എയര്‍ ലിംഗസ്
പാരീസ് / റോം: യൂറോപ്യന്‍ വ്യോമയാന മേഖലയെ ആശങ്കയിലാഴ്ത്തിക്കൊണ്ട് യാത്രാവിമാനത്തിന് നേരെ വീണ്ടും ബോംബ് ഭീഷണി. അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ നിന്ന് ഇറ്റലിയിലെ റോമിലേക്ക് പോവുകയായിരുന്ന ഐറിഷ് വിമാനക്കമ്പനിയായ 'എയര്‍ ലിംഗസിന്റെ' വിമാനമാണ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഫ്രാന്‍സിലെ സൈനിക വിമാനത്താവളത്തില്‍ വ്യാഴാഴ്ച അടിയന്തരമായി ഇറക്കിയത്.
രാവിലെ 6.25ന് ഡബ്ലിനില്‍ നിന്ന് പുറപ്പെട്ട എയര്‍ബസ് എ320214 വിമാനത്തില്‍ 151 യാത്രക്കാരും ആറ് ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രയ്ക്കിടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതോടെ വിമാനം വഴിതിരിച്ചുവിട്ട് നോര്‍മണ്ടിയിലെ എവ്റൂ സൈനിക താവളത്തിലേക്ക് ഇറക്കാന്‍ നിര്‍ദേശം നല്‍കിയതായി ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോര്‍നുവിന്റെ ഓഫീസ് അറിയിച്ചു. ഫ്ലൈറ്റ് റഡാര്‍ (Flightradar) വിവരങ്ങള്‍ പ്രകാരം വിമാനം നിശ്ചിത പാതയില്‍ നിന്ന് മാറി സഞ്ചരിക്കുന്നത് വ്യക്തമായിരുന്നു.
അകമ്പടിയായി ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍
ബോംബ് ഭീഷണി വിവരം ലഭിച്ച ഉടന്‍ തന്നെ ഫ്രഞ്ച് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ ആകാശത്തുയരുകയും യാത്രാവിമാനത്തിന് സുരക്ഷാ അകമ്പടി നല്‍കുകയും ചെയ്തു. വിമാനത്തെ സുരക്ഷിതമായി വഴിതിരിച്ചുവിടാന്‍ തങ്ങളുടെ ദൗത്യസംഘം ഉടനടി രംഗത്തിറങ്ങിയതായി ഫ്രഞ്ച് വ്യോമസേന വ്യക്തമാക്കി.
ആകാശത്ത് അല്പസമയം വട്ടമിട്ടു പറന്ന വിമാനം രാവിലെ പത്ത് മണിയോടെയാണ് നോര്‍മണ്ടിയിലെ സൈനിക വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കിയത്. ഉടന്‍ തന്നെ മുഴുവന്‍ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടര്‍ന്ന് സൈനിക ബോംബ് സ്ക്വാഡ് വിമാനത്തില്‍ വിശദമായ പരിശോധനകള്‍ ആരംഭിച്ചു. ഇതിനിടെ വിമാനം എത്തേണ്ടിയിരുന്ന റോം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം രാവിലെ 10.15 മുതല്‍ 10.45 വരെ അരമണിക്കൂറോളം നിര്‍ത്തിവച്ചു. ഈ സമയത്ത് റോമില്‍ നിന്ന് വിമാനങ്ങളൊന്നും തന്നെ പുറപ്പെട്ടിരുന്നില്ല.
തുടര്‍ക്കഥയാകുന്ന ബോംബ് ഭീഷണികള്‍
യൂറോപ്യന്‍ വിമാനക്കമ്പനികള്‍ക്ക് നേരെ ഈ ആഴ്ച തുടര്‍ച്ചയായി ഉണ്ടാകുന്ന ബോംബ് ഭീഷണികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ ലോട്ട് (LOT), എസ്.എ.എസ് (SAS), വിസ് എയര്‍ (Wizz Air), റയന്‍ എയര്‍ (Ryanair) തുടങ്ങിയ പ്രമുഖ കമ്പനികളുടെ വിമാനങ്ങള്‍ക്കും സമാനമായ ഭീഷണികള്‍ നേരിടേണ്ടി വന്നിരുന്നു. ലണ്ടനില്‍ നിന്നുള്ള ഒരു വിമാനം ഭീഷണിയെത്തുടര്‍ന്ന് വാര്‍സോയില്‍ അടിയന്തരമായി ഇറക്കുകയും, മറ്റൊരു സംഭവത്തില്‍ ഇറ്റാലിയന്‍ യുദ്ധവിമാനങ്ങള്‍ യാത്രാവിമാനത്തിന് അകമ്പടി നല്‍കുകയും ചെയ്തിരുന്നു. ആശ്വാസകരമെന്നു പറയട്ടെ, ഈ സംഭവങ്ങളിലൊന്നും തന്നെ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.
നിലവിലെ രാഷ്ട്രീയ~സുരക്ഷാ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യൂറോപ്പില്‍ അട്ടിമറി ശ്രമങ്ങള്‍, ഡ്രോണ്‍ നുഴഞ്ഞുകയറ്റങ്ങള്‍, വ്യാജ ഭീഷണികള്‍ തുടങ്ങിയ 'ഹൈബ്രിഡ് ഭീഷണികള്‍'വര്‍ധിച്ചുവരുന്നതായി യൂറോപ്യന്‍ സുരക്ഷാ ഏജന്‍സികള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Tags : Bomb threat Deepika DeepikaNewspaper BreakingNews Bomb threat against an aircraft in Europe