കുവൈറ്റ് പൗരന്മാർക്ക് വീസ നടപടികൾ എളുപ്പത്തിലാക്കി ഇന്ത്യ
അബ്ദുല്ല നാലുപുരയിൽ
Monday, July 14, 2025 4:04 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാർക്ക് ടൂറിസം, ബിസിനസ്, മെഡിക്കൽ, ആയുഷ്, കോൺഫറൻസ് മുതലായ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് ഇ-വീസ സൗകര്യം നടപ്പാക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
ഞായറാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വന്നു. പൂർണമായും ഡിജിറ്റലൈസ് ചെയ്ത അപേക്ഷാ സംവിധാനത്തിലൂടെ കുവൈറ്റ് പൗരന്മാർക്ക് എവിടെ നിന്നും അപേക്ഷകൾ നൽകാവുന്നതാണ്.
അഞ്ചു വർഷത്തേക്കുള്ള ടൂറിസ്റ്റ് വീസ, ഒരു വർഷത്തേക്കുള്ള ബിസിനസ് വിസ, 60 ദിവസത്തേക്കുള്ള മെഡിക്കൽ വീസ, 30 ദിവസത്തേക്കുള്ള കോൺഫറൻസ് വീസ എന്നിവയായിരിക്കും ലഭ്യമാക്കുക.
അഞ്ച് വർഷത്തേക്കുള്ള ടൂറിസ്റ്റ് വീസക്ക് 80 യു എസ് ഡോളർ മാത്രമായിരിക്കും ചാർജ്. 3-4 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ വീസ ലഭ്യമാകും.