പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ബോംബുകൾ നക്കിത്തുടച്ച ഒരു നാട്. ചോരയും നിലവിളിയും പട്ടിണിയും ഭീതി പരത്തിയ മണ്ണ്. ഒരിക്കൽ ജനം ജീവനുവേണ്ടി പരക്കം പാഞ്ഞ നാട്ടിലേക്ക് ഇതാ ഇപ്പോൾ ലോകം ഒന്നായി ഒഴുകുന്നു. ഇതു വിയറ്റ്നാം, സഞ്ചാരികളുടെ പുതിയ പറുദീസ. കഴിഞ്ഞ ആറു മാസംകൊണ്ട് 1.42 കോടി സഞ്ചാരികൾ. മലയാളികളടക്കം ഇന്ത്യയിൽനിന്ന് 2.4 ലക്ഷം. വിയറ്റ്നാമിൽ എന്താണിത്ര കാണാൻ?
ഓര്‍മയില്ലേ ഫാന്‍ തി കിം ഫുകിനെ...!1972 ജൂണ്‍ എട്ടിനായിരുന്നു അതു സംഭവിച്ചത്. സൗത്ത് വിയറ്റ്നാമിലെ ത്രാങ് ബാങ് ഗ്രാമത്തെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിച്ചു തകര്‍ത്തു തരിപ്പണമാക്കി. ഗ്രാമത്തില്‍നിന്ന് ഓടിരക്ഷപ്പെട്ടവരില്‍ വസ്ത്രം പോലും കത്തിച്ചാമ്പലായി നിലവിളിച്ചെത്തിയ ഒരു ഒമ്പതു വയസുകാരിയുണ്ടായിരുന്നു.
അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രഫര്‍ നിക്ക് ഉട്ടിന്റെ കാമറയ്ക്കു മുന്നിലേക്കായിരുന്നു അവള്, കിം ഫുക് ഓടിയെത്തിയത്. പുലിറ്റ്സര്‍ പുരസ്കാരത്തോളമെത്തിയ നിക് ഉട്ടിന്റെ ആ സമയത്തെ ക്ലിക്ക്, വിയറ്റ്നാമിലെ മാത്രമല്ല, യുദ്ധങ്ങളുടെ നൊമ്പരചിത്രമായി ലോകം മുഴുവന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ടിപ്പോഴും.
തകർന്നു, അടിഞ്ഞില്ല!
വര്‍ഷങ്ങള്‍ അമ്പതു പിന്നിട്ടിരിക്കുന്നു. "നാപാം പെണ്‍കുട്ടി'' എന്നു ലോകം വിളിച്ച കിം ഫുകും കുടുംബവും കാനഡയിലേക്കു കുടിയേറി. അന്നു തരിപ്പണമാക്കപ്പെട്ട അവളുടെ ഗ്രാമം ത്രാംഗ് ബാംഗിന്റെ സ്ഥിതിയെന്താണിപ്പോള്? നമുക്ക് അവിടേക്കൊന്നു പോകാം. യുദ്ധത്തില്‍ തകര്‍ക്കപ്പെട്ട, തെക്കുകിഴക്കന്‍ വിയറ്റ്നാമിലെ ടെയ്നിന് പ്രവിശ്യയില്‍പ്പെട്ട ത്രാംഗ് ബാംഗിന് ഇന്നു പുതിയ മുഖമാണ്.
വ്യവസായങ്ങളും ടൂറിസവും തഴച്ചുവളര്ന്നുകഴിഞ്ഞ, വികസനം ചിറകുവിരിച്ച നാട്. വിയറ്റ്നാമില്‍ വിദേശനിക്ഷേപം സമൃദ്ധമായെത്തുന്ന ഇടങ്ങളിലൊന്ന്. ബാന്‍ ക്യാന്‍ ത്രാംഗ് ബാംഗ് എന്നറിയപ്പെടുന്ന പ്രശസ്തമായ പോര്‍ക്ക് നൂഡില്‍സ് സൂപ്പിന്റെയും മീനും പോര്‍ക്കിറച്ചിയും സോസും ചേര്‍ത്തു തയാറാക്കുന്ന ത്രാംഗ് ബാംഗ് ഡ്യൂവിന്റെയും രുചിയറിയാന്തന്നെ ഇവിടേക്കെത്തുന്ന സഞ്ചാരികൾ നിരവധി.
തിരുത്തിയ പേരുദോഷം
ഇതു ത്രാംഗ് ബാംഗിന്റെ മാത്രം മാറ്റമെന്നു കരുതിയാൽ തെറ്റി. വിയറ്റ്നാം ആകെ മാറി; സ്കൂളിലെ ചരിത്രപാഠപുസ്തകത്തിലെ വിയറ്റ്നാമല്ല പുതിയ വിയറ്റ്നാം. യുദ്ധങ്ങളുടെ നാട് എന്ന പേരുദോഷമുള്ള ജാതകം ഇന്ന് ആ നാട് മാറ്റിയെഴുതിക്കഴിഞ്ഞു. തുടര്‍ച്ചയായ യുദ്ധങ്ങള്‍ (1940-1975) അടിമുടി തകര്‍ത്ത വിയറ്റ്നാമിലെ ഗ്രാമങ്ങളും പട്ടണങ്ങളുമെല്ലാം, ഇന്നു "ഞങ്ങളുടെ വിയറ്റ്നാം പഴയ വിയറ്റ്നാമല്ല' എന്നു വിളിച്ചു പറയുന്നുണ്ട്.
വെടിയൊച്ചകള്‍ നിലച്ചെന്നു മാത്രമല്ല, കൃഷിയും വ്യവസായങ്ങളും ടൂറിസവുമെല്ലാം ഇഴചേര്‍ന്നു, വിയറ്റ്നാം അടിമുടി വഴിമാറി. വിദേശ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമായും വിയറ്റ്നാം ഇന്നു മാറിക്കഴിഞ്ഞു. സിന് ചാവോ (ഹലോ..) എന്നു പുഞ്ചിരിയോടെ സ്നേഹപൂര്‍വം വിളിച്ചു ലോകത്തിനു സ്നേഹത്തിന്റെ ആതിഥ്യമരുളുകയാണ് ഇന്നു വിയറ്റ്നാം.
സഞ്ചാരികൾ ഒഴുകുന്നു
സഞ്ചാരികളെ ഇതിലേ ഇതിലേ... 2023ലെ ആദ്യത്തെ ആറു മാസത്തില്‍ വിയറ്റ്നാം സന്ദര്‍ശിച്ച വിദേശികളുടെ എണ്ണം 1.46 കോടി. ടൂറിസത്തിനു പ്രാമുഖ്യമുള്ള സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇക്കാലയളവില്‍ ഏറ്റവുമധികം വിദേശ സഞ്ചാരികളെത്തിയതും വിയറ്റ്നാമില്ത്തന്നെ. സഞ്ചാരികളുടെ എണ്ണത്തിലുള്ള കുതിപ്പിൽ തെളിയുന്നത് വിയറ്റ്നാമിന്റെ മാറിയ ഭൂമികയുടെ അതിശയപ്പിക്കുന്ന അഴകാണ്.
മനോഹരമായ വിയറ്റ്നാം നഗരങ്ങളിലേക്ക് ഇന്ത്യയില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലും കഴിഞ്ഞ മാസങ്ങളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. വിയറ്റ്നാം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിരയിലാണെന്നുകൂടി അറിയുക. ഈ വര്‍ഷം ഓഗസ്റ്റ് വരെ ഇന്ത്യയില്‍നിന്ന് 2,40,000 സഞ്ചാരികളാണ് വിയറ്റ്നാമിലെത്തിയതെന്ന് ആ രാജ്യത്തെ ടൂറിസം കണക്കുകള്‍ പറയുന്നു. 2022ല്‍ ഇന്ത്യയില്‍നിന്നുള്ള വിയറ്റ്നാം സന്ദര്‍ശകരുടെ എണ്ണം 1,37,900 ആയിരുന്നു. ഈ വര്‍ഷം അത് അഞ്ചു ലക്ഷം തൊടുമെന്നാണ് ടൂറിസം മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.
വിയറ്റ്നാമിലെ യൂറോപ്പ്!
വിയറ്റ്നാമിലെ യൂറോപ്യൻ സിറ്റി എന്നു വിളിക്കാവുന്ന നഗരമാണ് സെയ്ഗോണ്‍ എന്ന ഹോ ചി മിന് സിറ്റി. കെട്ടും മട്ടും കണ്ടാൽ ഏതോ യൂറോപ്യൻ നഗരമാണെന്നേ തോന്നൂ. എവിടെ നോക്കിയാലും കൂറ്റന്‍ കെട്ടിടങ്ങള്‍, വൃത്തിയുള്ള നിരത്തുകള്‍... സെയ്ഗോണ്‍ എന്നായിരുന്നു ഹോ ചി മിന് സിറ്റിയുടെ ആദ്യത്തെ പേര്. ആധുനിക വിയറ്റ്നാമിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്ന ഹോ ചിമിന്റെ പേരിലാണ് നഗരം ഇന്നറിയപ്പെടുന്നത്. വിയറ്റ്നാമിന്റെ ചരിത്രനഗരമാണ് ഹോ ചിമിന്. രാജ്യത്തെ ഏറ്റവും വലിയ നഗരം. ഇന്ത്യയ്ക്കു മുംബൈ പോലെ വിയറ്റ്നാമിന്റെ വാണിജ്യ, വ്യവസായ തലസ്ഥാനമെന്നു ഹോ ചി മിനെ വിശേഷിപ്പിക്കാം.
യുദ്ധം കണ്ട പ്രതീതി
അടിമുടി മാറുന്പോഴും യുദ്ധത്തിന്റെ നൊന്പരങ്ങളെ മറക്കരുതേയെന്നു പുതുതലമുറയെ വിയറ്റ്നാം ഒാർമിപ്പിക്കുന്നു. അമേരിക്കന്‍ അധിനിവേശത്തിന്റെ ശേഷിപ്പുകളുമായി പ്രസിദ്ധമായ യുദ്ധമ്യൂസിയം നഗരഹൃദയത്തിലുണ്ട്. യുദ്ധത്തില്‍ അമേരിക്ക ഉപയോഗിച്ചിരുന്ന യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍, ഹെലികോപ്റ്ററുകള്‍, ആയുധങ്ങള്‍ എന്നിവയെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
വിയറ്റ്നാമില്‍ വര്‍ഷിക്കപ്പെട്ട ബോംബുകളുടെ അവശിഷ്ടങ്ങള്‍ കൊണ്ടു നിര്‍മിച്ച കൂറ്റന്‍ മണി ആരെയും അസ്വസ്ഥരാക്കും. വിയറ്റ്നാമിന്റെ യുദ്ധചരിത്രം വിശദമായി ഇവിടെ കണ്ടെത്താം. യുദ്ധകാലത്തു തടവുകാരെ അതിക്രൂരമായി ശിക്ഷിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളും തടവറകളും അതേപടി സൂക്ഷിച്ചിട്ടുണ്ട്.
ഫ്രഞ്ച് സ്മൃതികളുടെ പോസ്റ്റ് ഓഫീസ് 1891ല്‍ നിര്‍മിച്ച സെന്‍ട്രല്‍ പോസ്റ്റ് ഓഫീസ് ഹോ ചി മിന് നഗരഹൃദയത്തിലെ ടിപ്പിക്കല്‍ ഫ്രഞ്ച് കൊളോണിയല്‍ നിര്‍മിതിയാണ്. ഫ്രഞ്ച്- ഗോഥിക്, നവോത്ഥാന കലാരീതികളുടെയും ഏഷ്യന്‍ ശില്‍പമാതൃകകളുടെയും സംഗമമെന്നു വിശേഷിപ്പിക്കാവുന്ന നിര്‍മിതി. പ്രധാന കവാടത്തിനു മുകളില്‍ വലിയ ഘടികാരം. റോമന്‍ ശൈലിയിലുള്ളവയാണ് കമാനങ്ങളും വാതിലുകളും. ചരിത്രസ്മാരകമെന്ന നിലയിലാണ് പോസ്റ്റ് ഓഫീസ് സംരക്ഷിച്ചിട്ടുള്ളതെങ്കിലും ഇവിടെനിന്നു രാജ്യത്തിനകത്തേക്കും വിദേശങ്ങളിലേക്കും കത്തുകളും പാഴ്സലുകളും അയയ്ക്കാനുള്ള സൗകര്യമുണ്ട്.
വില പേശാൻ വിരുതുണ്ടോ?
മാര്‍ക്കറ്റുണ്ട്, വില പേശാൻ വിരുതുണ്ടെങ്കിൽ കുറഞ്ഞ വിലയിൽ സാധനങ്ങൾ കിട്ടും. ബെന്‍ താന്‍ മാര്‍ക്കറ്റ് ഹോ ചി മിന് സിറ്റിയുടെ ലാന്‍ഡ് മാര്‍ക്ക് എന്നു പറയാം. വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, ബാഗുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, സുവനീറുകള്‍, ഭക്ഷ്യവസ്തുക്കള്‍.... ഈ മാര്‍ക്കറ്റില്‍ കിട്ടാത്തതൊന്നുമില്ല. വിയറ്റ്നാമിലെത്തുന്നവർക്കൊരു ഷോപ്പിംഗ് സങ്കേതം.
ഡോളറോ വിയറ്റ്നാമീസ് ഡോംഗോ കൊടുത്തു ഷോപ്പിംഗ് നടത്താം. ഹോ ചി മിനിലെത്തുന്ന ഇന്ത്യക്കാരെ ട്രാവല്‍ ഏജന്റുമാര്‍ ഷോപ്പിംഗിനു പരിചയപ്പെടുത്തുന്നത് പ്രധാനമായും ഈ മാര്‍ക്കറ്റാണ്. സ്ത്രീകളാണ് കച്ചവടക്കാരില്‍ ഏറെയും. 1860ല്‍ നിര്‍മിച്ച പ്രസിഡന്‍ഷ്യല്‍ പാലസ്, ഫ്രഞ്ചുകാര്‍ നിര്‍മിച്ച നോത്രദാം കത്തീഡ്രല്‍, യുദ്ധകാലത്തെ ഓര്‍മിപ്പിക്കുന്ന ടണലുകള്‍ എന്നിവയെല്ലാം ഹോ ചി മിന് സിറ്റിയിലെ കാഴ്ചകളിലുണ്ട്.
ഇരുചക്ര വിപ്ലവം
ഇരുചക്രവാഹനങ്ങളുടെ പറുദീസയാണ് ഹോ ചി മിന് സിറ്റിയുടെ നിരത്തുകള്‍. ഏതു സമയത്തും തെരുവുനിറയെ ഇരുചക്ര വാഹനങ്ങൾ. നഗരവാസികള്‍ക്കും ഇവിടെയെത്തുന്നവര്‍ക്കും ബൈക്കുകളും സ്കൂട്ടറുകളും പ്രിയപ്പെട്ടതാണ്. ജനസംഖ്യയില്‍ 80 ശതമാനം പേര്‍ക്കും ഇരുചക്ര വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഹോ ചി മിന് സിറ്റിയിലെത്തുന്നവര്‍ക്ക് ഇരുചക്ര വാഹനത്തില്‍ നഗരം ചുറ്റിക്കാണാൻ (വെസ്പ ടൂര്‍) പ്രത്യേക പാക്കേജുകളുണ്ട്. നഗരയാത്രയ്ക്കൊപ്പം, സ്ട്രീറ്റ് ഫുഡ്, സംഗീതം എന്നിവ ആസ്വദിക്കാനും ഈ പാക്കേജിലൂടെ സാധിക്കും.
വിയറ്റ്നാം രുചി
വിയറ്റ്നാം രുചി ഒന്നു വേറെ തന്നെ. ആരെയും കൊതിപ്പിക്കും. മത്സ്യവിഭവങ്ങളാണ് പ്രധാന ആകര്‍ഷണം. ചിക്കന്‍, പോര്‍ക്ക് എന്നിവയുടെ ഇറച്ചി വിയറ്റ്നാം തനിമയില്‍ പാകപ്പെടുത്തി ലഭിക്കും. വെജിറ്റേറിയന്‍ ഭക്ഷണ പ്രേമികള്‍ക്കും ഇഷ്ടപ്പെടുന്ന മെനുവുണ്ട്. വലിയ ഹോട്ടലുകളേക്കാള്‍ നഗരത്തില്‍ നിരനിരയായി കാണാനാവുന്ന സ്ട്രീറ്റ് ഫുഡ് കോര്‍ട്ടുകളിലെ രുചിഭേദങ്ങളാകും സന്ദര്‍ശകരെ കൂടുതല്‍ ആകര്‍ഷിക്കുക.
ലക്ഷങ്ങളാ ലക്ഷങ്ങൾ...
വിയറ്റ്നാമിന്റെ തനതു സംസ്കാരം അടയാളപ്പെടുത്തുന്ന തൊപ്പിയൊന്ന് വാങ്ങിയാലോ... എന്താ വില? ഒന്നര ലക്ഷം! ഞെട്ടണ്ട.. വിയറ്റ്നാമീസ് ഡോംഗിലാണ് ഒന്നര ലക്ഷം. ഇന്ത്യൻ രൂപ അഞ്ഞൂറിൽ താഴെ. വിയറ്റ്നാം ഡോംഗിനു രൂപയെ അപേക്ഷിച്ചു മൂല്യം കുറവാണെന്നതു തന്നെയാണു കാരണം. ഒരു ഇന്ത്യന്‍ രൂപ = 293 വിയറ്റ്നാം ഡോംഗ്. വിയറ്റ്നാമിൽ തട്ടുകടയിൽ ചായ കുടിക്കാമെന്നു കരുതിയാലും പോക്കറ്റിൽ ആയിരങ്ങൾ കരുതണം... ഡോംഗ്... ഡോംഗ്...
വിയറ്റ്നാം ഒറ്റനോട്ടത്തില്‍
ഇന്തോ-ചൈനീസ് ഉപദ്വീപിന്റെ കിഴക്കേ അറ്റത്തുള്ള രാജ്യം. ഔദ്യോഗിക പേര് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം. ഭരിക്കുന്നത് കമ്യൂണിസ്റ്റ് ഭരണകൂടം. മതം, പത്രം, അഭിപ്രായ സ്വാതന്ത്ര്യം ഇതിലൊക്കെ സർക്കാർ നിയന്ത്രണമുണ്ട്. തലസ്ഥാനം ഹാനോയ്. വടക്ക് ചൈന, വടക്കു പടിഞ്ഞാറ് ലാവോസ്, തെക്കുപടിഞ്ഞാറ് കംബോഡിയ എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്നു.
കിഴക്കന്‍ ചൈനാ കടലാണ് വിയറ്റ്നാമിന്റെ കിഴക്കെ അതിര്‍ത്തി. ജനസംഖ്യയില്‍ (9.95 കോടി) ലോകത്ത് പതിമൂന്നാം സ്ഥാനം. 2022ല്‍ ജിഡിപി 36,613 കോടി യുഎസ് ഡോളർ. കറന്‍സി വിയറ്റ്നാം ഡോംഗ്. (ഒരു ഇന്ത്യന്‍ രൂപ = 293 വിയറ്റ്നാം ഡോംഗ്.) ലോകത്തില്‍ കാപ്പി ഉത്പാദനത്തിലും കശുവണ്ടി കയറ്റുമതിയിലും മുന്‍നിരയിലുള്ള രാജ്യം. വിയറ്റ്നാം കോഫി പ്രശസ്തമാണ്.
വീസ എളുപ്പം
വിയറ്റ്നാം സന്ദര്‍ശകര്‍ക്ക് അവിടേക്കുള്ള വീസ നടപടികള്‍ കൂടുതല്‍ ഉദാരമാക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്കു വീസ ഓണ്‍ അറൈവല്‍ സംവിധാനം ഉപയോഗപ്പെടുത്താം. ചെലവ് 35-40 ഡോളര്‍. ഇതിനായി അപേക്ഷയുടെ അടിസ്ഥാനത്തില്‍ യാത്രയ്ക്കു മുമ്പ് പ്രീ വീസ അപ്രൂവല്‍ ഫോം ഓണ്‍ലൈനായി ലഭിക്കും. ഇലക്ട്രോണിക് വിസ (ഇ വിസ)യുടെ കാലാവധി 30ല്‍നിന്നു 90 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വീസയായി ഇതു ലഭിക്കും. 15 ദിവസത്തെ സന്ദര്‍ശക വീസയും ലഭിക്കും.
അഞ്ചര മണിക്കൂർ
തലസ്ഥാനമായ ഹാനോയിലും ഏറ്റവും വലിയ നഗരമായ ഹോ ചി മിനിലും ഉള്‍പ്പെടെ 13 വിമാനത്താവളങ്ങള്‍ വിയറ്റ്നാമിലുണ്ട്. 2,000 രൂപയ്ക്കു മുതല്‍ ഹോട്ടൽ മുറി കിട്ടും. കൊച്ചിയിൽനിന്ന് അഞ്ചര മണിക്കൂറില്‍ വിയറ്റ്നാമിലെത്താം. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കൊച്ചിയില്‍നിന്നു വിയറ്റ്നാമിലേക്കു നേരിട്ടുള്ള വിമാന സര്‍വീസ് നിലവിലുണ്ട്. ഇന്തോ-ചൈന കടലിനും മലനിരകൾക്കുമിടയിലുള്ള കാം റാൺ വിമാനത്താവളം മനോഹര കാഴ്ചയാണ്. വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന മേഖലയാണിത്. ഹോ ചി മിനിൽനിന്നു 450 കിലോമീറ്റർ ദൂരം. വിമാനത്തിലെങ്കിൽ 45 മിനിട്ടിലെത്താം.
32 സർവീസ്
ഇന്ത്യയെയും വിയറ്റ്നാമിനെയും ബന്ധിപ്പിച്ചു കൂടുതല്‍ വിമാന സര്‍വീസ് നടത്തുന്നത് വിയറ്റ്ജെറ്റ് ആണ്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ആഴ്ചയില്‍ 32 നേരിട്ടുള്ള സര്‍വീസുകളാണ് വിയറ്റ് ജെറ്റ് നടത്തുന്നത്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായി പ്രതിവാരം നാലു വിമാനങ്ങള്‍ കൊച്ചിയില്‍നിന്നു സര്‍വീസ് നടത്തുന്നു. കൊച്ചിയില്‍നിന്നു രാത്രി 11.50ന് പുറപ്പെടുന്ന വിമാന ഹോ ചി മിന് സിറ്റിയില്‍ പ്രാദേശിക സമയം രാവിലെ 06.40ന് എത്തും.
ഹോചിമിന്‍ സിറ്റിയില്‍നിന്നു വൈകുന്നേരം പ്രാദേശിക സമയം 7.20ന് പുറപ്പെട്ട് കൊച്ചിയില്‍ 10.50ന് മടങ്ങിയെത്തും.കൊച്ചിക്കു പുറമേ മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നു ഹാനോയി, ഹോ ചി മിന് സിറ്റി എന്നിവിടങ്ങളിലേക്കുള്ള വിയറ്റ്ജെറ്റ് സര്‍വീസുകളുണ്ട്. വിശദ വിവരങ്ങള്‍ www.vietjetair.comല്‍.
സിജോ പൈനാടത്ത്