നസ്രത്ത്: ഇസ്രയേലിലെ നസ്രത്ത് മംഗളവാർത്ത ബസിലിക്കയിൽ കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുനാൾ സമാപിച്ചു. ഇസ്രയേലിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നാം വർഷമാണ് തിരുനാൾ സംഘടിപ്പിച്ചത്.
ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന്റെ മധ്യസ്ഥയായി വിശ്വാസികൾ വണങ്ങുന്ന കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ നടന്നു.
നൂറുകണക്കിന് മലയാളി വിശ്വാസികൾക്കൊപ്പം വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദേശികളും ഇസ്രയേലിലെ ക്രൈസ്തവ വിശ്വാസികളും ചടങ്ങുകളിൽ പങ്കുചേർന്നു. പ്രദക്ഷിണം കാണാനും നിരവധി പേർ എത്തിയിരുന്നു.
ഇന്ത്യൻ ചാപ്ലിൻ കോഓർഡിനേറ്റർ ഫാ. പ്രദീപ് കള്ളിയത്ത് തിരുനാളിന്റെ മുഖ്യനേതൃത്വം വഹിച്ചു. ഫാ. ജയൻ എംസിബിഎസ് വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു.
ഫാ. സെബാസ്റ്റ്യൻ വചനസന്ദേശം നൽകി. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വികാരി ജനറൽ ഫാ. കുട്ടിനോ സഹകാർമികനായി.
നസ്രത്ത് ഇന്ത്യൻ കമ്യൂണിറ്റി വാളണ്ടിയർ ഷൈനി ബാബുവിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുനാളിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
തിരുനാളിനോടനുബന്ധിച്ച് വിശ്വാസികൾക്ക് നേർച്ചഭക്ഷണവും വിതരണം ചെയ്തു.

കേരളത്തിന്റെ വിശ്വാസപാരമ്പര്യത്തിന് നസ്രത്തിൽ ഇടം
കേരളത്തിലെ പ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം നസ്രത്ത് മംഗളവാർത്ത ബസിലിക്കയിൽ പ്രതിഷ്ഠിച്ചിട്ടുള്ളത് മലയാളി വിശ്വാസികൾക്ക് പ്രത്യേക ആത്മീയാനുഭവമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതായി വിശ്വാസികൾ കരുതുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ട തിരുസ്വരൂപങ്ങൾ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ഇവയിൽ കേരളത്തിൽനിന്നുള്ള കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപവും ഉൾപ്പെടുന്നു. ഇസ്രയേലിന്റെ ചരിത്രത്തിൽ കേരളത്തിലെ വിശുദ്ധയുടെ തിരുനാൾ കൊടിയുയർത്തി സംഘടിപ്പിക്കുന്നത് ആദ്യമായാണെന്ന് സംഘാടകർ വ്യക്തമാക്കി.
ഇസ്രയേലിൽ തൊഴിൽ ചെയ്യുന്ന മലയാളികൾക്ക് സ്വന്തം നാടിന്റെ വിശ്വാസപാരമ്പര്യവും ആത്മീയബന്ധവും നിലനിർത്താനുള്ള അവസരം കൂടിയായി തിരുനാൾ മാറി.
നസ്രത്ത് എന്ന വിശുദ്ധ നഗരത്തിൽ കേരളത്തിന്റെ മരിയൻ ഭക്തിപാരമ്പര്യത്തിന് ലഭിച്ച ഈ സാന്നിധ്യം പ്രവാസി മലയാളി സമൂഹത്തിന്റെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും അടയാളമായി.
Tags : Feast KuravilangadMuthiyamma Nazareth FaithfulParticipate NRINews