ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
റിയാദ്: പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷയ്ക്ക് ആശ്വാസമായ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പുതുക്കുന്നതിൽ യുഡിഎഫ് സർക്കാർ വ്യക്തമായ നിലപാട് സ്വീകരിക്കാത്തതിൽ കേളി കലാസാംസ്കാരിക വേദി പ്രതിഷേധം രേഖപ്പെടുത്തി. ഇൻഷുറൻസ് പരിരക്ഷ തുടരുന്നതിനായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേളി ആവശ്യപ്പെട്ടു.
നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെ, പുതുക്കുന്നതിനുള്ള നടപടികൾ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് പ്രവാസികൾ ഉയർത്തുന്ന പ്രധാന പരാതി. ഇൻഷുറൻസ് പുതുക്കാനുള്ള സൗകര്യം പോർട്ടലിൽ ലഭ്യമാകാത്തതും ആശങ്ക വർധിപ്പിക്കുന്നു.
പതിനായിരക്കണക്കിന് പ്രവാസി മലയാളികൾ അംഗങ്ങളായ പദ്ധതിയിലൂടെ പ്രതിവർഷം 13,450 രൂപ പ്രീമിയം അടച്ചാൽ അഞ്ചുലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ട്. പ്രവാസികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായകമായ ഈ പദ്ധതി തടസമില്ലാതെ തുടരാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേളി ആവശ്യപ്പെട്ടു.
ഇൻഷുറൻസ് പരിരക്ഷ മുടങ്ങുന്നത് നിരവധി പ്രവാസി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുമെന്നതിനാൽ, പുതുക്കൽ നടപടികൾ ഉടൻ ആരംഭിച്ച് പദ്ധതിയുടെ തുടർച്ച ഉറപ്പാക്കണമെന്നാണ് കേളിയുടെ ആവശ്യം.
Tags : NORKACareInsurance Keli Government NRINews