മുംബൈ: 2026-27 സീസണിലേക്കുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സര കലണ്ടർ ബിസിസിഐ പുറത്തിറക്കി. പുരുഷ-വനിതാ വിഭാഗങ്ങളിലെ വിവിധ ഫോർമാറ്റുകളിലുമായി 1,788 മത്സരങ്ങളാണ് ഈ സീസണിൽ അരങ്ങേറുന്നത്. ഓഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയോടെയാണ് പുതിയ ആഭ്യന്തര സീസണിന് കൊടിയേറുക.
ആറ് സോണൽ ടീമുകൾ അണിനിരക്കുന്ന ആവേശകരമായ റെഡ്-ബോൾ ഫോർമാറ്റിലാണ് ഇത്തവണ ദുലീപ് ട്രോഫി പോരാട്ടങ്ങൾ നടക്കുക. ഇതിന് തൊട്ടുപിന്നാലെ ഒക്ടോബർ ഒന്നു മുതൽ ഇറാനി കപ്പ് മത്സരങ്ങൾക്കും തുടക്കമാകും. ഒക്ടോബർ 11ന് ജാർഖണ്ഡിനെതിരെയുള്ള രഞ്ജി ട്രോഫി പോരാട്ടത്തോടെയാണ് കേരളാ സീനിയർ ടീമിന്റെ സീസൺ ആരംഭിക്കുന്നത്.
ഒക്ടോബറിൽ ഒഡീഷ, ബംഗാൾ ടീമുകൾക്കെതിരെയും, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഡൽഹി, സർവീസസ് ടീമുകൾക്കെതിരെയും നടക്കുന്ന മത്സരങ്ങൾക്കും കേരളം തന്നെയാണ് ആതിഥേയത്വം വഹിക്കുന്നത്. സീനിയർ ടീമിന്റെ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി പോരാട്ടങ്ങൾക്ക് പുറമെ ദേശീയതല ടൂർണമെന്റുകൾക്കും ഇത്തവണ സംസ്ഥാനം വേദിയാകും.
സി.കെ. നായുഡു ട്രോഫി, കൂച്ച് ബെഹാർ ട്രോഫി, അണ്ടർ23 പുരുഷ ടി20, കൂടാതെ പെൺകുട്ടികളുടെ അണ്ടർ15, അണ്ടർ19, അണ്ടർ23 വിഭാഗങ്ങളിലെ എലൈറ്റ് ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ടൂർണമെന്റുകളാണ് ഈ സീസണിൽ കേരളത്തിലേക്ക് എത്തുന്നത്.
Tags : bcci domestic calendar venue kerala