മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് എംസിസി
Wednesday, September 10, 2025 4:02 PM IST
മോൺറോവിയ: ലൈബീരിയയുടെ തലസ്ഥാനമായ മോൺറോവിയയിൽ ഓണാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ സമൂഹം. മഹാത്മ കൾച്ചറൽ സെന്റർ(എംസിസി) എന്ന മലയാളി സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷം അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്നു.
പല ദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികളോടൊപ്പം നിരവധി ലൈബീരിയൻ സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. മഹാബലിയെ വരവേൽക്കാൻ എംസിസി അംഗങ്ങളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയോടെയായിരുന്നു പരിപാടിയുടെ തുടക്കം.

ചെണ്ടമേളം, പുലികളി, വർണാഭമായ വേഷവിധാനങ്ങൾ എന്നിവയുമായി ഘോഷയാത്ര സ്കൂൾ മൈതാനത്തിൽ നിന്ന് ഓഡിറ്റോറിയത്തിലേക്ക് നീങ്ങി. തുടർന്ന് നിലവിളക്ക് കൊളുത്തി പരിപാടിക്ക് ഔദ്യോഗിക തുടക്കം കുറിച്ചു.
എംസിസി പ്രസിഡന്റ് ലൂയിസ് ക്ലീറ്റസ് എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ഓണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള വിഡിയോ അവതരണം, കുട്ടികളുടെ ഗ്രൂപ്പ് നൃത്തങ്ങൾ, പാരമ്പര്യഗീതങ്ങൾ, വ്യത്യസ്ത കലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.

എംസിസിയും ലൈബീരിയൻ സുഹൃത്തുക്കളും ചേർന്നുള്ള ബോളിവുഡ് - മോളിവുഡ് ശൈലികളുടെ ആഫ്രോ - ഇന്ത്യൻ ഡാൻസ് ഫ്യൂഷൻ അരങ്ങേറി. പൂക്കളവും ഓണസദ്യയും ഉണ്ടായിരുന്നു. വാഴയിലയിൽ കൈകൊണ്ടു ഭക്ഷണം കഴിച്ചെന്നത് അതിമനോഹരമായ അനുഭവമായിരുന്നു എന്നു ലൈബീരിയൻ അതിഥികൾ അഭിപ്രായപ്പെട്ടു.

എയർ ടിക്കറ്റ് മുതൽ ലാപ്ടോപ്, ടെലിവിഷൻ സെറ്റ്, വിവിധ ഗൃഹോപകരണങ്ങൾ, കാഷ് സമ്മാനങ്ങൾ തുടങ്ങിയ സമ്മാനങ്ങളോടുകൂടിയ റാഫിൾ ഡ്രോയും ഉണ്ടായിരിന്നു. ഇന്ത്യ, ലൈബീരിയ, ലെബനൻ സ്വദേശികളായ വ്യാപാരികളാണ് ഈ സമ്മാനങ്ങൾ സ്നേഹപൂർവം സമർപ്പിച്ചത്.

ഇന്ത്യയുടെ ലൈബീരിയയിലെ അംബാസഡർ മനോജ് ബിഹാരി വര്മ, എംബസി ഉദ്യോഗസ്ഥർ, ലൈബീരിയൻ പ്രതിനിധിയായി ആർട്സ് ആൻഡ് കൾച്ചർ അംബാസഡർ ഹോൺ. കകെറാ എം. കമ്മാരാ, പ്രമുഖ ഇന്ത്യൻ വ്യവസായി ഡോ. ഉപ്ജിത് സിംഗ് സച്ചദേവ (ജീറ്റി) എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഓണാഘോഷങ്ങളുടെ ജനറൽ കൺവീനറും അവെയർ ഇന്റർനാഷനൽ സ്കൂളിന്റെ ചെയർമാനുമായ ഗോപിനാഥൻ പിള്ള നന്ദി അറിയിച്ചു. മഹാത്മ കൾച്ചറൽ സെന്റർ അംഗങ്ങൾക്കും മറ്റു സഹായികൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.