പശുക്കൾക്കൊപ്പം മുണ്ടാരികൾ
നമ്മുടെ നാട്ടിൽ കേട്ടുകേൾവിയില്ലാത്ത പല ജീവിതരീതികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. ആചാരങ്ങളും വിശ്വാസങ്ങളും ഭക്ഷണരീതികളും ജീവിതസാഹചര്യങ്ങളുമെല്ലാം ഓരോ ജനവിഭാഗത്തെയും വ്യത്യസ്തരാക്കുന്നു. അത്തരത്തിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഒരു ഗോത്രവിഭാഗമാണ് ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിലെ മുണ്ടാരി ഗോത്രം.
അവരുടെ ജീവിതരീതികൾ അടുത്തറിയുന്നതിനനും മനസിലാക്കുന്നതിനുമായി മലയാളി ട്രാവൽ വ്ലോഗർ അരുണിമയും അവരുടെ അടുത്തേക്ക് പോയി. അവിടെ നിന്നും അരുണിമ പങ്കുവച്ച വീഡിയോയിൽ പശുവിന്റെ മൂത്രം ഉപയോഗിച്ച് തലകഴുകുന്ന ദൃശ്യങ്ങളും ഉൾപ്പെട്ടിരുന്നു. വീഡിയോ വൈറലായതോടെ മുണ്ടാരി ഗോത്രത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് സമൂഹമാധ്യമ ഉപയോക്താക്കൾ.
ആരാണ് മുണ്ടാരി ഗോത്രക്കാർ?
പശുക്കളെ ജീവനുതുല്യം സ്നേഹിക്കുന്നവർ, കന്നുകാലികൾക്കൊപ്പം ജീവിതം പങ്കിടുന്നവർ, പശുവിന്റെ മൂത്രം പോലും പരമ്പരാഗത ശുചിത്വ-പരിചരണ രീതികളുടെ ഭാഗമായി ഉപയോഗിക്കുന്നവർ.
പശുവിന്റെ മൂത്രം ഉപയോഗിച്ച് മുടിയും തലയും കഴുകുന്ന രീതി ഇവരുടെ അമ്പരപ്പിക്കുന്ന ആചാരങ്ങളിലൊന്നാണ്. ഇത് കേൾക്കുമ്പോൾ പലർക്കും അമർഷവും വെറുപ്പുമൊക്കെ തോന്നുമെങ്കിലും അവർ ഇതിനെ പവിത്രമായ ഒന്നായാണ് കരുതുന്നത്. പശുവിന്റെ മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ മുടിയുടെ നിറത്തിൽ മാറ്റമുണ്ടാക്കുകയും ഓറഞ്ച് കലർന്ന മഞ്ഞനിറം നൽകുകയും ചെയ്യുന്നു എന്നാണ് ഇവർ വിശ്വസിക്കുന്നത്.
ഭക്ഷണ രീതി
പശുവിൻപാലാണ് പ്രധാന ഭക്ഷണവിഭവം. ചില അവസരങ്ങളിൽ പശുവിന്റെ കഴുത്തിൽനിന്ന് ശേഖരിക്കുന്ന രക്തം പാകംചെയ്തും ഇവർ ഭക്ഷിക്കാറുണ്ട്. കന്നുകാലികളെ വളർത്തുന്നതിനു പുറമേ കൃഷിയും മത്സ്യബന്ധനവും ഇവരുടെ ഉപജീവന മാർഗങ്ങളാണ്.
മുണ്ടാരി ഗോത്രത്തിന് ഇന്ത്യയിലെ മുണ്ട ഗോത്രവുമായുള്ള ബന്ധം?
പേരുകൾ ഏകദേശം സാമ്യമുണ്ടെങ്കിലും ഇവ രണ്ടും വ്യത്യസ്ത ജനവിഭാഗങ്ങളാണ്. കേൾക്കുമ്പോൾ പലർക്കും ഇന്ത്യയിലെ മുണ്ട ഗോത്രവിഭാഗത്തെക്കുറിച്ച് സംശയമുണ്ടാകാം. എന്നാൽ പേരിലെ സാമ്യം മാത്രമാണ് ഇവയെ ബന്ധിപ്പിക്കുന്നത്. ദക്ഷിണ സുഡാനിലെ മുണ്ടാരി ജനതയും ഇന്ത്യയിലെ മുണ്ട (Munda) ആദിവാസി വിഭാഗവും വ്യത്യസ്ത ജനവിഭാഗങ്ങളാണ്. ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ പ്രദേശങ്ങളിലാണ് മുണ്ട ജനവിഭാഗങ്ങൾ കാണപ്പെടുന്നത്. മുണ്ടാരി ജനത നൈലോട്ടിക് ജനവിഭാഗങ്ങളുടെ ഭാഗമാണ്.