ഫിൻലാൻഡ്
വിദേശയാത്രകൾ എളുപ്പമാക്കുക എന്നത് മാത്രമാണോ ഒരു പാസ്പോർട്ടിന്റെ ലക്ഷ്യം? അല്ലെന്നാണ് 'ഗ്ലോബൽ സിറ്റിസൺ സൊല്യൂഷൻസ്' പുറത്തിറക്കിയ 2026-ലെ ഹാപ്പി പാസ്പോർട്ട് സൂചിക നൽകുന്ന ഉത്തരം. വിസ രഹിത യാത്രകൾക്ക് പുറമെ, സ്വന്തം രാജ്യത്തെ ജനങ്ങളുടെ സന്തോഷം, ആരോഗ്യം, സ്വാതന്ത്ര്യം എന്നിവ കൂടി കണക്കിലെടുത്ത് തയ്യാറാക്കിയ പുതിയ റാങ്കിംഗിൽ നോർഡിക് രാജ്യങ്ങൾ തന്നെയാണ് മുൻനിരയിൽ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയിൽ ഫിൻലൻഡ് ഒന്നാം സ്ഥാനത്തും.
യാത്രാ സൗകര്യങ്ങൾക്ക് അപ്പുറം ആളുകൾ സ്വന്തം രാജ്യത്ത് എത്രത്തോളം സന്തോഷത്തോടെയും ആരോഗ്യത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കുന്നു എന്നാണ് ഈ സൂചിക പരിശോധിക്കുന്നത്. സമ്പന്ന രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യമാണ് പാസ്പോർട്ടിന്റെ കരുത്തിനേക്കാളോ പണത്തേക്കാളോ ഉപരിയായി ജനങ്ങളുടെ സന്തോഷവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് എവിടെയെങ്കിലും ജീവിക്കാനോ ജോലി ചെയ്യാനോ ഉള്ള തെരഞ്ഞെടുപ്പുകൾക്കുള്ള അവസരമായാണ് പാസ്പോർട്ടിനെ ഇതിൽ കാണുന്നത്.
സൂചികയിലെ ആദ്യ നാല് സ്ഥാനങ്ങളും നോർഡിക് രാജ്യങ്ങൾ തൂത്തുവാരി. 93.2 പോയിന്റോടെ ഫിൻലൻഡ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, 92.4 പോയിന്റുമായി ഐസ്ലൻഡ് രണ്ടാമതും, 92.1 പോയിന്റുമായി ഡെൻമാർക്ക് മൂന്നാമതും, 89.3 പോയിന്റുമായി നോർവേ നാലാം സ്ഥാനത്തുമെത്തി. ആദ്യ പത്തിൽ ഇടംനേടിയവരിൽ എട്ടു രാജ്യങ്ങളും യൂറോപ്പിൽ നിന്നുള്ളവയാണ്. യൂറോപ്പിന് പുറത്തുനിന്ന് ന്യൂസിലൻഡും സിംഗപ്പൂരുമാണ് ഈ പട്ടികയിൽ ഇടംപിടിച്ച മറ്റ് രണ്ട് രാജ്യങ്ങൾ.
അന്താരാഷ്ട്ര യാത്രാ പ്രവേശനക്ഷമത മാത്രം അളക്കുന്ന സാധാരണ പാസ്പോർട്ട് റാങ്കിംഗുകളിൽ നിന്ന് വ്യത്യസ്തമായി ഈ സൂചിക വളരെ വിശാലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ആറ് മേഖലകളിലായി 50 രാജ്യങ്ങളെയാണ് ഇതിനായി വിലയിരുത്തിയത്. താഴെ പറയുന്ന നാല് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കിയത്.
1. ക്ഷേമം: ജനങ്ങൾ അവരുടെ ജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു എന്നത്.
2. സ്വദേശത്തെ സ്വാതന്ത്ര്യം: ആസ്വദിക്കുന്ന പൗരസ്വാതന്ത്ര്യവും വ്യക്തിഗത തെരഞ്ഞെടുപ്പുകളും.
3. യാത്രാസ്വാതന്ത്ര്യം: പാസ്പോർട്ട് ഉപയോഗിച്ച് പ്രവേശിക്കാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം.
4. സമ്പദ്വ്യവസ്ഥ, ആരോഗ്യം, സുരക്ഷ : വരുമാനം, ആരോഗ്യകരമായ ആയുർദൈർഘ്യം, സമാധാനം എന്നിവ.
ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ രാജ്യത്തിനും 100-ൽ ആണ് സ്കോർ നൽകിയത്. സിംഗപ്പൂരിന് ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നുള്ളതുകൊണ്ട് യാത്രാസ്വാതന്ത്ര്യത്തിൽ ഒന്നാം സ്ഥാനത്താണെങ്കിലും, ജനങ്ങളുടെ ക്ഷേമത്തിലും ആഭ്യന്തര സ്വാതന്ത്ര്യത്തിലും താരതമ്യേന കുറഞ്ഞ സ്കോർ ലഭിച്ചതിനാൽ മൊത്തത്തിലുള്ള പട്ടികയിൽ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അതേസമയം, പാസ്പോർട്ട് അത്ര ശക്തമല്ലെങ്കിലും ജീവിത നിലവാരത്തിലും ആഭ്യന്തര സ്വാതന്ത്ര്യത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കോസ്റ്ററിക്ക മൊത്തത്തിലുള്ള റാങ്കിംഗിൽ 13-ാം സ്ഥാനത്തെത്തി. ഈ സൂചികയിൽ വിലയിരുത്തിയ 50 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല.
Tags : finland HappiestCountry happiestpassport2026 worldshappiestpassport