ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് പടരുന്ന മാരകമായ എയർപോർട്ട് മലേറിയ ബാധിച്ച് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ വിമാനത്താവളവുമായി ബന്ധപ്പെട്ട കേസുകളിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു.
വിമാനത്താവളത്തിന് സമീപമുള്ള ഷ്വാൻഹൈം മേഖലയിൽ താമസിച്ചിരുന്ന വ്യക്തിയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയതെന്ന് പ്രാദേശിക ആരോഗ്യ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്താവളത്തിന് പുറത്തുള്ള ഒരു പ്രദേശവാസി മലേറിയ ബാധിച്ച് മരിക്കുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ ബാഗേജ് കൈകാര്യം ചെയ്യുന്ന രണ്ട് ജീവനക്കാർ മലേറിയ ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമാനത്താവള ജീവനക്കാരല്ലാത്ത, മറ്റ് വിദേശ യാത്രകൾ നടത്താത്ത രണ്ട് പ്രദേശവാസികളിൽ രോഗം സ്ഥിരീകരിക്കുകയും അതിലൊരാൾ മരണപ്പെടുകയും ചെയ്തത്.
വിമാനത്തിൽ പറന്നെത്തിയ കൊതുക്; അഞ്ച് കിലോമീറ്റർ അകലെയും രോഗബാധ
വിദേശത്തുനിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് പറന്നിറങ്ങിയ വിമാനങ്ങളിലൊന്നിൽ എത്തിയ രോഗാണുബാധയുള്ള അനോഫിലിസ് കൊതുകിൽ നിന്നാണ് ഷ്വാൻഹൈമിലെ താമസക്കാർക്ക് രോഗം പകർന്നതെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
ജർമനിയുടെ ദേശീയ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടായ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കുകൾ പ്രകാരം, മലേറിയ പരത്തുന്ന കൊതുകുകൾക്ക് അഞ്ച് മുതൽ 10 കിലോമീറ്റർ വരെ ദൂരം പറക്കാൻ സാധിക്കും.
പുതിയ രോഗബാധ റിപ്പോർട്ട് ചെയ്ത പ്രദേശം വിമാനത്താവളത്തിൽ നിന്ന് കൃത്യം അഞ്ച് കിലോമീറ്റർ ചുറ്റളവിലാണ്. മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങളെ അധികൃതർ അനുശോചനം അറിയിച്ചു.
മേഖലയിൽ ഭീതി പടർന്നതോടെ വിമാനത്താവളത്തിലും ഷ്വാൻഹൈമിലും സ്ഥാപിച്ചിട്ടുള്ള കെണികളിൽ നിന്ന് പിടികൂടുന്ന കൊതുകുകളെ ജനിതക പരിശോധനകൾക്കായി ആന്റവെർപ്പിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിനിലേക്ക് അയച്ചിരിക്കുകയാണ്.
വൈകുന്ന രോഗനിർണയം അതീവ അപകടകരം
സാധാരണയായി ജർമനിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മലേറിയ കേസുകൾ ആഫ്രിക്കൻ രാജ്യങ്ങളോ മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളോ സന്ദർശിച്ചവരിലാണ് ഉണ്ടാകാറുള്ളത്. എന്നാൽ എയർപോർട്ട് മലേറിയ ബാധിക്കുന്ന രോഗികൾ വിദേശയാത്രകൾ നടത്താത്തതിനാൽ, പനിയോ മറ്റ് അസ്വസ്ഥതകളോ വരുമ്പോൾ മലേറിയയാണെന്ന് ഡോക്ടർമാർ സംശയിക്കാതിരിക്കുകയും രോഗനിർണയം വൈകുകയും ചെയ്യുന്നു.
ഇത് രോഗിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്നു. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ ഇതിനുമുമ്പ് ഇത്തരമൊരു സംഭവം രേഖപ്പെടുത്തിയത് 2023-ലാണ്. ജീവനക്കാർക്കും പരിസരവാസികൾക്കും അസാധാരണമായ പനിയോ വിറയലോ മറ്റ് ലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ ഒട്ടും വൈകാതെ വൈദ്യസഹായം തേടണമെന്നും ഫ്രാങ്ക്ഫർട്ട് എയർപോർട്ട് സാമീപ്യം ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ആരോഗ്യവകുപ്പ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
മലയാളി പ്രവാസികൾ ഉൾപ്പെടെ പതിനായിരങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാൽ കനത്ത ജാഗ്രതയിലാണ് അധികൃതർ.
"എയർപോർട്ട് മലേറിയ' ഭീഷണി; ഡോക്ടർമാർക്ക് മുന്നറിയിപ്പ്
വിദേശ രാജ്യങ്ങളിൽ പോകാത്ത ആളുകളിലും പനിയും അനുബന്ധ ലക്ഷണങ്ങളും കണ്ടാൽ "എയർപോർട്ട് മലേറിയ' എന്ന സാധ്യത കൂടി പരിശോധിക്കാൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർമാർക്കും പൊതുജനങ്ങൾക്കും കർശന നിർദേശം നൽകി.
ഉയർന്ന പനിക്ക് പുറമെ വയറുവേദന, ഛർദ്ദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും മലേറിയയുടേതാകാം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ രോഗം അതീവ ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും നയിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നേരത്തെ രണ്ട് ജീവനക്കാർ മരിച്ചുകഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലെ ആറ് ജീവനക്കാർക്ക് മലേറിയ ബാധിച്ചതായി കണ്ടെത്തിയിരുന്നു. ഇതിൽ രോഗം മൂർച്ഛിച്ച് രണ്ട് പേർ മരണപ്പെടുകയും ചെയ്തു.
ഒരാൾ ജൂലൈ ആദ്യത്തിലും രണ്ടാമത്തെയാൾ ഓഗസ്റ്റിലുമാണ് മരിച്ചത്. ഉഷ്ണമേഖലാ രാജ്യങ്ങളിൽ നിന്ന് എത്തുന്ന വിമാനങ്ങളിലോ ലഗേജുകളിലോ എത്തിപ്പെടുന്ന കൊതുകുകൾ വഴിയാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരത്തിൽ പ്രാദേശികമായി രോഗം പടരുന്നത്.
പുതുതായി രോഗം ബാധിച്ച രണ്ട് പ്രദേശവാസികൾക്ക് വിമാനത്താവളത്തിലെ മുൻ കേസുകളുമായി എന്തെങ്കിലും തരത്തിലുള്ള സമ്പർക്കമുണ്ടോയെന്നും രോഗബാധയുടെ കൃത്യമായ ഉറവിടം എവിടെയാണെന്നും കണ്ടെത്താൻ ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനത്താവള പരിസരങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ അസാധാരണ പനിയോ ലക്ഷണങ്ങളോ ഉണ്ടായാൽ ഉടനടി വൈദ്യസഹായം തേടണമെന്ന് അധികൃതർ അഭ്യർഥിച്ചു.