പ്രതീകാത്മക ചിത്രം
ഒരു കാലത്ത് മലയാളികൾ നഴ്സിംഗ് കഴിഞ്ഞിറങ്ങിയാൽ നേരെ പോകുന്നത് ലണ്ടനിലേക്കായിരുന്നു. മലയാളി നഴ്സില്ലാത്ത ഒരു ആശുപത്രി പോലും യു.കെ.യിൽ ഉണ്ടായിരുന്നില്ല. എന്നാൽ 2026 നവംബറിലെ കണക്കുകൾ പറയുന്നത് ആ കഥ മാറുകയാണെന്നാണ്.
നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (NMC) യുടെ കണക്ക് പ്രകാരം 2024 ൽ 24,000 ഇന്ത്യൻ നഴ്സുമാർ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2026 ൽ അത് 11,000 ആയി കുറഞ്ഞു.
സ്കിൽഡ് വർക്കർ വിസയ്ക്ക് 38,700 പൗണ്ട് (ഏകദേശം 41 ലക്ഷം രൂപ) വാർഷിക ശമ്പളം വേണം. പല ചെറിയ കെയർ ഹോമുകൾക്കും ഇത് താങ്ങാൻ പറ്റുന്നില്ല.
ഫാമിലി വിസ തടസ്സം: നേരത്തെ ഒരു നഴ്സ് പോയാൽ ഭർത്താവിനെയും കുട്ടികളെയും കൂടെ കൊണ്ടുപോകാമായിരുന്നു. ഇപ്പോൾ അതിന് കടുത്ത നിയന്ത്രണമുണ്ട്. യു.കെ.യിൽ തന്നെ ആള് കൂടി,അതോടൊപ്പം അവിടെ തന്നെ നഴ്സിംഗ് പഠിക്കുന്നവരുടെ എണ്ണം കൂടിയതിനാൽ NHS വിദേശ റിക്രൂട്ട്മെന്റ് കുറച്ചു.
പുതിയ പ്രതീക്ഷകൾ
യു.കെ.യിൽ നിയന്ത്രണം കടുത്തതോടെ മലയാളി നഴ്സുമാരുടെ ശ്രദ്ധ മറ്റ് രാജ്യങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ജർമ്മനി
ഇപ്പോഴത്തെ സൂപ്പർ സ്റ്റാർജർമ്മനിയാണ് , ഏറ്റവും കൂടുതൽ അവസരമുള്ള രാജ്യം. GNM, BSc യോഗ്യതയുള്ളവർക്ക് ഒരുപോലെ അവസരമുണ്ട്. 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.NORKA ROOTS ന്റെ Triple Win പദ്ധതി വഴി സർക്കാർ മുഖേന നേരിട്ട് പോകാൻ കഴിയും. ഏജന്റിന് പണം നൽകേണ്ടതില്ല.ജർമ്മൻ ഭാഷയിൽ B1/B2 ലെവൽ ആണ് പ്രധാന യോഗ്യത. എട്ട് മാസം കൊണ്ട് ഭാഷ പഠിക്കാൻ കഴിയും. പഠന കാലയളവിൽ 2,500 യൂറോ വരെ സ്റ്റൈപെൻഡ് ലഭിക്കും. തുടക്ക ശമ്പളം മാസം 2,800 മുതൽ 3,200 യൂറോ വരെ, ഏകദേശം 2.5 ലക്ഷം മുതൽ 2.9 ലക്ഷം രൂപ വരെ.
കാനഡ
കുടുംബത്തോടൊപ്പം സെറ്റിൽ ആകാൻ ,കുടുംബമായി സ്ഥിരതാമസത്തിന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യം കാനഡയാണ്. PR ലഭിച്ചാൽ ജീവിതകാലം മുഴുവൻ അവിടെ താമസിക്കാം. കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കും.NCLEX-RN പരീക്ഷയാണ് പ്രധാന കടമ്പ. മാസ ശമ്പളം 4,500 മുതൽ 5,500 കനേഡിയൻ ഡോളർ വരെ ലഭിക്കും.
ഓസ്ട്രേലിയ
ഉയർന്ന ശമ്പളം ലക്ഷ്യമിടുന്നവർക്ക് ഓസ്ട്രേലിയയാണ് മികച്ചത്. ലോകത്ത് നഴ്സുമാർക്ക് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണിത്.OETയിൽ B ഗ്രേഡും മൂന്ന്മാസത്തെ ബ്രിഡ്ജിംഗ് കോഴ്സും പൂർത്തിയാക്കണം. മാസം 6,500 മുതൽ 7,500 ഓസ്ട്രേലിയൻ ഡോളർ വരെ, അതായത് മൂന്നര ലക്ഷത്തിന് മുകളിൽ ശമ്പളം ലഭിക്കും.
ഇപ്പോൾ പഠിക്കുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
തട്ടിപ്പിൽ വീഴരുത്:
"100% വിസ ഗ്യാരണ്ടി" എന്ന് പറയുന്ന ഒരു ഏജന്റിനെയും വിശ്വസിക്കരുത്. വിസ ഗ്യാരണ്ടി ആർക്കും കൊടുക്കാൻ പറ്റില്ല.
പൈസ കൊടുക്കരുത്:
ജോലി ഓഫർ ലെറ്റർ, കരാർ എന്നിവ കൈയിൽ കിട്ടാതെ ഒരു രൂപ പോലും കൊടുക്കരുത്.
ഭാഷ ഇപ്പോഴേ പഠിക്കൂ:
ഫൈനൽ ഇയർ ആകുമ്പോഴേക്കും ജർമ്മൻ A2 വരെ പഠിച്ചാൽ നിങ്ങൾ ഒരു വർഷം മുന്നിലാണ്.
NORKA യെ സമീപിക്കൂ:
വിദേശ ജോലിക്ക് ആദ്യം പോകേണ്ടത് പട്ടത്തെ NORKA Roots ഓഫീസിലാണ്, അല്ലാതെ ഏജന്റിന്റെ ഓഫീസിലല്ല.
യുകെയുടെ വാതിൽ അടഞ്ഞിട്ടില്ല, അൽപ്പം ഇറുക്കി അടച്ചു എന്ന് മാത്രം. പക്ഷെ ലോകം മുഴുവൻ നിങ്ങൾക്കായി തുറന്നു കിടക്കുകയാണ്. അതിനേക്കാൾ വലിയ, കൂടുതൽ സുരക്ഷിതമായ വാതിലുകൾ ജർമ്മനിയിലും കാനഡയിലും നിങ്ങൾക്കായി തുറന്നു കിടക്കുന്നു. നല്ല മാർക്കോടെ പഠിച്ച്, കൃത്യമായ വഴിയിലൂടെ പോയാൽ നിങ്ങളുടെ വിദേശ സ്വപ്നം ഇനിയും സുരക്ഷിതമാണ്.