ങളായി കടുത്ത പീഡനമാണ് ഭർത്താവ് സതീഷ് ശങ്കറിൽ നിന്നും മകൾ അതുല്യ നേരിട്ടതെന്ന് അതുല്യയുടെ അച്ഛൻ എസ്. രാജശേഖരൻ പിള്ളയും അമ്മ തുളസിഭായ് പിള്ളയും പറഞ്ഞു.
അതുല്യയുടെ മരണം കൊലപാതകമായിരിക്കാം എന്നാണ് അവർ പറയുന്നത്. വിവാഹം കഴിഞ്ഞിട്ട് 11 വർഷമായെന്നും മകൾ എല്ലാ ദിവസവും വിളിക്കുമായിരുന്നുവെന്നും അമ്മ പറഞ്ഞു. ഭർത്താവിന്റെ ഉപദ്രവം സഹിച്ച് ജീവിക്കുകയാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും എന്റെ കുഞ്ഞിനായിട്ട് ജീവിക്കുമെന്നും അതുല്യ പലതവണ പറഞ്ഞിട്ടുണ്ടെന്ന് അമ്മ തുളസീ ഭായി പറയുന്നു.
വേണ്ടായെങ്കിൽ ബന്ധം ഒഴിയണമെന്നു പലതവണ അമ്മ പറഞ്ഞുവെങ്കിലും അതുല്യ കേട്ടില്ല. മദ്യപിച്ച് കഴിഞ്ഞാൽ സതീഷ് മറ്റൊരാളായി മാറി ക്രൂരമായി മർദിക്കുമായിരുന്നു. ലഹരി വിടുമ്പോൾ ഇനി കുടിക്കില്ലെന്ന് പറഞ്ഞ് ക്ഷമ ചോദിക്കുന്നതും പതിവായിരുന്നു.
പിന്നീടും മദ്യപിച്ച് സംശയങ്ങൾ നിരത്തി മർദിക്കുമെന്നും അതുല്യയെ ഫ്ലാറ്റിൽ പൂട്ടിയിട്ടാണ് സതീഷ് പുറത്ത് പോകാറുള്ളതെന്നും കുടുംബം ആരോപിക്കുന്നു. മർദിക്കുന്നവീഡിയോ അയച്ച് തരുമായിരുന്നു
മകളെ ഷാർജയിലേക്ക് കൊണ്ടുപോകാൻ വേണ്ടി അതുല്യ നാട്ടിൽ വന്നിരുന്നു. അതിനുള്ള ക്രമീകരണങ്ങൾ നടത്തിയ ശേഷം മൂന്ന് മാസം മുമ്പാണ് തിരികെ ഷാർജയിലേക്കു പോയത്. തുടർന്നും ക്രൂരമായ പീഡനം നടന്നുവെന്ന് സഹോദരിയോടും ബന്ധുക്കളോടും അതുല്യ പറഞ്ഞിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ചവറ തെക്കുംഭാഗം പോലീസ് അതുല്യയുടെ മാതാവിന്റെ മൊഴി രേഖപ്പെടുത്തി കേസ് എടുത്തിട്ടുണ്ട്. ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനങ്ങളെ കുറിച്ചുള്ള വീഡിയോയും വോയിസ് ക്ലിപ്പും പോലീസിന് ബന്ധുക്കൾ കൈമാറി.
ഷാർജയിൽ നിന്നുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം മാത്രമേ അനന്തര നടപടികൾ ഉണ്ടാവുകയുള്ളൂ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്.
അതുല്യയുടെ ശബ്ദസന്ദേശം പുറത്ത്
ചവറ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച ശബ്ദ സന്ദേശം പുറത്ത്.
തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ ധൈര്യമില്ലാത്തത് കൊണ്ട് ചെയ്യാനാകുന്നില്ലെന്നും അതുല്യ ഫോൺ സന്ദേശത്തിൽ പറയുന്നുണ്ട്.