ഒരു ദ്വീപിലേക്ക് കാലെടുത്തുവയ്ക്കുന്നു,ചുറ്റും മരങ്ങൾ, പച്ചപ്പ്, പ്രകൃതിഭംഗി. പക്ഷേ ആ മരങ്ങളിലൊന്നിൽ നിങ്ങളെ കാത്തിരിക്കുന്നത് ആയിരക്കണക്കിന് വിഷപാമ്പുകൾ ആണെങ്കിലോ? ബ്രസീലിലെ സാവോ പോളോ തീരത്തുനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപ്. പേര് ഇലാ ക്വിമാഡ ഗ്രാൻഡെ. ഈ പേരിനേക്കാൾ ലോകം ഈ ദ്വീപിനെ വിളിക്കുന്നത് 'സ്നേക്ക് ഐലൻഡ്' എന്നാണ്. അതായത് പാമ്പുകളുടെ ദ്വീപ്.
43 ഹെക്ടർ വിസ്തൃതിയുള്ള ഈ ഇവിടെ രണ്ടായിരം മുതൽ നാലായിരം വരെ വിഷപാമ്പുകളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇവിടെ മനുഷ്യനെക്കാൾ കൂടുതൽ ഭയപ്പെടേണ്ടത് ഓരോ മരച്ചില്ലയെയും ഇലകൾക്കിടയിലെ ഓരോ അനക്കത്തെയുമാണ്. ഏറ്റവും വലിയ ഭീഷണി ഗോൾഡൻ ലാൻസ്ഹെഡ് അഥവാ സ്വർണത്തലയൻമാർ എന്നറിയപ്പെടുന്ന വിഷപാമ്പുകളെയാണ്. അത്യധികം അപകടകാരിയാണ് ഇവയുടെ വിഷം. കടിയേറ്റാലുടൻ ഗുരുതരമായ ആന്തരിക രക്തസ്രാവവും കോശനാശവും സംഭവിക്കാം.
ദ്വീപുമായി ബന്ധപ്പെട്ട് നിരവധികഥകള് ബ്രസീലില് പ്രചരിക്കുന്നുണ്ട്. ഏറ്റവും ഭീതിപ്പെടുത്തുന്ന കഥ അവസാനമായി നിയമിക്കപ്പെട്ട ലൈറ്റ് ഹൗസ് ജീവനക്കാരനെയും കുടുംബത്തെയും കുറിച്ചാണ്. ജീവനക്കാരനും ഭാര്യയും അഞ്ചുവയസുകാരനായ മകനുമടങ്ങുന്ന കുടുംബം പാമ്പുകടിയേറ്റ് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്.ഇതോടെ ദ്വീപിൽ സ്ഥിരമായി ജീവനക്കാരെ നിയമിക്കുന്നതും അവസാനിച്ചു.
ഇന്ന് പക്ഷേ ഇവിടേക്ക് ആർക്കും തോന്നിയതുപോലെ പോകാൻ സാധിക്കില്ല.ഗവേഷണത്തിനോ ലൈറ്റ് ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കോ ദ്വീപിലേക്ക് എത്തുന്നവർക്ക് പോലും പ്രത്യേക അനുമതി ആവശ്യമാണ്. നാവികസേനയുടെ സഹായത്തോടെയും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളോടെയുമാണ് പ്രവേശനം.പാമ്പുകടിയേറ്റാൽ ഉപയോഗിക്കാനുള്ള പ്രതിവിഷവും ഉൾപ്പെടെയുള്ള മുൻകരുതലുകൾ ഇവർ സ്വീകരിക്കും.
ഒരിക്കൽ മനുഷ്യർക്ക് പേടിസ്വപ്നമായിരുന്ന ദ്വീപ് ഇന്ന് ലോകത്തിലെ ഏറ്റവും അപൂർവമായ ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നാണ്. മനുഷ്യർക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന ഇവിടെ ആയിരക്കണക്കിന് പാമ്പുകൾ ഇന്നും ജീവിക്കുന്നു.പക്ഷേ ഒരു ചോദ്യം...നിങ്ങൾക്ക് ഒരവസരം ലഭിച്ചാൽ, ഈ പാമ്പുകളുടെ ദ്വീപിലേക്ക് പോകാൻ ധൈര്യമുണ്ടാകുമോ? അതോ... ദൂരെ നിന്ന് കണ്ടാൽ മതിയെന്ന് തീരുമാനിക്കുമോ?
Tags : snakeisland Ilha da Queimada Grande Brazil