അന്നന്നത്തെ അപ്പത്തിനും അത്യാവശ്യ മരുന്നിനും വേണ്ടി ദിവസവും 60 കിലോമീറ്റർ കൂകാതെ പായുന്ന ഒരച്ഛന്റെയും മകന്റെയും കഥ കേൾക്കുക.
ഒരു തീവണ്ടി എഞ്ചിൻ പോലെ മുന്നിലോടുന്ന അച്ഛന്റെ തോളിൽ കൈ നീട്ടി പിടിച്ചിരിക്കുകയാണ് കാഴ്ചയില്ലാത്ത മകൻ. ഒരു കെട്ടു ലോട്ടറി ടിക്കറ്റുകളുമായി അതിരാവിലെ വീട്ടിൽനിന്നു തുടങ്ങുന്ന ഇരട്ടഎഞ്ചിൻ യാത്ര സന്ധ്യയോടെ പുറപ്പെട്ട സ്റ്റേഷനിലെത്തുമ്പോൾ കാത്തിരിക്കാൻ അമ്മയുണ്ട്. പത്താം വർഷത്തിലേക്കു കടക്കുകയാണ് അസാധാരണമായ ഈ അതിജീവനവും ആത്മബന്ധവും.
മാന്നാനം പള്ളിയുടെ താഴെയുള്ള ടാറിട്ട വഴിയിലൂടെ അതിവേഗം നടന്നുപോകുന്പോഴാണ് യാദൃച്ഛികമായി ആ കാഴ്ച കണ്ടത്. രണ്ടു മനുഷ്യർ മുന്നിലും പിന്നിലുമായി ഒരു പ്രത്യേക രീതിയിൽ നടന്നുപോകുന്നു. ഒന്നു കൂടി നോക്കി. മുന്നിലുള്ളയാളിന്റെ തോളിൽ കൈപിടിച്ചാണ് പിന്നിലെ ചെറുപ്പക്കാരൻ നടക്കുന്നത്. നാലു കാലുകളും ചുവടുവയ്ക്കുന്നത് ഒരേ രീതിയിൽ. അവ ഒരിക്കലും കൂട്ടിമുട്ടുന്നില്ല.
മേയ്മാസ സൂര്യൻ നാടാകെ തീച്ചൂളയൊരുക്കിയ സമയത്താണ് കക്ഷത്തിലൊരു ബാഗും കൈയിലൊരു കുപ്പി വെള്ളവുമായി ഇവർ വിയർത്തൊലിച്ചു നടക്കുന്നത്. പതിവുകാരും പിന്നെ അച്ഛൻ മുന്നിൽ പിടിച്ചിരിക്കുന്ന ലോട്ടറി ടിക്കറ്റുകൾ കാണുന്ന അപരിചിതരുമൊക്കെ ഇടയ്ക്ക് ഈ വന്ദേ ജീവിത എക്സ്പ്രസിനു പച്ചക്കൊടി കാട്ടി ടിക്കറ്റെടുക്കും. വീണ്ടും യാത്ര തുടരും. അങ്ങനെ ദിവസം കുറഞ്ഞത് 60 കിലോമീറ്റർ.
ഇരുട്ടു വീഴ്ത്തിയ ബൈക്കപകടം
2014ൽ കൂട്ടുകാരനൊപ്പം പിന്നിലിരുന്നു യാത്ര ചെയ്യവേ അമ്മഞ്ചേരിയിൽവച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടമാണ് ഷിയാദിന്റെ കൗമാര സ്വപ്നങ്ങൾക്കു യവനികയിട്ടത്. 21 വയസായിരുന്നു അന്നു പ്രായം. അപകടസ്ഥലത്ത് ഓടിക്കൂടിയവർ, ചോരയിൽ കുളിച്ചിരുന്നതിനാൽ ബൈക്ക് ഓടിച്ചയാളിനെ ആദ്യം ആശുപത്രിയിലേക്കു കൊണ്ടുപോയി. ഷിയാദിന്റെ പരിക്ക് പുറമേ കാണാനില്ലായിരുന്നു.
തല മരച്ചു വഴിയിലിരുന്നതോടെ തൊട്ടുപിന്നാലെ ഷിയാദിനെയും ആശുപത്രിയിലെത്തിച്ചു. തലയ്ക്കു ചെറിയൊരു പരിക്കു മാത്രമെന്നാണു കരുതിയത്. പക്ഷേ, തലയ്ക്കേറ്റ പരിക്ക് ഗുരുതരമായിരുന്നു. കൂടുതൽ പരിശോധനയിൽ തലയ്ക്കുള്ളിലെ ആപത്ത് കണ്ണിൽ ഇരുട്ടായി പടർന്നു.
കോട്ടയം മെഡിക്കൽ കോളജിൽ വലിയ ശസ്ത്രക്രിയ നടത്തിയെങ്കിലും മസ്തിഷ്കത്തിൽനിന്നു കണ്ണിലേക്കുള്ള ഞരന്പുകൾ തളർന്നുകിടന്നു. ബൈക്കിൽനിന്നു തെറിച്ചുവീണപ്പോൾ മങ്ങിയ കാഴ്ചകളും ഇരുട്ടിലേക്കു മറയാൻ അധിക സമയമെടുത്തില്ല. കാഴ്ചശക്തിയും ഓർമയും വീണ്ടെടുക്കാൻ പറ്റില്ലെന്നു കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ വിധിയെഴുതി.
പക്ഷേ, ഓർമശക്തി തിരികെ കിട്ടിയപ്പോൾ തനിക്കു കാഴ്ചയില്ലെന്നു ഷിയാദ് തിരിച്ചറിഞ്ഞു. പിന്നീട് കൂത്താട്ടുകളും ശ്രീധരീയത്തിൽ ആയുർവേദ ചികിത്സ തുടങ്ങി. കണ്ണിന്റെ മറ്റ് അസ്വസ്ഥതകൾ മാറിയെങ്കിലും കാഴ്ച കുറെയെങ്കിലും തിരികെ ലഭിക്കണമെങ്കിൽ നീണ്ടകാലത്തെ ചികിത്സ വേണം. ലക്ഷക്കണക്കിനു രൂപയുടെ ചെലവുണ്ട്. അതിനൊന്നുമുള്ള ശേഷിയില്ല കുടുംബത്തിന്. അങ്ങനെ ചികിത്സ മതിയാക്കി.
കാഴ്ച നഷ്ടപ്പെട്ടത് അംഗീകരിക്കാനാവാതെ വീട്ടിലിരുന്നു കരയുകയും പിന്നീട് നിശബ്ദനാകുകയും ചെയ്ത ഷിയാദിന്റെ സങ്കടങ്ങൾ പരിഹരിക്കാനാകാതെ അച്ഛൻ ഷിബുവും അമ്മ രോഹിണിയും അതിലേറെ വിഷമിച്ചു. അന്ധത, കാഴ്ചയില്ലായ്മക്കപ്പുറം കടുത്ത ഏകാന്തതയുടെയും വാതിലില്ലാ കോട്ടയിൽ ഷിയാദിന്റെ ജീവിതത്തെ തടഞ്ഞുവച്ചു.
ഏകാന്തതയുടെ വിരുന്ന്
കോട്ടയം ജില്ലയിലെ മാന്നാനത്തിനടുത്ത് വേലംകുളം നടുത്തൊട്ടിയിൽ വീട്ടിൽ ഷിയാദ് പഠനത്തിൽ മുന്നിലായിരുന്നു. 10-ാം ക്ലാസിൽ 90 ശതമാനം മാർക്കുണ്ടായിരുന്നു. പിന്നീട് വീട്ടിലെ സാന്പത്തിക പ്രശ്നങ്ങൾ രൂക്ഷമായതോടെ പെയിന്റിംഗ് പണിക്കു പോയിത്തുടങ്ങി. ജീവിതം ഒരുവിധം പച്ചപിടിച്ചു തുടങ്ങിയപ്പോൾ ദുരന്തം ഷിയാദിനെ ബൈക്കിലെത്തി കൊണ്ടുപോകുകയായിരുന്നു. ദീർഘനാളത്തെ ആശുപത്രിവാസം കഴിഞ്ഞു വീട്ടിലെത്തിയതോടെ ജീവിതം മാറി. അവൻ ഓടിനടന്ന വീട്ടിലേക്ക് അച്ഛനും അമ്മയും കൈപിടിച്ചു കയറ്റി.
വീടിനുള്ളിലിരുന്ന് പുറത്തെ ശബ്ദങ്ങൾ കേട്ടപ്പോൾ സങ്കടം സഹിക്കാനാവാതെയായി. പക്ഷികളും മൃഗങ്ങളും കൂട്ടുകാരും വീട്ടുകാരും വാഹനങ്ങളും മഴയും കാറ്റുമെല്ലാം എന്നോ കണ്ടു മറന്ന ഒരു സിനിമയുടെ ശബ്ദരേഖപോലെ അവന്റെ തലയിൽ വന്നിടിച്ചു. ഷിയാദിനു വേദനിച്ചു. അപ്പോൾ കരയാനും ശബ്ദം മാത്രമായി മാറിയ ലോകത്തോട് പരിഭവം പറയാനും തുടങ്ങി. മകൻ തനിച്ചിരുന്നു വർത്തമാനം പറയുന്നതു കേട്ട മാതാപിതാക്കൾ അവൻ കേൾക്കാതെ കരഞ്ഞു. പക്ഷേ, ഷിയാദ് ആ സങ്കടങ്ങളെ ചെവിയിലേക്കു വലിച്ചടുപ്പിച്ചു കണ്ടു. വീണ്ടും മൗനം വീടാകെ നിറഞ്ഞു.
ഇതിനിടെ ആവർത്തിച്ചെത്തുന്ന ന്യുമോണിയയും വില്ലനായി. ഇത്തിരി തണുപ്പു കൂടിയാലോ, മഴ നനഞ്ഞാലോ ഒക്കെ പനി ഓടിയെത്തും. പലപ്പോഴും അതു ന്യുമോണിയയിലെത്തും. അപകടത്തിന്റെ ഫലമായി നെറ്റിയുടെ ഭാഗത്ത് വലിയൊരു കുഴി ചതുപ്പുനിലംപോലെ കിടന്നു. സർജറി നടത്തിയതിന്റെ ശിരസിലെ അടയാളങ്ങൾ മായാതെ കിടന്നു. അണുബാധകൾ ഒഴിയാബാധയായി. പല മരുന്നുകളോടും അലർജിയായി.
മകനെ തനിച്ചിരുത്തി മാതാപിതാക്കൾക്കു ജോലിക്കു പോകാനാവില്ല. ഒരാൾ കാവലിരിക്കണം. മരുന്നിനും ജീവിതച്ചെലവിനും ഒരാളുടെ വരുമാനം തികയില്ല. ആശാരിപ്പണി ചെയ്യുന്ന മൂത്ത സഹോദരൻ സേതു വിവാഹം കഴിച്ച് മാറിത്താമസിച്ചിരുന്നു.
ഷിയാദിന്റെ കണ്ണിലെ ഇരുട്ട് അച്ഛൻ ഷിബുവിന്റെയും അമ്മ രോഹിണിയുടെയും ജീവിതത്തിലേക്കു പടർന്നു. ആളുകളുടെ സഹതാപം ഷിയാദിന്റെ സങ്കടങ്ങളെ കൂട്ടിയതേയുള്ളു. അമ്മ നിരന്തരം അവന്റെ അടുത്തിരുന്നു ധൈര്യപ്പെടുത്തി. അതവനെ യാഥാർഥ്യങ്ങളിലേക്ക് ചേർന്നിരിക്കാൻ സഹായിച്ചു. ഒടുവിൽ അച്ഛൻ അവനുമായി നടക്കാനിറങ്ങി. വീട്ടിലിരുന്നു തനിയെ വർത്തമാനം പറയണ്ട. ഷിബു മകനെയും കൂട്ടി രാവിലെ ഒന്നും രണ്ടും മണിക്കൂർ നടന്നു.
യാത്രകൊണ്ട് ഏകാന്തതയല്ലാതെ വിശപ്പു മാറ്റാനാവില്ലല്ലോ. ലോട്ടറി ടിക്കറ്റ് വിൽപ്പനയെന്ന ആശയം അത്തരം യാത്രകളിലൊന്നിൽ ഓട്ടോറിക്ഷ ഡ്രൈവർമാരാണു പറഞ്ഞത്. ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയുടെ ക്വാർട്ടേഴ്സിലെത്തി ടിക്കറ്റ് വിറ്റു. അവരൊക്കെ സഹകരിച്ചു. പിന്നീട് ആ യാത്രയ്ക്കു നീളം വച്ചു. അതങ്ങനെ മാന്നാനം കഴിഞ്ഞു മുന്നോട്ടുപോയി.
വാര്യമുട്ടം, നേരേകടവ്, വില്ലൂന്നി, കൈപ്പുഴ, നീണ്ടൂർ, കല്ലറ, പെരുന്തുരുത്ത്, ഏറ്റുമാനൂർ, അതിരന്പുഴ...അങ്ങനെ നീണ്ടുപോയി. ഒരുവട്ടം പൂർത്തിയാക്കി അവസാനിക്കുന്നതായിരുന്നില്ല ആ യാത്ര. അത് ദിവസം പലവട്ടം ആവർത്തിച്ചുകൊണ്ടിരുന്നു. വൈകുന്നേരം ആറു മണിയോടെ വീട്ടിൽ തിരിച്ചെത്തും.
കാഴ്ചയുള്ള അന്ധന്മാർ
കാഴ്ചയുള്ള അന്ധന്മാരിൽ ചിലരെങ്കിലും ചോദിക്കാറുണ്ട്. ഇയാൾ എന്തിനാ ചെറുക്കനെ കൊണ്ടുനടക്കുന്നത്? തനിച്ചുനടന്ന് ടിക്കറ്റ് വിറ്റുകൂടേ? അല്ലെങ്കിൽ എവിടെയെങ്കിലും കടയിട്ടു ടിക്കറ്റു വിൽക്കത്തില്ലേ?
അവരോടൊന്നും ഷിബു മറുപടി പറയാൻ നിൽക്കത്തില്ല. ഈ നടപ്പും ലോകത്തെ കേട്ടറിയുന്നതുമാണ് മകന്റെ ജീവിതത്തിലെ പ്രകാശം. അയാൾക്കും മകനില്ലാതെ ഒരു ചുവടു വയ്ക്കാനാവാത്ത അവസ്ഥയായി. അവന്റെ ഏകാന്തതയും സങ്കടവും തീർക്കാനാണ് ആളുകളുടെ നോട്ടങ്ങളെ അവഗണിച്ച് ഇങ്ങനെ നടന്നു തുടങ്ങിയത്. ഒന്നും രണ്ടുമല്ല, ഒന്പതു വർഷങ്ങൾ..!
പിന്നിൽനിന്നു തോളിൽ പതിയുന്ന രണ്ടു കൈകളില്ലാതെ അയാൾക്കിപ്പോൾ നടക്കാനാവാത്ത സ്ഥിതിയായി. ആ സ്പർശമാണ് അയാളുടെ ക്ഷീണമകറ്റുന്നത്. മകന്റെ കൈകൾ അച്ഛന്റെ ശരീരത്തിന്റെ ഭാഗമല്ലാത്ത രണ്ട് അവയവങ്ങളായി മാറി. തന്റെ ചുവടുകൾക്കൊപ്പമുള്ള മകന്റെ പാദപതനങ്ങൾ അയാളുടെ നടപ്പിന്റെ താളമായിക്കഴിഞ്ഞു. തന്റെ ശിരസിനെ തഴുകുന്ന മകന്റെ ശ്വാസോഛ്വാസങ്ങൾ അയാളെ ജീവിക്കാൻ പ്രേരിപ്പിക്കുകയാണ് ഓരോ നിമിഷവും.
ഈ വന്ദേജീവിതയാത്രയ്ക്ക് അപകടങ്ങളുമുണ്ട്. കേൾവിക്കുറവുള്ള ഷിബു ചിലപ്പോൾ പിന്നിൽനിന്നു വാഹനങ്ങൾ വരുന്നത് അറിയാതെ പോകും. ചിലപ്പോഴൊക്കെ അടുത്തെത്തുന്ന വാഹനങ്ങളുടെ ശബ്ദം കേട്ട് മകൻ വിളിച്ചു പറയും. പക്ഷേ, വില്ലൂന്നിയിൽ വച്ച് അങ്ങനെ വന്ന സ്കൂട്ടറിൽനിന്നു രക്ഷപ്പെടാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. രണ്ടുപേരും തെറിച്ചു റോഡിൽ വീണ് ആശുപത്രിയിലായി. അച്ഛന്റെ തലയിൽ തുന്നലിട്ടു കുറച്ചു ദിവസം വീട്ടിലിരിക്കേണ്ടിവന്നു.
ഷിയാദിനു കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് മാന്നാനത്തുനിന്ന് ഓടിയെത്തിയ ഓട്ടോറിക്ഷാ ഡ്രൈവർമാർ എല്ലാ കാര്യത്തിനും മുന്നിലുണ്ടായിരുന്നു. ജീവിതത്തിന്റെ ചെറിയ വേദനകൾപോലും തിരിച്ചറിയാൻ കഴിയുന്നത് പലപ്പോഴും ഇത്തരം മനുഷ്യർക്കാണ്. അവർ വാങ്ങിത്തന്ന സെറ്റിയാണ് വീട്ടിലുള്ളതെന്ന് ഷിയാദ് പല തവണ പറഞ്ഞു.
ലോട്ടറി വിറ്റാൽ 700 രൂപ മുതൽ ആയിരം രൂപവരെ കിട്ടും. അപൂർവം ചില ദിവസങ്ങളിൽ 1200 വരെ കിട്ടിയിട്ടുണ്ട്. ആദ്യമൊക്കെ ആളുകൾ അച്ഛന്റെയും മകന്റെയും കൗതുകയാത്ര കണ്ട് ടിക്കറ്റെടുത്തിരുന്നു. ഇപ്പോൾ കുറച്ചു പതിവുകാരുള്ളതുകൊണ്ടാണ് മുന്നോട്ടു പോകുന്നത്.
കൗതുകങ്ങൾ മാത്രമല്ലല്ലോ ജീവിതം. രണ്ടാഴ്ചയായി ഷിയാദിനു പനിയാണ്. അവനു പനി വന്നാൽ അച്ഛനും പിന്നെ അമ്മയ്ക്കും പനിയാകും. ലോട്ടറി വിൽപന നടക്കാത്തതിനാൽ അത്തരം ദിവസങ്ങളിൽ വരുമാനവുമില്ല. ചെറിയ പനി വകവയ്ക്കാതെ അമ്മ ജോലിക്കുപോയി. വിദേശത്തുള്ള ഒരു കുടുംബത്തിന്റെ നാട്ടിലെ വീടിന്റെ കാര്യങ്ങളാണ് നോക്കുന്നത്. മാസം 7,500 രൂപയാണ് ശന്പളം.
അച്ഛൻ വീണാൽ മകനും വീഴും
കേൾവിക്കുറവിനു പുറമേ അച്ഛനു പലവിധ അസുഖങ്ങളാണ്. മകനോടുള്ള സ്നേഹത്തിന്റെ ബാധ്യതയും ഊർജവുമാണ് അയാളെ മുന്നോട്ടു നയിക്കുന്നത്. മകന്റെ കാലഅച്ഛന്റെ തോളിൽ ബലം കൂടും. പക്ഷേ, പകലന്തിയോളം തന്റെ ചുമലിലുള്ള അവന്റെ കൈകൾ അസാധാരണായൊരു ജൈവബന്ധം സൃഷ്ടിച്ചിട്ടുണ്ടെന്ന് അയാൾക്കറിയാം. അയാൾ വീണാൽ മകനും വീഴും. വേഗത്തിലാണെങ്കിലും ശ്രദ്ധയോടെയാണ് നടപ്പ്. ആരും വീഴരുത്. വഴിയിൽ കാണുന്ന കല്ലും പ്ലാസ്റ്റിക് കുപ്പികളുമൊക്കെ മാറ്റി വഴി തെളിച്ചാണ് അയാൾ പോകുന്നത്. മുണ്ട് മടക്കിക്കുത്തി നടക്കാറില്ല. ഒന്നുരണ്ടു തവണ തട്ടിവീണിട്ടുമുണ്ട്.
എന്തുകൊണ്ടാണ് മുണ്ട് ഇടത്തോട്ട് ഉടുക്കുന്നതെന്നു അച്ഛനോടു ചോദിച്ചാൽ ഷിയാദ് പറയും ""അച്ഛൻ മുസ്ലിമാണ്. അമ്മയെ സ്നേഹിച്ചു കല്യാണം കഴിച്ചതാ കേട്ടോ.'' അച്ഛനാകട്ടെ ഒരു ചിരിയിൽ കാര്യമൊതുക്കി. അതെ വീടിനടുത്തുള്ള ചെറിയ അന്പലത്തിനു മുന്നിലും നീണ്ടൂരിനടുത്ത് മാതാവിന്റെ പള്ളിക്കു മുന്നിലും കൈ കൂപ്പി നിന്നു പ്രാർഥിക്കുന്ന മനുഷ്യൻ. മൂത്ത മകനു സേതുവെന്നും രണ്ടാമത്തെയാൾക്ക് ഷിയാദെന്നും പേരിട്ടു. അച്ഛൻ കൈ കൂപ്പുന്നിടത്തൊക്കെ മകനും കൈ കൂപ്പിനിന്നു പ്രാർഥിക്കും.
രാവിലെ കൃത്യം ഏഴിനു പുറപ്പെടുന്ന ഒരു ഇരട്ട എഞ്ചിൻ തീവണ്ടിപോലെ ഒരു പ്രദേശമാകെ മുടക്കമില്ലാതെ പായുന്ന ഈ അച്ഛനെയും മകനെയും എല്ലാവർക്കും കാര്യമാണ്. അതിരന്പുഴയിലും മാന്നാനത്തും ഏറ്റുമാനൂരിലുമുള്ള എത്രയോ മനുഷ്യർ ഈ യാത്ര കണ്ടു തങ്ങളുടെ ജീവിതത്തെ വിലയിരുത്തിയിരിക്കുന്നു.
കാഴ്ചയുള്ള എത്രയോ പേരുടെ കണ്ണുകളിൽ പൊടിയുന്ന വിഷാദത്തിന്റെ നീർക്കണങ്ങളെ ഈ മനുഷ്യരുടെ അതിജീവനയാത്ര തുടച്ചുനീക്കിയിട്ടുണ്ടാകും. ഈ അച്ഛന്റെ തോളിലമർന്നിരിക്കുന്ന കൈകൾ കണ്ട് എത്രയോ മനുഷ്യർ അവഗണിക്കപ്പെട്ട തങ്ങളുടെ കുടുംബാംഗങ്ങളെ തോളോടും നെഞ്ചോടും ചേർത്തുകാണും. മരവിപ്പുകളാൽ മൂടിക്കിടന്ന സ്നേഹത്തിന്റെ എത്രയോ വിത്തുകളാവാം ഈ നിർധനനായ മനുഷ്യന്റെ കരുതൽമഴ കണ്ടു പൊട്ടിമുളച്ചിട്ടുണ്ടാകുക. അവരുടെ യാത്ര തുടരട്ടെ.
കാഴ്ചയില്ലാത്ത മകന്റെ കണ്ണുകളായൊരാൾ
ചുമലിലെ കൈവിടാസ്നേഹമായൊരാൾ
വിൽക്കുന്ന ഭാഗ്യാക്കങ്ങൾക്കൊപ്പം, സഹസ്രകോടി
നന്മയുള്ള കാഴ്ചയാലുയിർക്കട്ടെ മരവിച്ച പാതകൾ..!
ജോസ് ആൻഡ്രൂസ്