ഇല്ലായ്മകളുടെ ബാല്യകാലത്തെ ഓണം. അത്തം മുതൽ വീട്ടിൽ ഓണസദ്യയുണ്ടാകും. തിരുവനന്തപുരം കുമാരപുരത്തെ ചെറിയതും പഴയതുമായ വീടിന്റെ തിണ്ണയിൽ ഞങ്ങൾ ഏഴു സഹോദരങ്ങൾ നിരയായിരുന്നാണ് തൂശനിലയിൽ ഉണ്ണുക. അച്ഛൻ തിരുവോണനാളിൽ മാത്രമേ ഞങ്ങൾക്കൊപ്പം ഉണ്ണാനിരിക്കൂ. പാവം അച്ഛൻ കൂലിപ്പണിക്കുപോയില്ലെങ്കിൽ ഓണത്തിനെന്നല്ല, ഒരു നേരംപോലും ഉണ്ണാൻ വകയുണ്ടാകില്ല.
അന്നും ഇന്നും ഞാൻ തനി വെജിറ്റേറിയനാണ്. അരിയാഹാരം മാത്രം കഴിക്കുന്ന മലയാളി എന്നു പറയാം. ഓണവിഭവങ്ങളിൽ ഏറ്റവും ഇഷ്ടം പരിപ്പും പപ്പടവുമാണ്. ചോറിനു മുകളിൽ മറയിടുംപോലെ പരിപ്പുകറി നിരത്തിയൊഴിക്കും. അതിൽ ഒന്നുരണ്ടു പപ്പടം പൊടിച്ചിളക്കി അവിയലും തീയലും അച്ചാറും തൊട്ട് കഴിക്കും. ഉണ്ടുതീരും വരെ ഇടയ്ക്കിടെ കടിക്കാൻ ഇടതുകൈയിൽ ഒരു പപ്പടം കരുതലായുണ്ടാകും. എല്ലാത്തരം പായസവും ഇഷ്ടമാണ്. സേമിയ പായസം കിട്ടിയാൽ ഒന്നല്ല, രണ്ടു ഗ്ലാസ് കുടിക്കും.
ബാല്യത്തിലെ ഓണക്കാലത്തെക്കുറിച്ച് ഇനിയും പറയാനുണ്ട്. അച്ഛൻ കൊച്ചുവേലു. അമ്മ ഗോമതി. മൂന്നാണും നാലു പെണ്ണുമായി ഏഴു സഹോദരങ്ങളിൽ ഞാൻ മൂന്നാമത്തെയാൾ. അതായത് ആണുങ്ങളിൽ മൂത്തയാൾ.
നിങ്ങളെല്ലാവരും ഇന്ദ്രൻസ് എന്നു സ്നേഹത്തോടെ വിളിക്കുന്ന എന്റെ ഒറിജിനൽ പേര് സുരേന്ദ്രൻ എന്നാണ്. പഠിപ്പ് നാലാം ക്ലാസു വരേയുള്ളുവെന്ന് പ്രത്യേകം പറയട്ടെ. പാവപ്പെട്ട കർഷകരും കൂലിപ്പണിക്കാരും പാർത്തിരുന്ന പത്രാസില്ലാത്ത ഗ്രാമത്തിലാണ് ഞാൻ വളർന്നത്. തെങ്ങോല മേഞ്ഞ് ചാണകം മെഴുകിയ കൂരകളും നാട്ടുവഴികളും പാടങ്ങളും കൃഷിയിടങ്ങളുമുള്ള ഗ്രാമത്തെ അടയാളപ്പെടുത്താൻ ഒരു വായനശാലയും സ്കൂളും കുമാരപുരത്തുണ്ടായിരുന്നു.
പൊന്നോണത്തെ വരവേൽക്കുന്നത് പൂക്കളും പൂക്കളങ്ങളും കടുവാകളിയും ഉൗഞ്ഞാലാട്ടവും തിരുവാതിരയും തുന്പിതുള്ളലുമൊക്കെയാണ്. പൊന്നിൻ ചിങ്ങം എത്തുന്പോഴേ മണ്ണും മനവും മാനവും മുറ്റവും ഓണത്തിമായി നമ്മെ വരവേൽക്കും. അതിരുകളില്ലാത്ത അയൽപ്പറന്പുകളിൽ നിറയെ നിറഭേദമുള്ള ഓണപ്പൂക്കൾ. മുറ്റത്തും നിറയെ പൂക്കൾ. പുരയിടങ്ങളിൽ തെച്ചിയും തുന്പയും നന്ത്യാർവട്ടവും. പൂക്കൾ പറിച്ചെടുക്കാൻ ആരും ആരോടും അനുവാദമൊന്നും ചോദിക്കേണ്ടതില്ല.
കർക്കിടകം മാനമൊഴിയുന്നതോടെ വെള്ളിവിതറുന്ന വെയിൽ കാഞ്ഞ് ഓണത്തുന്പികൾ പറന്നുകളിക്കും. ഓണത്തോടെ പഞ്ഞകര്ക്കിടകം പോയി ഐശ്വര്യകാലം വരികയാണെന്ന പ്രതീതി മനസിലുണ്ടാക്കുന്ന ആശ്വാസം ചെറുതല്ല. അത്തം മുതൽ പൂക്കളവും കളിക്കളവുമുണ്ടാകും. അരിക്കും കറികൾക്കും മാത്രമേ പഞ്ഞമുള്ളു, പൂക്കൾക്ക് ഒരു പഞ്ഞവുമില്ലെന്നു പറഞ്ഞല്ലോ. ഉപ്പേരിക്കുള്ള കുലയും പച്ചക്കറിയും കുറെയൊക്കെ വീടുകളിലുണ്ടാകും. അയൽക്കാർ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ വിഭവങ്ങളും പങ്കുവയ്ക്കും.
അത്തം മുതൽ കളിയാരവങ്ങളും കൈകൊട്ടലും കൂക്കുവിളിയും പതിവാണ്. രാവിലെ തുടങ്ങുന്ന കളി രാത്രിയായാലും തീരില്ല. ഒരു കളി മടുത്താൽ അടുത്തയിനം കളി. ഒരു കൂട്ടർ പിരിഞ്ഞാൽ അടുത്ത കൂട്ടർ വരികയായി.
ഊഞ്ഞാലാടി മടുക്കുന്പോൾ തിരുവാതിര. അതു കഴിഞ്ഞാൽ കിളികളി. വരാനിരിക്കുന്ന പൊന്നോണത്തെ ഓർത്തു കിടന്നാൽ അത്തം മുതൽ ഉറക്കം വരികയില്ല. തിരുവോണത്തിന് നേരം പുലരും മുന്പേ ഉണരും. വീട്ടിലേക്കു മാത്രമല്ല വായനശാലയിലും ആൽത്തറയിലും പൂക്കളം തീർക്കേണ്ടതുണ്ട്. പൂ പറിക്കാൻ വീട്ടിൽ കുട്ടയൊന്നുമുണ്ടാവില്ല. ആനച്ചെവിയൻ ചേന്പിലയിലോ തോർത്തുമുണ്ടിലോ ഒക്കെയാവും പൂക്കൾ പറിച്ചുകൂട്ടുക.
ഓണസദ്യ
തിരുവോണത്തിന് രാവിലെ അമ്മ ദോശയോ ഇഡ്ഡലിയോ തയാറാക്കും. ദോശയെങ്കിൽ കറി തേങ്ങാച്ചമ്മന്തി. ഇഡ്ഡലിയെങ്കിൽ സാന്പാർ. കൂടെ ഒരു ചെറുപഴവും നാലഞ്ച് ഉപ്പേരിയും മൂന്നുനാല് ശർക്കരവരട്ടിയും കിട്ടിയാൽ കുശാൽ.
നെയ്യും പരിപ്പും സാന്പാറും അവിയലും തോരനും പഴവും പായസവുമൊക്കെയുള്ള നീളൻ ഊണ് മാത്രമല്ല ആ ദിവസത്തെ ആഹ്ളാദം. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുത്തനുടുപ്പും നിക്കറും അച്ഛൻ വാങ്ങിത്തരുമെന്ന സന്തോഷദിനം കൂടിയാണ് തിരുവോണം. വിഷുവിനും ഉത്സവത്തിനുമൊക്കെയുള്ള കരുതലായിരുന്നു ഓണപ്പുടവ. അതിനാൽ തിരുവോണം ഓടിവരാനായി കർക്കിടകം മുതലേ കാത്തിരിക്കും.
കാലം ഏറെ മുന്നോട്ടുപോയി. ജീവിതം കൂടുതൽ ഭാരമാകാതിരിക്കാൻ ഞാൻ തയ്യലും നാടകവും പഠിച്ചു. അങ്ങനെ നാട്ടിൽ ഇന്ദ്രൻസ് എന്ന പേരിൽ തയ്യൽക്കട തുടങ്ങി. അക്കാലത്ത് കുറെ നാടകങ്ങളിലും അഭിനയിച്ചു. എന്റെ തണലിൽ അനുജൻമാരും തയ്യൽ പഠിച്ച് ഇതേ ജോലിയിലെത്തി. പിന്നീട് എനിക്കു ജീവിതം സിനിമയും അഭിനയവുമായി. ഞാൻ സിനിമാനടനായശേഷവും തയ്യൽകട ഉപേക്ഷിച്ചില്ല. സിനിമയിലെത്തിയ ആദ്യകാലത്തും ഞാൻ തയ്യൽ ജോലി തുടർന്നു. ഇപ്പോഴും അനുജൻമാർ ഇന്ദ്രൻസ് ടെയിലറിംഗ് മുന്നോട്ടുകൊണ്ടു പോകുന്നുണ്ട്.
ഇനി സിനിമയിലെ ഓണക്കാലത്തെപ്പറ്റി. നാൽപത് വർഷത്തിനിടെ 600 സിനിമകളിൽ ഞാൻ അഭിനയിച്ചു. തിരക്ക് കൂടിയതോടെ വീട്ടിലേക്കു പോകാതെ സിനിമാസെറ്റിൽ തന്നെയാണ് പലവർഷങ്ങളിലും തിരുവോണം. ഇപ്പോൾ പേരാന്പ്രയിലും കാസർഗോട്ടുമൊക്കെയായി മൂന്നു നാലു സെറ്റുകളിൽ ഷൂട്ടിംഗ് തിരക്കിലാണ്. അതിനാൽ ഇക്കൊല്ലവും ഓണം ലൊക്കേഷനിൽതന്നെയെന്നു കരുതുന്നു. ഷൂട്ടിംഗ് തിരക്കേറിയതും സമയബന്ധിതവും ചെലവേറിയതുമായതിനാൽ തിരുവോണ ദിവസവും ഷൂട്ടിംഗിന് അവധികൊടുക്കാനാനാവില്ല. ഓണത്തിന് വിഭവസമൃദ്ധമായ സദ്യ സിനിമ സെറ്റിൽ എത്തിക്കും. എല്ലാവരും കുളിച്ചൊരുങ്ങി കേരളീയ ഉടയാടകൾ അണിഞ്ഞ് സദ്യ കഴിക്കും.
ഷൂട്ടിംഗ് സെറ്റുകളിൽ ഓണസദ്യ കഴിക്കുന്ന വേളയിലൊക്കെ ബാല്യകാലത്തെ ഓണം മനസിലേക്കു വരും. പാവം അച്ഛൻ പകലന്തിയോളം ജോലികഴിഞ്ഞ് വിഭവങ്ങളും പുത്തൻ വസ്ത്രങ്ങളും വാങ്ങിയുള്ള വരവ്. അച്ഛന്റെ വരവിനായി അമ്മയുടെയും ഞങ്ങൾ മക്കളുടെയും കാത്തിരിപ്പ്. ചെറിയ വിറകടുപ്പിൽ അമ്മ തീ ഉൗതി ഓണവിഭവങ്ങൾ പാചകം ചെയ്യുന്ന ദുരിതം.
ഷൂട്ടിംഗ് തിരക്കിനിടയിലും തിരുവോണപ്പുലരിയിൽ ഞാൻ ഭാര്യ ശാന്തകുമാരിയെ വിളിച്ച് ഓണാംശസകൾ പറയും. പിന്നെ മക്കൾ മഹിതയെയും മഹീന്ദ്രനെയും മരുമക്കൾ ശ്രീരാജിനെയും സോബിയെയും വിളിക്കും. കൊച്ചുമക്കളായ ശ്രീഹരിയെയും ശ്രീചരണിനെയും ജാൻവിയെയും വിളിച്ച് ഫോണിൽ ഓണമുത്തം കൊടുക്കും. മകൾ മഹിത ഡെന്റൽ സർജനാണ്. മരുമകൻ ശ്രീരാജ് അധ്യാപകനും. മകൻ മഹേന്ദ്രൻ എൻട്രൻസ് കോച്ചിംഗ് സ്ഥാപനം നടത്തുന്നു. മരുമകൾ സോബി മിംസ് ആശുപത്രിയിൽ ദന്തൽ ഡോക്ടറാണ്.
ഓർമപ്പെടുത്തൽ
ഓരോ തിരുവോണവും എനിക്ക് ഓർമപ്പെടുത്തലിന്റേതാണ്. നടന്നുകയറിയ ഇടുങ്ങിയ ജീവിതപാതകൾ മറന്നിട്ടില്ല. അവിടങ്ങളിലെ ചെടികളും പൂക്കളും മാത്രമല്ല കല്ലും മുള്ളുമൊക്കെ ഓർമയിൽ മായാതെയുണ്ട്. ലോകം എത്ര വിശാലമാണെന്നും ജീവിതം എത്രത്തോളം അനുഭവങ്ങൾ നിറഞ്ഞതാണെന്നും ഓരോ ഓണവും എന്നെ ഓർമിപ്പിക്കുന്നു.
ഓണം മലയാളികൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത വിചാരവും വികാരവുമാണ്. ലോകമെന്പാടുമുള്ള എല്ലാ മലയാളികളെയും ഒന്നിപ്പിക്കുന്ന ആഘോഷം. സാഹോദര്യവും മതമൈത്രിയും പങ്കുവയ്ക്കലും സമ്മാനിക്കുന്ന ഉത്സവം. മലയാളികളുടെ ജീവിതത്തിനും സംസ്കാരത്തിനും പാട്ടുകളും കഥകളും കെട്ടുകഥകളുമൊക്കെയായി ഓണം ഒരുപാടൊരുപാട് അടയാളപ്പെടുത്തലുകൾ സമ്മാനിച്ചിട്ടുണ്ട്. കൃഷിയും വിളവെടുപ്പും ഓണത്തോടു ബന്ധപ്പെട്ടിരിക്കുന്നു. കലയും കളിയും മാത്രമല്ല തൊഴിലും വ്യാപാരവുമൊക്കെ ഓണത്തെ വരവേൽക്കുകയാണ്. കൈനിറയുന്നതും മനം നിറയുന്നതുമായ പൊന്നുത്സവം.
കാലം മാറുന്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ എന്നെ അതിശയിപ്പിക്കുന്നു. അതിൽ പ്രധാനം കേരളത്തിന്റെ കാലാവസ്ഥയിലുണ്ടായ മാറ്റമാണ്. ഓണവെയിലും ഓണനിലാവുമൊക്കെ എവിടെയോ ഒളിച്ചു. പന്ത്രണ്ടു മാസവും കാലം തെറ്റിയ മഴ. ഓണത്തെ അടയാളപ്പെടുത്തുന്ന പൂക്കളും തുന്പിയുമൊക്കെ എവിടെയോ മറഞ്ഞു.
ഇക്കാലത്ത് എല്ലാ ദിവസവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് മലയാളികളെന്നു തോന്നിപ്പോകും. സംസാരിക്കാനും ചിരിക്കാനും സ്നേഹം പങ്കുവയ്ക്കാനും ക്ഷേമം അറിയാനും ആർക്കും നേരമില്ല. അടച്ചിട്ട മുറിയിൽ ടിവിക്കും മൊബൈൽ ഫോണിനും കംപ്യൂട്ടറിനും മുന്നിൽ പേരക്കുട്ടി മുതൽ മുത്തച്ഛൻവരെ ഒറ്റ ഇരിപ്പാണ്. ഓണസദ്യ ഓണ്ലൈനിൽ വാങ്ങിക്കഴിക്കുന്ന കാലമാണല്ലോ ഇത്. ഇതിനൊക്കെ മാറ്റം വരണം. പഴയകാലം പോലെ വീട്ടുകാരും അയൽക്കാരും ബന്ധുക്കളുമൊക്കെ ഒരുമിച്ചുകൂടണം. ഒരുമിച്ച് സദ്യയുണ്ടാക്കണം, ഒരുമിച്ചുണ്ണണം, ഒരുമിച്ച് കളിക്കണം, ഹൃദയം നിറഞ്ഞു ചിരിച്ച് ആശംസകൾ പറയണം. നമ്മുക്കിടയിൽ ജാതിയുടെയോ മതങ്ങളുടെയോ മതിൽക്കെട്ടുകൾ പാടില്ല.
ഒന്നുകൂടി പറയാതെ വയ്യ. ഇക്കൊല്ലം ഓണം ഉണ്ണാനിരുന്നാൽ എനിക്കു വയർ നിറയില്ല. പകരം കണ്ണുകൾ നിറയും. അമ്മ മരിച്ചതിനുശേഷമുള്ള ആദ്യത്തെ ഓണമാണ്. വിശപ്പിന്റെ വിലയറിഞ്ഞ കാലത്തെ അമ്മയുടെ കൈരുചി മറക്കാവുന്നതല്ല. മണ്കലത്തിൽ വേവിച്ച ചോറും ചട്ടിയിൽ തയാറാക്കിയ കറികളും ചിരട്ടത്തവിയിൽ കോരി ഇലയിൽ വിളന്പിത്തന്നതിന്റെ ഓർമ. തയ്യലും സിനിമയുമൊക്കെയായി വരുമാനം ലഭിച്ചു തുടങ്ങിയതു മുതൽ എല്ലാ ഓണത്തിനും അമ്മയ്ക്ക് പുടവയും പണവും കൊടുക്കുക പതിവായിരുന്നു. ഈ ഓണത്തിന് പുടവ വാങ്ങാൻ അമ്മയില്ല. അമ്മയുടെ അസ്ഥിത്തറയിൽ വിതറാൻ ഒരുപിടി പൂക്കളുമായാവും ഞാൻ വീട്ടിലെത്തുക.
തയാറാക്കിയത്: റെജി ജോസഫ്