ന്യൂയോർക്ക്: യോങ്കേഴ്സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് സാറ്റുവിക ഡാൻസ് സ്കൂളിന്റെ പത്താം വാർഷിക ആഘോഷം ഗംഭീരമായി.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ പൊൻതിളക്കം പകര്‍ന്നു നല്കി സാറ്റുവിക ഡാൻസ് സ്കൂളിലെ കുട്ടികൾ വിസ്മയം തീർത്തപ്പോൾ അത് കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.
സാറ്റുവിക ഡാൻസ് സ്കൂളിലെ കുട്ടികളുടെ നടന വിസ്മയം കാണികൾക്ക് കലാസ്വാദനത്തിന്റെ മഹത്തായവിരുന്നാണ് നൽകിയത്. ഈശ്വരനെയും ഗുരുവിനെയും സദസിനെയും വണങ്ങി ദേവിക ടീച്ചർ പുഷ്പങ്ങള്‍ അർപ്പിച്ച് ചിലങ്കകൾ പൂജിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.

ഗണപതി സ്തുതിയോടുകൂടിയായിരുന്നു പരിപാടിയുടെ തുടക്കംകുറിച്ചത്. സ്റ്റേറ്റ് സെനറ്റർ ഷെല്ലി മേയർ, അസംബ്ലിമാൻ നദീർ സയേഗാ, ജോസെൻ ജോസഫ്, മിത്രസ് രാജൻ ചീരൻ, മിത്രസ് ഷിറാസ് യൂസഫ്, ഗണേഷ് നായർ, ശ്രീകുമാർ ഉണ്ണിത്താൻ, ഡോ. ജയശ്രീ നായർ, ശിവദാസൻ നായർ, പോൾ ബ്ലിസ്, ബിനു ജോസഫ് പുള്ളിക്കൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ടീനാ അറക്കാത്തു എംസിയായി പ്രവർത്തിച്ചു. പത്താം വാർഷികത്തോട് അനുബന്ധിച്ച് "ജനനി' എന്ന തീം ആണ് തെരഞ്ഞെടുത്തത്. അമ്മയാണ് ലോകം, ദേവി സങ്കല്പത്തിലും ഭൂമി സങ്കല്പത്തിലും നമ്മുടെ രാജ്യമായ ഇന്ത്യ എന്ന തീമിലാണ് ഓരോ ഡാൻസും ചിട്ടപ്പെടുത്തിയിരുന്നത്.
അതുകൊണ്ടു തന്നെ നടൻ കലാരൂപങ്ങളായ തെയ്യം ഉൾപ്പെടെ നിരവധി കലാരൂപങ്ങൾ ഉൾപ്പെടുത്തിയാണ് ഡാൻസ് പ്രോഗ്രാമുകൾ അവതരിപ്പിച്ചത്. ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും സാറ്റുവിക ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്തങ്ങൾ കോർത്തിണക്കിയാണ് പത്താം വാർഷികം ആഘോഷിച്ചത്.

21 വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന ദേവിക ടീച്ചറിന്റെ നിരന്തരമായ അഭ്യാസത്തിലൂടെ അത്ഭുതപ്രതിഭകളായി മാറിയ കുട്ടികളുടെ കലാപ്രകടനങ്ങൾ ഒന്നിന് ഒന്ന് മെച്ചമായാണ് അനുഭവപ്പെട്ടത്.
ശരീര ഭാഷ കൊണ്ടും ലാളിത്യമാര്‍ന്ന അവതരണ ശൈലി കൊണ്ടും കാണികളില്‍ കലാസ്വാദനത്തിന്റെ നൂതനമായ തലങ്ങള്‍ സൃഷ്ടിച്ചണ് ഓരോ ഡാൻസും കടന്നുപോയത്.
ഭാഷയുടെയും വേഷത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന് നമ്മെ ഓര്‍മപ്പെടുത്തുന്ന നൃത്തങ്ങളാണ് ഓരോ കുട്ടികളും അവതരിപ്പിച്ചത്.

അഭിനയത്തിൽ അഭിരുചിയുള്ള കുട്ടികളെ അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ദേവിക ടീച്ചറിന്റെ പരിശ്രമത്തിന്റെ ഫലം ഓരോ കുട്ടികളുടെ നൃത്തചുവടുകളിലും കാണാമായിരുന്നു.
ചടുലമായ നൃത്തചുവടുകളോടെ പ്രേക്ഷകരുടെ മനം കവർന്ന ഡാൻസ് പ്രോഗ്രാമുകൾ, പകരം വയ്ക്കാനില്ലാത്ത വേഷപ്പകർച്ചകളിലൂടെ അഭ്രപാളിയിൽ വിസ്മയം തീർത്ത് കാണികളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച കലാ പ്രകടങ്ങൾ ആയിരുന്നു ഓരോ കുട്ടിയുടെയും.
Tags : Sattvika Dance School 10th Anniversary Celebration USA