പരിപാടിയിൽ നിന്ന്
ലണ്ടൻ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ലണ്ടനിൽ വേറിട്ട രീതിയിൽ ആഘോഷിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) യുകെ കേരള ചാപ്റ്റർ. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മഹാത്മാഗാന്ധിയുടെ പ്രതിമയും പരിസരവും വൃത്തിയാക്കിക്കൊണ്ടായിരുന്നു.
പൂക്കളും ദേശീയപതാകകളുമായി പാർലമെന്റ് സ്ക്വയറിലെത്തിയ പ്രവർത്തകർ, സ്വാതന്ത്ര്യദിനാഘോഷത്തോടൊപ്പം സേവനത്തിന്റെയും ശുചിത്വത്തിന്റെയും സന്ദേശവും ഉയർത്തിപ്പിടിച്ചു. മഹാത്മാഗാന്ധി മുന്നോട്ടുവച്ച ശുചിത്വത്തിന്റെയും സേവനത്തിന്റെയും ആശയങ്ങൾ പ്രവർത്തിയിലൂടെ ഓർമിപ്പിക്കുന്നതായിരുന്നു പരിപാടി.
ഗാന്ധിജിയുടെ പ്രതിമയും പരിസരവും വൃത്തിയാക്കുന്നതിൽ നേതാക്കളും പ്രവർത്തകരും ഒരുമിച്ച് പങ്കെടുത്തു. ആഘോഷവേദി എന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്വം ഓർമിപ്പിക്കുന്ന ഇടമായി പാർലമെന്റ് സ്ക്വയർ മാറി.
ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു സ്വാതന്ത്ര്യദിനാഘോഷം. വിവിധ യൂണിറ്റുകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
ദേശീയപതാക ഉയർത്തിയശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും സ്വാതന്ത്ര്യത്തിന്റെ മഹത്തായ പാരമ്പര്യവും അനുസ്മരിച്ചു. ആഘോഷത്തിന്റെ ഭാഗമായി പായസ വിതരണവും നടന്നു.

ദേശീയപതാക ഉയർത്തിയും മധുരം പങ്കിട്ടും രാജ്യസ്നേഹം ആഘോഷിച്ച പ്രവർത്തകർ, അതോടൊപ്പം ഗാന്ധിജിയുടെ പ്രതിമയും പരിസരവും വൃത്തിയാക്കി സേവനത്തിന്റെ സന്ദേശം പകർന്നു. ആഘോഷവും സാമൂഹിക സേവനവും ഒരേ വേദിയിൽ സമന്വയിപ്പിച്ച പരിപാടി പ്രവാസി സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്വവും ഉയർത്തിപ്പിടിച്ചു.
ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സുജു കെ. ഡാനിയേൽ പരിപാടികൾക്ക് നേതൃത്വം നൽകി. ഐഒസി യുകെ വൈസ് പ്രസിഡന്റുമാരായ ഗുർമിന്ദർ റാധവ, സുധാകർ ഗൗഡ്, തമിഴ്നാട് ചാപ്റ്റർ പ്രസിഡന്റ് മുഹമ്മദ് ഖലീൽ എന്നിവർ സംസാരിച്ചു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറിമാരായ അഷറഫ് അബ്ദുള്ള, അജിത് വെൺമണി, സെക്രട്ടറി മെബിൻ പിറവം, പിആർഒ അജി ജോർജ്, അഷറഫ് മൊയ്തീ, ഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡന്റ് ഷൈനു മാത്യു, ജനറൽ സെക്രട്ടറി റെജി നന്ദിക്കാട്ട് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി.
നേതാക്കളായ ജോർജ് ജോസഫ്, ഷിജൻ ജോസഫ്, രാജൻ പടിയിൽ, സ്റ്റീഫൻ റോയ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.