ഉപാധിരഹിത പട്ടയം ജനങ്ങളുടെ അവകാശം: മാർ ജോൺ നെല്ലിക്കുന്നേൽ
Tuesday, October 21, 2025 12:14 AM IST
കട്ടപ്പന: പുതിയ ഭൂപതിവ് ചട്ട ഭേദഗതി വോട്ട് നേടാനുള്ള മാർഗം മാത്രമാക്കരുതെന്നും ഉപാധിരഹിത പട്ടയം ജനത്തിന്റെ അവകാശമാണെന്നും ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ രൂപതാതല ഉദ്ഘാടനം കട്ടപ്പനയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വന്യജീവി ഭീതി കൂടാതെ മനുഷ്യന് ജീവിക്കാനാകണം.
ജനത്തെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയാൽ എതിർക്കേണ്ടിവരും. കത്തോലിക്ക കോൺഗ്രസിന്റെ അവകാശ സംരക്ഷണ യാത്ര ഉയർത്തുന്ന ആവശ്യങ്ങൾക്ക് ഇടുക്കി ജില്ലയുടെ പിന്തുണ ഉണ്ടാകുമെന്നും ബിഷപ് പറഞ്ഞു. സമ്മേളനത്തിൽ എകെസിസി ഇടുക്കി രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.
അവകാശ സംരക്ഷണ യാത്രയ്ക്ക് ചുരുളി, മുരിക്കാശേരി, തങ്കമണി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമ്മേളനങ്ങൾ ഇടുക്കി രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് കരുവേലിക്കൽ, മോൺ. ജോസ് നരിതൂക്കിൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ നടന്ന സമ്മേളനങ്ങളിൽ ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ ഭാരവാഹികളായ ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, രാജേഷ് ജോൺ, അഡ്വ. മനു ജെ. വരാപ്പള്ളി, ജോർജുകുട്ടി പുല്ലേപ്പള്ളി, രൂപത ജനറൽ സെക്രട്ടറി സിജോ എലന്തൂർ എന്നിവർ വിഷയാവതരണം നടത്തി. വിവിധ കേന്ദ്രങ്ങളിൽ കത്തീഡ്രൽ വികാരി ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, ഫൊറോന വികാരിമാരായ ഫാ. ജിജി വടക്കേൽ, ഫാ. തോമസ് പുത്തൻപുരയിൽ, കോർപറേറ്റ് സെക്രട്ടറി റവ.ഡോ. ജോർജ് തകിടിയേൽ, രൂപത ചാൻസലർ ഫാ. മാർട്ടിൻ പൊൻ പനാൽ എന്നിവർ പ്രസംഗിച്ചു.
രൂപത ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, സാജൻ ജോർജ്, ജോസ് തോമസ്, ടി.ജെ. ജേക്കബ് തൊടുകയിൽ, അപർണ ജോസഫ് എന്നിവർ നേതൃത്വം നൽകി.