പ്രതീകാത്മക ചിത്രം
ഷിക്കാഗോ: കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ പരിചിതമായ 'അപരൻ' പ്രതിഭാസം അമേരിക്കൻ തെരഞ്ഞെടുപ്പിലും വലിയ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. അലാസ്കയിലെ അമേരിക്കൻ സെനറ്റ് തെരഞ്ഞെടുപ്പിൽ നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സള്ളിവന്റെ അതേ പേരിൽ മറ്റൊരു സ്ഥാനാർഥി മത്സരിച്ചതാണ് ദേശീയശ്രദ്ധ നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ഇരുവരും വോട്ടുകൾ നേടിയതോടെ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടോയെന്ന ചോദ്യം ഉയർന്നിരിക്കുകയാണ്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലെ സെനറ്റർ ഡാനിയൽ എസ്. സള്ളിവൻ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോഴാണ് വിരമിച്ച അധ്യാപകനായ ഡാനിയൽ ജെ. സള്ളിവൻ ജൂനിയർ മത്സരരംഗത്തെത്തിയത്. ഒരേ പേരിലുള്ള രണ്ട് സ്ഥാനാർഥികൾ വോട്ടിംഗ് പേപ്പറിൽ ഇടംപിടിച്ചതോടെ തെരഞ്ഞെടുപ്പിന്റെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നു.
നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിന്റെ നവംബർ നാലിലെ അനൗദ്യോഗിക കണക്കുകൾ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാർഥിയും മുൻ കോൺഗ്രസ് അംഗവുമായ മേരി പെൽറ്റോള നിലവിലെ സെനറ്റർ ഡാൻ സള്ളിവനെക്കാൾ 626 വോട്ടുകൾക്ക് മുന്നിലാണ്. ഇതിനിടെ അപരനായി ആരോപിക്കപ്പെടുന്ന ഡാനിയൽ ജെ. സള്ളിവൻ ജൂനിയർ 3,500-ലധികം വോട്ടുകൾ നേടിയിട്ടുണ്ട്.
പ്രധാന സ്ഥാനാർഥികൾ തമ്മിലുള്ള വ്യത്യാസത്തേക്കാൾ ഏറെ വോട്ടുകൾ അപരന് ലഭിച്ചതാണ് വിവാദത്തിന്റെ പ്രാധാന്യം വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ഈ വോട്ടുകളെല്ലാം നിലവിലെ സെനറ്റർക്കു ലഭിക്കേണ്ടതായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. വോട്ടർമാരുടെ യഥാർത്ഥ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് വ്യക്തമല്ല.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ രണ്ടാമത്തെ സള്ളിവന്റെ സ്ഥാനാർഥിത്വത്തെ റിപ്പബ്ലിക്കൻ നേതാക്കൾ ചോദ്യം ചെയ്തിരുന്നു. വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് സ്ഥാനാർഥിത്വമെന്ന നിഗമനത്തിൽ അലാസ്ക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആദ്യം അദ്ദേഹത്തെ മത്സരത്തിൽനിന്ന് അയോഗ്യനാക്കിയിരുന്നു. എന്നാൽ കോടതി ഇടപെടലിനെത്തുടർന്ന് അദ്ദേഹത്തിന് മത്സരിക്കാൻ അനുമതി ലഭിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപും റിപ്പബ്ലിക്കൻ നേതാക്കളും വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടു. അമേരിക്കൻ നീതിന്യായ വകുപ്പ് തെരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുകയും ഫെഡറൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
എന്നാൽ അപര സ്ഥാനാർഥിയെ മത്സരിപ്പിച്ചതിലൂടെ നിയമലംഘനം നടന്നുവെന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇത്തരം സ്ഥാനാർഥികളെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയതന്ത്രങ്ങൾ അമേരിക്കയിൽ മുമ്പും ഇരുപാർട്ടികളും ഉപയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Tags : American election Deepika DeepikaNewspaper BreakingNews two candidates with the same name in Alaska