പ്രതീകാത്മക ചിത്രം
ഒക്ലഹോമ സിറ്റി: ഒക്ലഹോമ സംസ്ഥാന പ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ചരിത്ര വിജയം. അഞ്ച് നിലവിലെ റിപ്പബ്ലിക്കൻ ജനപ്രതിനിധികളെ പരാജയപ്പെടുത്തിയ ഡെമോക്രാറ്റുകൾ, ആകെ ആറ് പുതിയ സീറ്റുകൾ പിടിച്ചെടുത്ത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും മികച്ച മുന്നേറ്റം കാഴ്ചവച്ചു.
സംസ്ഥാന തലത്തിൽ റിപ്പബ്ലിക്കൻ പാർട്ടി മേധാവിത്വം നിലനിർത്തിയെങ്കിലും, ഹൗസിൽ സീറ്റുകളുടെ എണ്ണം 26 ആയി ഉയർത്താൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞു. 75 സീറ്റുകളോടെ റിപ്പബ്ലിക്കൻമാർ സൂപ്പർ ഭൂരിപക്ഷം നിലനിർത്തിയെങ്കിലും, വിറ്റോ അധികാരം മറികടക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളിൽ ജനപ്രതിനിധി സഭയിൽ ശക്തമായ സ്വാധീനം ചെലുത്താൻ പുതിയ വിജയം സഹായിക്കുമെന്ന് ഡെമോക്രാറ്റിക് സഭാനേതാവ് മെലിസ പ്രോവെൻസാനോ പറഞ്ഞു.
വിദ്യാഭ്യാസം, ഭവന നിർമാണം, വിലക്കയറ്റം, തൊഴിലാളി ക്ഷേമം തുടങ്ങിയ ദൈനംദിന വിഷയങ്ങളിൽ ഊന്നി പ്രവർത്തിച്ചതാണ് ഈ വിജയത്തിന് വഴിയൊരുക്കിയതെന്ന് സ്ഥാനാർഥികൾ പ്രതികരിച്ചു. ഹൗസ് ഡിസ്ട്രിക്റ്റ് 100-ൽ നിന്ന് വിജയിച്ച ചാന്റെ ഗിൽമോർ, ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വനിതയായി മാറി.
Tags : Republican representatives Deepika DeepikaNewspaper BreakingNews Democrats unseat five Republican representatives