പൊന്നോണത്തിന് അമ്മയുടെ മുഖം
Sunday, August 27, 2023 5:10 AM IST
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് നാലുകെട്ടിലും നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങളും കുടുംബത്തിൽ ധാരാളമുണ്ടായിരുന്നു. ജീവിത കർക്കടകത്തിന്റെ വറുതികൾ ഒരുപാട് ഏൽക്കേണ്ടിവന്നപ്പോഴും എന്റെ അമ്മ ഭവാനിക്കുട്ടി തങ്കച്ചി വാടിയില്ല.
കൂട്ടുകുടുംബ സംവിധാനത്തിന്റെ ഇഴയടുപ്പമാണ് എന്റെ ബാല്യകാല ഓണത്തിനു ഹൃദ്യത സമ്മാനിച്ചിരുന്നത്. ഓണക്കാലത്ത് പുലർച്ചെ കുട്ടികൾ പൂപ്പാടങ്ങൾതോറും ഓടിനടന്നു പൂക്കൾ പറിച്ച് മുറ്റത്ത് പൂക്കളം തീർക്കുന്ന പഴമയുടെ സ്മരണ. വലിയ കുടുംബങ്ങളിലെ രസക്കുറവുകളൊക്കെ ഓണമെത്തുന്പോൾ മാഞ്ഞ് ഇല്ലാതാകും. ഒരുമയോടെ കൈകൾ കോർത്ത് എല്ലാം മറന്ന് പൂക്കളിറുക്കാൻ കുട്ടികൾ ഒന്നിച്ചുകൂടും.
നായർ തറവാടുകളിൽ കൂട്ടുകുടുംബ വ്യവസ്ഥിതിയുണ്ടായിരുന്ന കാലത്താണ് ഹരിപ്പാട് പുന്നൂർ കൊട്ടാരത്തിന്റെ ശാഖയായ കരിന്പാലേത്ത് തറവാട്ടിൽ ഞാൻ ജനിച്ചുവളർന്നത്. അസ്വാരസ്യങ്ങളാൽ പഴയ നാലുകെട്ട് പൊളിച്ചശേഷം അവശേഷിച്ചിരുന്ന ചായ്പിന്റെയും അറക്കൂട്ടിന്റെയും ഭാഗത്തുണ്ടാക്കിയ പുതിയ വീട്ടിലായിരുന്നു പിന്നീട് ഞങ്ങളുടെ താമസം.
എന്റെ ഓണം ഓർമകളെന്നും കരിന്പാലേത്ത് തറവാട്ടിലെ നാലുകെട്ടിലും അതിന്റെ നടുമുറ്റത്തുമൊക്കെ മായാതെയുണ്ട്. കഷ്ടപ്പാടുകളും ദുരിതങ്ങളും കുടുംബത്തിൽ ധാരാളമുണ്ടായിരുന്നു. ജീവിത കർക്കടകത്തിന്റെ വറുതികൾ ഒരുപാട് ഏൽക്കേണ്ടിവന്നപ്പോഴും എന്റെ അമ്മ ഭവാനിക്കുട്ടി തങ്കച്ചി വാടിയില്ല. അമ്മയായിരുന്നു ഓണവിളക്ക്.
കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ പഴമക്കാരുടെ പ്രമാണം. അമ്മയുടെ കാര്യത്തിൽ അത് അപ്പാടെ ശരിയായിരുന്നു. വീട്ടിലെ എന്തെങ്കിലും വക വിറ്റിട്ടാണെങ്കിലും അമ്മ തിരുവോണ നാളിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കിത്തന്നിരുന്നു.
കരിന്പാലേത്ത് പുരയിടത്തിൽ അന്ന് നിറയെ മരങ്ങളുണ്ട്. ആഞ്ഞിലി, പ്ലാവ്, തേക്ക്, പുവരശ്, മാവ്, അത്തി, ഇത്തി, ആവണക്ക്, എലവ് തുടങ്ങി ധാരാളം വൃക്ഷങ്ങൾ. തറവാടിന്റെ അറയിലും നിലവറയിലുമൊക്കെയായി നിറയെ ഓട്ടു വാർപ്പുകളും ഉരുളികളും കുട്ടകങ്ങളും ചെന്പുകളും നിലവിളക്കുകളും ചരുവങ്ങളും ചെന്പുകലങ്ങളും പിച്ചള പാത്രങ്ങളുമൊക്കെയുണ്ടായിരുന്നു. നെല്ലും നാളികേരവും വിറ്റുകിട്ടിയിരുന്ന പണം കൊണ്ടാണ് അമ്മ ഒരുവിധം കുടുംബം പുലർത്തിപ്പോന്നത്.
അച്ഛൻ കളരിക്കൽ കൃഷ്ണപിള്ള പല കാരണങ്ങളാൽ കുടുംബത്തിൽനിന്ന് അകന്നാണ് കഴിഞ്ഞിരുന്നത്. നെല്ലും തേങ്ങയും വിറ്റുകിട്ടിയ പണം ഓണം എത്തുന്പോഴേക്കും തീർന്നുപോയിട്ടുണ്ടാകും. അമ്മ ഒട്ടും വൈകാതെ പുരയിടത്തിലെ ഏതെങ്കിലുമൊരു വലിയ മരം വെട്ടി വിൽക്കും. അതല്ലെങ്കിൽ ഒന്നോ രണ്ടോ പാത്രങ്ങൾ വിൽക്കും.
അങ്ങനെ കാണം വിറ്റും അമ്മ ഓണം ഞങ്ങൾക്കായി ഒരുക്കി. ഓണക്കോടിയും ഓണസദ്യയും കെങ്കേമമാക്കി. പൊന്നോണത്തെ മാടിവിളിക്കുന്ന അത്തം മുതൽ കരിന്പാലേത്ത് വീട്ടിൽ ഒരുക്കങ്ങൾ തുടങ്ങും. പൂവായ പൂവെല്ലാം പൂക്കളത്തിൽ നിറച്ചുതുടങ്ങുന്ന അത്തപ്പുലരി മുതൽ അമ്മതന്നെയാണ് പൂവിടീലിനു മക്കൾക്ക് ഒപ്പം നിന്നിരുന്നത്. ആവണിപ്പലകയുടെ ആകൃതിയിൽ പൂക്കുന്ന് ഉണ്ടാക്കുന്നതിനും പൂക്കുന്നിനു മുകളിൽ തുന്പയും ചെത്തിയും ചെന്പരത്തിയുമൊക്കെ നിരത്തുന്നതിനും അമ്മതന്നെ കരുതലായി നിന്നു. മണ്ണുകുഴച്ച് ഓണത്തപ്പനെ ഉണ്ടാക്കുന്പോഴും പൂവട നേദിക്കുന്പോഴും നിർദേശങ്ങൾ നൽകി കരുതലോടെ കൂടെയുണ്ടാകും അമ്മ.
ഓണനാളുകളിൽ ഞങ്ങൾക്ക് എല്ലാ കൂട്ടം പലഹാരങ്ങളും വേണം. വിളഞ്ഞു പാകമായ ഏത്തക്കായ വാങ്ങി അമ്മ ഉപ്പേരി വറുക്കും. കായയും ശർക്കരയും പാകത്തിനു ചേർത്ത് ശർക്കരവരട്ടിയുണ്ടാക്കും. അരിമുറുക്കും തയാറാക്കും.ഞങ്ങൾ സഹോദരങ്ങളായ ചെല്ലപ്പനും (നോവലിസ്റ്റ് പി.വി.തന്പി) ഗോപാലകൃഷ്ണനും (അഡ്വ.പി.ജി. തന്പി) ഞാനും കൊതിയോടെ ആ കൈപ്പുണ്യം നോക്കിയിരിക്കും. ഇളയ സഹോദരങ്ങളായ തുളസീഭായി തങ്കച്ചിയും ഡോ. പ്രസന്ന വദനൻ തന്പിയും അന്നു ജനിച്ചിട്ടില്ല.
വല്യേട്ടനായ ചെല്ലപ്പന് എന്നേക്കാൾ ആറു വയസ് കൂടുതലുണ്ട്. നാവു തിരിയാത്ത പ്രായത്തിൽ വലിയ കൊച്ചേട്ടന് അസുഖം വന്നപ്പോൾ ഉവ്വാവുള്ള കൊച്ചാട്ടനെന്ന അർഥത്തിൽ വാവൂത്തത്തൻ എന്നാണ് ഞാൻ വിളിച്ചിരുന്നത്. വല്യേട്ടന്റെ അവസാന കാലംവരെയും ആ വിളി തുടർന്നു. പി.ജി. തന്പി എനിക്ക് പ്രിയപ്പെട്ട കൊച്ചാട്ടനായിരുന്നു. അമ്മയും സഹോദരങ്ങളും എന്നെ ശ്രീമാരൻ എന്നാണ് വിളിക്കുക.
അരിമുറുക്ക് തയാറാക്കുന്നതിനിടെ മാവ് കൈയിലെടുത്ത് കരവിരുതോടെ പല ജന്തുക്കളുടെയും രൂപങ്ങളുണ്ടാക്കുന്ന കുസൃതി അമ്മ ഞങ്ങൾക്കു മുന്നിൽ നടത്തിയിരുന്നു. എലിയും പൂച്ചയും ഓന്തും നായ്ക്കുട്ടിയുമെല്ലാം മാവിൽ മുറുക്കായി മാറുന്പോൾ ഞങ്ങൾ ആർത്തു ചിരിക്കും. തിരുവോണത്തിനു മാവേലിത്തന്പുരാൻ എഴുന്നള്ളുന്പോഴേക്കും കുട്ടികളെല്ലാം കുളിച്ചൊരുങ്ങി ഓണക്കോടി അണിഞ്ഞ് ചന്തത്തിൽ നിൽക്കണമെന്ന് അമ്മയ്ക്കു നിർബന്ധമുണ്ടായിരുന്നു.
തിരുവോണമെന്നു കേൾക്കുന്പോൾ അമ്മയുടെ മുഖമാണ് അന്നും ഇന്നും ഉളളിൽ നിറയുന്നത്. ഞങ്ങൾ മക്കൾ വളർന്ന് പല തലങ്ങളിലെത്തിയപ്പോഴും അമ്മ മാത്രം മാറിയിരുന്നില്ല. ഓണം അടുക്കാറാകുന്പോഴേ അമ്മ പറയും, എത്ര തിരക്കുണ്ടെങ്കിലും നിങ്ങളെല്ലാവരും ഓണത്തിന് ഒന്നിച്ചുകൂടണമെന്ന്. സിനിമാരംഗത്ത് ഗാനരചനയും സംവിധാനവും തിരക്കഥയെഴുത്തുമായി തിരക്കിലായിരിക്കുന്പോഴും ഓണത്തിന് അമ്മയുടെ അടുത്തേക്ക് ഞാനും എത്തിയിരുന്നു.
അച്ഛനും അമ്മയും ജീവിച്ചിരുന്ന കാലത്ത് ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നാണ് തിരുവോണസദ്യ ഉണ്ടിരുന്നത്. 1983ൽ അച്ഛൻ മരിച്ചു. 2002ൽ അമ്മയും. അമ്മവിളക്ക് അണയുംവരെ എല്ലാ ഓണത്തിനും മക്കളെല്ലാവരും പുടവയുമായി അമ്മയുടെ അടുത്തെത്തിയിരുന്നു.
പ്രായം എത്തിയശേഷവും ഓണത്തിന് ഞങ്ങൾ സഹോദരങ്ങൾ വീട്ടിലെ കുട്ടികളായി മാറും. ഓണസദ്യ കഴിഞ്ഞാലുടൻ വാവൂത്തത്തനും കൊച്ചാട്ടനും തന്പിയും ഞാനും ചീട്ട് കളിക്കും. വലിയ ദേഷ്യക്കാരനായിരുന്ന വാവൂത്തത്തൻ ഞങ്ങൾ ഇളയവരെയെല്ലാം തല്ലുകയും ശകാരിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാൽ സദ്യ കഴിഞ്ഞുള്ള ചീട്ടുകളിയിൽ പ്രായഭേദങ്ങളും പദവികളുമൊക്കെ മറക്കും.
അന്ന് വാവൂത്തത്തൻ ഞങ്ങൾക്ക് കൂട്ടുകാരനെപ്പോലെയാകും. ചീട്ടുകളിയിൽ കള്ളത്തരം കാട്ടുന്ന വാവൂത്തത്തനെ കയ്യോടെ പിടികൂടാനുളള സ്വാതന്ത്ര്യം ഓണനാളിൽ ഞങ്ങൾ ഇളയവർക്കുണ്ടായിരുന്നു എന്നും കുറിക്കട്ടെ.
ശ്രീകുമാരൻ തന്പി
....................................................................................................................................................................................
മണിമുറ്റത്ത് ആവണിപ്പാട്ടുകൾ
മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങൾ ശ്രീകുമാരൻ തന്പി മലയാളികൾക്ക് സമ്മാനിച്ചു. മുപ്പത് സിനിമകൾ സംവിധാനം ചെയ്തു. എഴുപത്തെട്ട് തിരക്കഥയെഴുതി. ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരന്പരകളും നിർമിച്ചു. നാല് കവിതാസമാഹരങ്ങളുടെയും രണ്ടു നോവലുകളുടെയും രചയിതാവുകൂടിയാണ്.
ശ്രീകുമാരൻ തന്പിക്ക് ഓണം സമൃദ്ധിയും ഉത്സവവും പ്രണയവുമാണ്. അത് വിരഹമാണ്, കാത്തിരിപ്പിനു ശേഷമുള്ള ഹൃദയങ്ങളുടെ ഒന്നുചേരലുമാണ്. മന്ദംമന്ദം ഓമനക്കാൽ വച്ച് ഓണം മലയാളത്തിരുമുറ്റത്ത് എത്തുന്പോൾ മലയാളികൾ എക്കാലത്തും ആസ്വദിക്കുന്നത് ശ്രീകുമാരൻ തന്പിയുടെ ഓണപ്പാട്ടുകൾതന്നെ. അത്തം പുലരുന്പോൾത്തന്നെ അറിയാതെ പാടിപ്പോകും...
“പൂവിളി പൂവിളി പൊന്നോണമായി...’’ മഹാബലി പ്രജകളെ കാണാനെത്തുന്ന പൊന്നോണനാളിൽ
തിരുവോണ പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റം അണിഞ്ഞൊരുങ്ങി
തിരുമേനി എഴുന്നള്ളും സമയമായി
ഹൃദയങ്ങൾ അണിഞ്ഞൊരുങ്ങി... എന്നാണല്ലോ ഏവരും പാടുക.
1969ൽ ശ്രീകുമാരൻ തന്പി-ദക്ഷിണാമൂർത്തി കൂട്ടുകെട്ടിൽ പിറന്ന മധുരഗീതം കാസറ്റിലെ “തുയിലുണരൂ തുയിലുണരൂ തുന്പികളേ...’’ മുതൽ ഈ ഓണത്തിന് യേശുദാസും ശ്വേതാ മോഹനും ചേർന്നു പാടിയ പൊന്നോണത്താളം ആൽബത്തിലെ “ഉണരും ഓർമതൻ പൂക്കളം ഉയരും പൂവിളിമേളനം...’’ വരെ നീളുന്നു പൂപ്പൊലിയായി തന്പിയുടെ പെന്നോണപ്പാട്ടുകൾ.
1983ൽ തരംഗിണി പുറത്തിറക്കിയ ‘ഉത്സവഗാനങ്ങൾ’ കാസറ്റിലെ “ഉത്രാടപൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ ഇത്തിരി പാൽചുരത്താൻ വാ വാ ...’’ എന്ന ഗാനം ഇത്തിരിയല്ല ഓണസൗന്ദര്യം ചൊരിയുന്നത്. പായിപ്പാട്ടാറ്റിലെ വള്ളംകളിപോലുള്ള ആഘോഷത്തിമിർപ്പിൽ മാത്രമല്ല “എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ...’’, “മുടിപ്പൂക്കൾ വാടിയാലും എന്നോമനേ...’’ തുടങ്ങിയ പ്രണയാർദ്ര ഗാനങ്ങളും ശ്രീകുമാരൻ തന്പി മലയാളത്തിനു നൽകിയ ഓണസമ്മാനങ്ങളാണ്.
തരംഗിണിയുടെ ‘പൊന്നോണത്താളം’ ആൽബത്തിലെ പാട്ട് ആസ്വാദകരൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. സംഗീത സംവിധായകൻ സൽജിൻ കളപ്പുര ഫോണിൽ പാടിക്കൊടുത്ത ഈണത്തിനനുസരിച്ചു പതിനഞ്ചു മിനിറ്റിനുള്ളിൽ ശ്രീകുമാരൻ തന്പി എഴുതിയ ഗാനമാണിത്.
ഉണരും ഓർമതൻ പൂക്കളം
ഉയരും പൂവിളി മേളനം
പണ്ടു പാടിയ പാട്ടിൻ വരികളെ
വാരിപ്പുണരുകയായി
നിറയും നെഞ്ചിലെ ഭാവതാളങ്ങൾ
ഉയർന്നു വീണ്ടുമിതാ...
ഇനി ആ പഴയ പൊന്നുണ്ണിയുടെ പൂക്കളത്തിലേക്കു പോകാം.
ഉണ്ണിക്കരങ്ങളാൽ പൂക്കളം നെയ്യും
നിൻ ഉണ്ണിയെ ഞാനിന്നു കണ്ടു
കണ്ണെടുക്കാതെ ഞാൻ നോക്കിനിന്നു
മാഞ്ഞ വർണങ്ങൾ വീണ്ടും തെളിഞ്ഞു...
ശ്രീകുമാരൻ തന്പി ഓണപ്പാട്ടെഴുതുന്പോൾ ഓണവും പ്രണയവും കൂടിക്കലരും. രണ്ടും മനസിന്റെ ഉത്സവങ്ങളായതുകൊണ്ടാണ് അങ്ങനെ വരുന്നതെന്നു ശ്രീകുമാരൻ തന്പി പറയും. പ്രണയത്തിന്റെ മാഞ്ഞ വർണങ്ങൾ ഓരോ ഓണക്കാലത്തും വീണ്ടും തെളിയുന്നതായാണ് ഇദ്ദേഹത്തിന്റെ അനുഭവം.
എസ്. മഞ്ജുളാദേവി