ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
വാലെറ്റ: മാൾട്ട സർക്കാരിന്റെ 2027ലെ ബജറ്റ് നിർദേശങ്ങളിൽ ആശങ്കയറിയിച്ച് വിദേശ തൊഴിലാളികളും പ്രവാസി സംഘടനകളും സംഘടിപ്പിക്കുന്ന സമാധാന പ്രതിഷേധ കൂട്ടായ്മ ശനിയാഴ്ച തലസ്ഥാനമായ വാലെറ്റയിൽ നടക്കും.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള തേർഡ് കൺട്രി നാഷണൽസ് (ടിസിഎൻഎസ്) പ്രതികൂലമായി ബാധിക്കുന്ന നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. പതിനായിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സമാധാന കൂട്ടായ്മകളിലൊന്നായി പരിപാടി മാറുമെന്നാണ് വിലയിരുത്തൽ. അക്രമങ്ങളോ സംഘർഷങ്ങളോ ഇല്ലാതെ സമാധാനപരമായി ഒത്തുചേർന്ന് തങ്ങളുടെ ആശങ്കകൾ അധികാരികളെ അറിയിക്കുകയാണ് ലക്ഷ്യം.
യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ, അവരുടെ കുടുംബങ്ങൾ, വിദ്യാർഥികൾ എന്നിവരെ ഒരുപോലെ ബാധിക്കുന്നതാണ് പുതിയ ബജറ്റ് നിർദേശങ്ങളെന്നാണ് പ്രവാസി സംഘടനകളുടെ ആരോപണം.
ഏകദേശം അഞ്ചര ലക്ഷം ജനസംഖ്യയുള്ള മാൾട്ടയിൽ ഒന്നര ലക്ഷത്തോളം വിദേശ തൊഴിലാളികളുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും ടൂറിസം മേഖലയിലും നിർണായക പങ്കുവഹിക്കുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ നിയന്ത്രണങ്ങൾ അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ആശങ്ക.
പ്രധാന ആശങ്കകൾ
വർക്ക് പെർമിറ്റ് അപേക്ഷാ ഫീസ് 600 യൂറോയിൽനിന്ന് 800 യൂറോയായി ഉയർത്തിയതാണ് പ്രധാന നിർദേശം. ഇതിനു പുറമെ പുതിയ അപേക്ഷകർക്കും പെർമിറ്റ് പുതുക്കുന്നവർക്കും പ്രതിവർഷം 400 യൂറോ ഇൻഫ്രാസ്ട്രക്ചർ സംഭാവന ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം രാജ്യക്കാർക്ക് ലഭിച്ചിരുന്ന സൗജന്യ പൊതുഗതാഗതം, സൗജന്യ ശിശുപരിപാലനം, പ്രത്യേക ജോലി സമയങ്ങളുമായി ബന്ധപ്പെട്ട ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ ഒഴിവാക്കാനുള്ള നിർദേശവും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും അഡ്മിനിസ്ട്രേറ്റീവ് ഫീസുകളും വർധിപ്പിക്കുന്നതും പ്രവാസികളെ ബാധിക്കും.
പ്രതിമാസം 83 യൂറോ വരെയുള്ള അധിക ഫീസുകൾ ഏർപ്പെടുത്താനുള്ള നിർദേശവും വിദേശ വിദ്യാർഥികളുടെ റെസിഡൻസ് പെർമിറ്റ് ഫീസ് വർധനവും പുതിയ സാമ്പത്തിക ബാധ്യതകൾ സൃഷ്ടിക്കുമെന്നാണ് പ്രവാസി സമൂഹത്തിന്റെ വിലയിരുത്തൽ.
നിരവധി മലയാളി കുടുംബങ്ങളും വിദ്യാർഥികളും തൊഴിലാളികളും താമസിക്കുന്ന മാൾട്ടയിൽ പുതിയ നിർദേശങ്ങൾ ജീവിതച്ചെലവ് കൂടുതൽ വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്.
സർക്കാരിന്റെ ഭാഗത്തുനിന്ന് നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നും വിദേശ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നു.
നിയമപരമായ മാർഗങ്ങളിലൂടെയും യൂറോപ്യൻ പാർലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽ വിഷയമെത്തിച്ചും തങ്ങളുടെ ആവശ്യങ്ങൾ അധികാരികളിലേക്ക് എത്തിക്കാനാണ് കൂട്ടായ്മയുടെ തീരുമാനം.
സമാധാനപരമായ ജനകീയ ഇടപെടലിലൂടെ സർക്കാരിന്റെ നിലപാടിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാൾട്ടയിലെ പ്രവാസി സമൂഹം.