അർജന്റീന ഉറുഗ്വായ് മത്സരത്തിൽ നിന്ന്.
റൊസാരിയോ: ലയണൽ മെസി വിരമിച്ചതിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. ആവേശകരമായ സൗഹൃദ മത്സരത്തിൽ ഉറുഗ്വായാണ് 2-1 മുൻ ലോക ചാമ്പ്യൻമാരെ കീഴടക്കിയത്. മികച്ച മുന്നേറ്റങ്ങളും പന്തടക്കത്തിലെ ആധിപത്യവും പുലർത്തിയിട്ടും വിജയം സ്വന്തമാക്കാൻ അർജന്റീനയ്ക്കായില്ല.
നിക്കോ പാസും ജൂലിയൻ അൽവാരസും തിയാഗോ അൽമാഡയും നയിച്ച മുന്നേറ്റനിര തുടക്കം മുതൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മധ്യനിരയിൽ അലക്സിസ് മക്കാലിസ്റ്ററും എൻസോ ഫെർണാണ്ടസും കളി നിയന്ത്രിച്ചു. മറുവശത്ത് ഡാർവിൻ ന്യൂനസ്, റോഡ്രിഗോ ബെന്റൻകൂർ തുടങ്ങിയ പ്രമുഖർ അണിനിരന്ന ഉറുഗ്വായും ശക്തമായ വെല്ലുവിളി ഉയർത്തി. ഇരുടീമുകളും അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഉറുഗ്വായ് മത്സരത്തിൽ ലീഡ് നേടി. 48-ാം മിനിറ്റിൽ അർജന്റീന പ്രതിരോധതാരം ലിയനാർഡോ ബലേർഡിയുടെ സെൽഫ് ഗോളിലൂടെയായിരുന്നു ഉറുഗ്വായുടെ മുന്നേറ്റം. ഫ്രീകിക്ക് പ്രതിരോധിക്കുന്നതിനിടെ ബോക്സിനുള്ളിൽ പന്ത് ക്ലിയർ ചെയ്യാനുള്ള ബലേർഡിയുടെ ശ്രമം സ്വന്തം വലയിലാണ് അവസാനിച്ചത്. ആദ്യ ഗോളിന്റെ ആഘാതത്തിൽനിന്ന് മുക്തമാകും മുമ്പേ ഉറുഗ്വായ് വീണ്ടും വലകുലുക്കി.
53-ാം മിനിറ്റിൽ കോർണറിൽനിന്ന് ലഭിച്ച അവസരം ഹെഡറിലൂടെ വലയിലെത്തിച്ച് മാക്സി അറൗഹോ ലീഡ് രണ്ടാക്കി ഉയർത്തി. രണ്ട് ഗോളിന് പിന്നിലായതോടെ അർജന്റീന ആക്രമണം ശക്തമാക്കി. തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ 73-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ഒരു ഗോൾ മടക്കി. സമനില ഗോളിനായി അർജന്റീന അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഉറുഗ്വായുടെ പ്രതിരോധം മറികടക്കാനായില്ല.
Tags : LionelMessi Argentina Uruguay Football JulianAlvarez DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash