പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: ന്യൂയോർക്കിലെ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണക്കട്ടികൾ തട്ടിയെടുത്ത കേസിൽ പ്രതിക്കായി ന്യൂയോർക്ക് സിറ്റി പൊലിസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെ തിരിച്ചറിയുന്നതിനായി പൊലിസ് ഇയാളുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
2025 മാർച്ചിലാണ് തട്ടിപ്പിന് തുടക്കം. വയോധികന്റെ കമ്പ്യൂട്ടറിൽ വന്ന വ്യാജ സെക്യൂരിറ്റി അലേർട്ട് വഴി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിക്കുകയായിരുന്നു. ബാങ്കിലെ പണം സുരക്ഷിതമല്ലെന്നും സ്വർണ്ണക്കട്ടികളായി സൂക്ഷിക്കണമെന്നും നിർദ്ദേശിച്ചതനുസരിച്ച് ഇദ്ദേഹം സ്വർണ്ണക്കട്ടികൾ വാങ്ങി. തുടർന്ന് 2025 ഏപ്രിൽ 16-ന് മാൻഹട്ടനിലെ അപ്പർ വെസ്റ്റ് സൈഡിൽ വെച്ച് തട്ടിപ്പുകാരുടെ ഏജന്റിന് സ്വർണ്ണം കൈമാറുകയായിരുന്നു.
ന്യൂയോർക്ക് പോലീസ് നവംബർ 11-ന് പ്രതിക്കായി രേഖാചിത്രം തയാറാക്കി പുറത്തുവിട്ടു. നഗരത്തിൽ സാമനരീതിയിലുള്ള സ്വർണക്കട്ടി തട്ടിപ്പുകൾ ഓഗസ്റ്റിൽ തന്നെ നൂറിലധികം കേസ് കൂടിയതായും നൂറുകോടിയോളം ഡോളർ നഷ്ടപ്പെട്ടതായും പൊലിസ് റിപ്പോർട്ടിൽ പറയുന്നു.
മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഇത്തരം തട്ടിപ്പുകൾ നഗരത്തിൽ വർധിച്ചുവരികയാണെന്നും, പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 1-800-577-TIPS എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലിസ് വ്യക്തമാക്കി. ബാങ്കുകളോ സർക്കാർ ഏജൻസികളോ ഒരിക്കലും പണം സ്വർണമാക്കി മാറ്റാൻ ആവശ്യപ്പെടില്ലെന്നും ഇത്തരം വ്യാജ മുന്നറിയിപ്പുകളിൽ വഞ്ചിതരാകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Tags : Gold bar scam Deepika DeepikaNewspaper BreakingNews Gold bar scam in New York