പ്രതീകാത്മക ചിത്രം
കലോത്സവ വേദിയിൽ തിരശ്ശീല ഉയരുമ്പോൾ, എല്ലാവരുടെയും കണ്ണ് വേദിയിൽ നിൽക്കുന്ന കുട്ടിയിലേക്ക് ആയിരിക്കും .മുഖത്ത് ചായം പൂശി, കണ്ണെഴുതി, നെറ്റിയിൽ ചന്ദനകുറി തൊട്ട്, ദേവിയെ പോലെ നിൽക്കുന്ന ഒരു കൊച്ചു മിടുക്കി, അല്ലെങ്കിൽ കിരീടം വെച്ച് നിൽക്കുന്ന ഒരു കൊച്ചു മിടുക്കൻ.ആ കുട്ടി ചുവട് വെച്ച് തുടങ്ങുമ്പോൾ സദസ്സ് മുഴുവൻ കയ്യടിക്കും. വിധികർത്താക്കൾ മാർക്ക് എഴുതും. അധ്യാപകർ അഭിമാനത്തോടെ നോക്കി നിൽക്കും. ഒടുവിൽ കുട്ടിക്ക് സമ്മാനം കിട്ടും.പക്ഷെ, മുഖം വരച്ച വിരലുകളെ ആരും കാണാറില്ല.ആ വിരലുകൾ അപ്പോഴും ഗ്രീൻ റൂമിന്റെ ഇരുട്ട് മൂലയിൽ, തറയിൽ തന്നെ ഇരിപ്പുണ്ടാകും.അടുത്ത കുട്ടിയുടെ മുഖത്ത് അടുത്ത സ്വപ്നം വരയ്ക്കാൻ തുടങ്ങിയിട്ടുണ്ടാകും.അയാളാണ് ചമയക്കാരൻ.
കലോത്സവം നടക്കുന്ന സ്കൂളിൽ പുലർച്ചെ നാല് മണിക്ക് ചെന്നാൽ കാണാൻ കഴിയുന്ന ഒരു കാഴ്ചയുണ്ട്.ഗ്രീൻ റൂമായി മാറ്റിയ ക്ലാസ് മുറിയിൽ നിന്ന് ഒരു ചെറിയ വെളിച്ചം കാണാം. കലോത്സവ നഗരി ഉണരും മുൻപേ ,അവിടെ ഒരാൾ ഉണർന്നിരിപ്പുണ്ടാകും.തറയിൽ ഒരു പഴയ തുണി വിരിച്ച്, അതിൽ തന്റെ ലോകം മുഴുവൻ നിരത്തി വെച്ചിരിക്കുന്നു. ചുവപ്പും, മഞ്ഞയും, പച്ചയും, കറുപ്പും നിറങ്ങളിലുള്ള ചായക്കൂട്ടുകൾ. ചെറുതും വലുതുമായ ബ്രഷുകൾ. അതാണ് ഒരു ചമയക്കാരന്റെ ലോകം."രാവിലെ മൂന്ന് മണിക്ക് തുടങ്ങിയതാ. ഇതിനോടകം ആറ് കുട്ടികളെ ഒരുക്കി കഴിഞ്ഞു. ഇനിയും ഇരുപതോളം പേർ ബാക്കി." - ഇതാണ് കലോത്സവ നാളുകളിലെ അവരുടെ പതിവ് വാചകം. കയ്യിലെ ബ്രഷ് ഒട്ടും നിർത്താതെയാണ് ഈ പറച്ചിൽ. ഇതാണ് ആരും കാണാത്ത ആ കലാകാരന്റെ ഒരു ദിവസം.
മുന്നിൽ ഇരിക്കുന്നത് പലപ്പോഴും ഒരു ആറാം ക്ലാസുകാരിയോ,ഏഴാം ക്ലാസുകാരിയോയാ ആയിരിക്കും. ഭരതനാട്യത്തിനുള്ള ചമയമായിരിക്കും. കുട്ടിയുടെ മുഖത്ത് വളരെ ശ്രദ്ധയോടെ അവർ ചായം തൊടും."ഒരു കുട്ടിക്ക് കുറഞ്ഞത് അര മണിക്കൂർ വേണം. കഥകളി ആണെങ്കിൽ ഒന്നര മണിക്കൂർ. അതിനിടയിൽ ചായ കുടിക്കാൻ പോലും സമയം കിട്ടില്ല. ഈ കസേരയിൽ ഇരുന്നാൽ പിന്നെ എഴുന്നേൽക്കുന്നത് വൈകുന്നേരമാണ്." - ഇത് എല്ലാ ചമയക്കാരുടെയും സ്ഥിരം പരാതിയാണ്.പ്രതിഫലത്തിന്റെ കാര്യത്തിലും സ്ഥിതി ഇങ്ങനെ തന്നെ. ഒരു കുട്ടിക്ക് 300 രൂപ മുതൽ 500 രൂപ വരെയാണ് പൊതുവെ ലഭിക്കുന്നത്. ഒരു ദിവസം മുഴുവൻ തറയിൽ ഇരുന്ന്, നടുവ് വേദനിച്ച്, 30 ഓളം കുട്ടികളെ ഒരുക്കിയാൽ കിട്ടുന്ന തുകയിൽ ചായക്കൂട്ട് വാങ്ങാൻ തന്നെ പകുതിയും പോകും. ബാക്കി കൊണ്ടാണ് പലരും കുടുംബം നോക്കുന്നത്.
മുഖംഒരുക്കിയ കുട്ടി സ്റ്റേജിൽ പോയി ഒന്നാം സ്ഥാനം വാങ്ങുമ്പോൾ എന്ത് തോന്നും എന്ന് ചോദിച്ചാൽ, ആ മേഖലയിൽ ഉള്ളവർക്ക് പറയാൻ ഒരേ ഒരു ഉത്തരമേ ഉള്ളൂ.ആദ്യമൊക്കെ വലിയ സന്തോഷമായിരിക്കും. ഓടി ചെന്ന് സ്റ്റേജിന്റെ സൈഡിൽ നിന്ന് നോക്കും. താൻ ഒരുക്കിയ കുട്ടി സമ്മാനം വാങ്ങുന്നത് കാണുമ്പോൾ കണ്ണ് നിറയും.പക്ഷെ പിന്നീട് അത് ഒരു ശീലമായി മാറും. മറക്കപെടാൻ ഉള്ള ശീലം.
കലോത്സവം കഴിയും. എല്ലാവരും സർട്ടിഫിക്കറ്റും ട്രോഫിയുമായി വീട്ടിലേക്ക് പോകും. സ്കൂൾ ഗ്രൗണ്ട് ശൂന്യമാകും.ഗ്രീൻ റൂമിൽ ബാക്കിയാവുന്നത് തറയിൽ വീണ് കിടക്കുന്ന കുറച്ച് ചുവന്ന പൊട്ടുകളും, ചിതറിയ ചായക്കൂട്ടുകളും, തനിച്ച് ബാഗ് പാക്ക് ചെയ്യുന്ന ചമയക്കാരനും മാത്രമായിരിക്കും.അയാൾക്ക് ഒരു സർട്ടിഫിക്കറ്റ് ഇല്ല. ഒരു മെഡൽ ഇല്ല. പത്രത്തിൽ ഫോട്ടോ വരില്ല.പക്ഷെ അന്ന് വേദിയിൽ തിളങ്ങിയ ഓരോ കണ്ണിലും, ആ കണ്ണിലെ ഓരോ തിളക്കത്തിലും, ആ ചുണ്ടിലെ ഓരോ ചിരിയിലും, ആരും കാണാത്ത കലാകാരന്റെ വിരലടയാളം ഉണ്ടായിരിക്കും.സമ്മാനം വാങ്ങാത്ത കലാകാരനാണ് യഥാർത്ഥത്തിൽ ആ സ്റ്റേജിലെ ഏറ്റവും വലിയ കലാകാരൻ.