ആൻസൻ ബിനോ
ഹെറിഫോഡ്: യുകെയിലെ ഏറ്റവും വലിയ കലാമേളകളിലൊന്നായ 17-ാമത് യുക്മ നാഷണൽ കലാമേളയിൽ കലാപ്രതിഭാ പട്ടം ചൂടി ഹെറിഫോഡ് മലയാളി അസോസിയേഷൻ അംഗം ആൻസൻ ബിനോയി.
ചെൽറ്റൺഹാമിൽ നടന്ന നിരവധി പ്രതിഭകൾ മാറ്റുരച്ച കലാമേളയിൽ ജൂണിയർ വിഭാഗത്തിൽ മിഡ്ലാൻഡ്സ് റീജിയണെ പ്രതിനിധീകരിച്ചാണ് ആൻസൻ മലയാളം ലളിതഗാനത്തിലും പദ്യ പാരായണത്തിലും സമ്മാനം നേടിയത്.
2024ൽ യുഎഇയിൽ നിന്ന് യുകെ ഹെറിഫോഡിൽ എത്തിയ ആൻസനും കുടുംബവും ഹേമയുടെ അംഗത്വം നേടുകയും കലാപ്രവർത്തനങ്ങളിൽ സജീവ സാനിധ്യമറിയയ്ക്കുകയും ചെയ്തു.

ബാല്യകാലം മുതൽ ശ്രീലയം മ്യൂസിക് അക്കാദമിയിൽനിന്നും ഓൺലൈനായി സംഗീതം അഭ്യസിക്കുന്ന ആൻസൻ ഇതിനോടകം യുകെയിലെ വിവിധ സംഘടനകൾ നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടി സംഗീതയാത്ര തുടരുകയാണ്.
കോട്ടയം കുറുപ്പന്തറയിൽ വഴക്കുഴി സ്വദേശികളായ ബിനോയ് - ബീന ദമ്പതികളുടെ മകനാണ് ആൻസൻ. സഹോദരി: അഞ്ജലീന.
ഹെറിഫോഡിലെ സിക്സ്ത് ഫോം കോളജ് വിദ്യാർഥിയായ ആൻസന് യുക്മ ദേശീയ കലാമേളയിൽ ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷത്തിലാണ് ഹെറിഫോഡ് മലയാളികൾ.
പഠനത്തോടൊപ്പം സംഗീതസപര്യയും തുടരുവാൻ തീരുമാനിച്ച ആൻസനൊപ്പം ഉറച്ച പ്രോത്സാഹനവുമായി കുടുംബവും മലയാളി സമൂഹവും ഒപ്പമുണ്ട്.
Tags : AnsonBinoy Kalaprathibha NationalKalamela UUKMA UK NRINews