ജോയ് കെ. തോമസ്
ലണ്ടൻ: നാട്ടിൽ പോയി മടങ്ങിയെത്തിയ ഡോ. ജോയ് കെ. തോമസ് (70) ഹീത്രൂ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പിതാവിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയ മകൻ കാത്തുനിൽക്കുന്നതിനിടെയായിരുന്നു സംഭവം.
റെഡിച്ചിൽ ദീർഘകാലമായി താമസിച്ചിരുന്ന ജോയ് തോമസ് വിമാനമിറങ്ങി ലഗേജ് ശേഖരിക്കുന്നതിനായി കാത്തുനിൽക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ഉടൻതന്നെ വിമാനത്താവളത്തിലെ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് സിപിആർ നൽകിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പൊലിസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടൻ, കവൻട്രി യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് വെയിൽസ് തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം വിവിധ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ലണ്ടനിലെ ബിസിനസ് സ്കൂൾ ഓഫ് ഇംഗ്ലണ്ടിൽ ഗവേഷക വിഭാഗത്തിന്റെ മേൽനോട്ട ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.
യുകെയിലെത്തുന്നതിന് മുമ്പ് തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ പ്രഫസറായി സേവനമനുഷ്ഠിച്ചിരുന്നു.
Tags : JoyKThomas MalayaliCommunity UKMalayalis HeathrowAirport London Obituary