വെസ്റ്റ് എഡ്മെസ്റ്റണിൽനിന്ന് മുറിച്ചെടുത്ത ക്രിസ്മസ് ട്രീ
ന്യൂയോർക്ക്: ലോകപ്രശസ്തമായ ന്യൂയോർക്കിലെ റോക്കഫെല്ലർ സെന്ററിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. 2026-ലെ ക്രിസ്മസ് ട്രീയായി തിരഞ്ഞെടുത്ത 76 അടി ഉയരമുള്ള കൂറ്റൻ വൃക്ഷം നവംബർ അഞ്ച് വ്യാഴാഴ്ച ന്യൂയോർക്ക് സംസ്ഥാനത്തെ വെസ്റ്റ് എഡ്മെസ്റ്റണിൽനിന്ന് മുറിച്ചെടുത്ത് ന്യൂയോർക്ക് സിറ്റിയിലേക്കുള്ള യാത്ര ആരംഭിച്ചു.
ഏകദേശം 75 വർഷം പഴക്കമുള്ള നോർവേ സ്പ്രൂസ് (Norway Spruce) ഇനത്തിൽപ്പെട്ട വൃക്ഷമാണിത്. ഏകദേശം 11 ടൺ ഭാരവും 50 അടി വീതിയുമുള്ള ഈ കൂറ്റൻ ക്രിസ്മസ് ട്രീ വെസ്റ്റ് എഡ്മെസ്റ്റണിലെ റെബേക്ക ഡെക്കറിന്റെ കുടുംബമാണ് സംഭാവന ചെയ്തത്.
പ്രത്യേക ക്രെയിനുകളുടെ സഹായത്തോടെ മുറിച്ചെടുത്ത വൃക്ഷം വലിയ ട്രെയിലറിൽ കയറ്റി ഏകദേശം 200 മൈൽ ദൂരമുള്ള മാൻഹട്ടനിലേക്ക് കൊണ്ടുപോകുകയാണ്. നവംബർ ഏഴ് ശനിയാഴ്ച റോക്കഫെല്ലർ സെന്ററിൽ എത്തുന്ന വൃക്ഷം പ്രത്യേക ക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കും.
ക്രിസ്മസ് ട്രീയുടെ വരവ് ആഘോഷിക്കുന്നതിനായി ശനിയാഴ്ച റോക്കഫെല്ലർ സെന്ററിൽ മീറ്റ് ദ ട്രീ ഡേ എന്ന പേരിൽ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
തുടർന്നുള്ള ആഴ്ചകളിൽ 50,000-ത്തിലധികം വർണാഭമായ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് വൃക്ഷം അലങ്കരിക്കും. മുകളിൽ ഏകദേശം 900 പൗണ്ട് ഭാരമുള്ള സ്വറോവ്സ്കി ക്രിസ്റ്റൽ നക്ഷത്രവും സ്ഥാപിക്കും.
ഡിസംബർ രണ്ട് ബുധനാഴ്ചയാണ് ലോകപ്രശസ്തമായ ക്രിസ്മസ് ട്രീ ലൈറ്റിങ് സെറിമണി നടക്കുന്നത്. അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ലക്ഷക്കണക്കിന് ആളുകൾ ടെലിവിഷനിലൂടെയും ഓൺലൈനിലൂടെയും ചടങ്ങ് വീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1931-ൽ റോക്കഫെല്ലർ സെന്ററിന്റെ നിർമാണത്തൊഴിലാളികൾ ചെറിയൊരു ക്രിസ്മസ് ട്രീ സ്ഥാപിച്ചതോടെയാണ് ഈ ആഘോഷത്തിന്റെ തുടക്കം. 1933-ലാണ് ആദ്യ ഔദ്യോഗിക ലൈറ്റിംഗ് ചടങ്ങ് സംഘടിപ്പിച്ചത്.
2027 ജനുവരി ഒമ്പതുവരെ ക്രിസ്മസ് ട്രീ പൊതുജനങ്ങൾക്ക് കാണാനാകും. തുടർന്ന് വൃക്ഷത്തിന്റെ തടി ഭവനനിർമാണത്തിനായി പ്രവർത്തിക്കുന്ന ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റി (Habitat for Humanity) എന്ന സന്നദ്ധസംഘടനയ്ക്ക് കൈമാറും.
ക്രിസ്മസിന് ആഴ്ചകൾ മാത്രം ശേഷിക്കെ ന്യൂയോർക്ക് നഗരത്തിന്റെ ഹൃദയഭാഗത്ത് എത്തുന്ന കൂറ്റൻ ക്രിസ്മസ് ട്രീ, ലോകമെമ്പാടുമുള്ള സന്ദർശകർക്ക് വീണ്ടും ഉത്സവകാലത്തിന്റെ മനോഹരമായ കാഴ്ചയൊരുക്കും.
Tags : Christmas celebrations Deepika DeepikaNewspaper BreakingNews New York gears up for Christmas celebrations