പിഎം ശ്രീ ഫണ്ടിനുവേണ്ടി വിദ്യാഭ്യാസമേഖലയെ തീറെഴുതരുത്: കെപിഎസ്ടിഎ
Tuesday, October 21, 2025 12:14 AM IST
പാലക്കാട്: പിഎം ശ്രീ ഫണ്ടിനുവേണ്ടി വിദ്യാഭ്യാസ മേഖലയെ തീറെഴുതരുതെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ആവശ്യപ്പെട്ടു.
ദേശീയ വിദ്യാഭ്യാസനയം (എൻഇപി) നടപ്പിലാക്കുന്നതിനെതിരേ കേരളത്തിലെ അധ്യാപകരിൽനിന്നു പണംപിരിച്ച് ഡൽഹിയിലെത്തി സമരംചെയ്ത ആളുകൾ, കേന്ദ്രത്തിൽനിന്നു ഫണ്ട് ലഭിക്കുന്നതിനുവേണ്ടി നിലപാടുകളിൽ മലക്കംമറിഞ്ഞ് കേരളത്തിൽ പിഎം ശ്രീ പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത് ജനാധിപത്യത്തെ തകർത്തുകൊണ്ടാണെന്ന് കെപിഎസ്ടിഎ കുറ്റപ്പെടുത്തി.
മന്ത്രിസഭയിൽപോലും ചർച്ചചെയ്യാതെ തികച്ചും ഏകപക്ഷീയമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചേർന്ന് കരാറിൽ ഒപ്പിടാൻ നിർദേശം നൽകിയത് ഭരണകക്ഷിയിലെതന്നെ മറ്റു പാർട്ടികളുടെ ശക്തമായ എതിർപ്പുള്ളതിനാലാണ്.
പദ്ധതി നടപ്പിലാക്കിയാൽ വിദ്യാഭ്യാസമേഖലയുടെ പൂർണമായ നടത്തിപ്പ് കേന്ദ്രത്തിന്റെ കൈകളിൽ എത്തിച്ചേരുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി തന്നെ നേരത്തേ കേരളത്തിലെ പൊതുസമൂഹത്തോടു തുറന്നുപറഞ്ഞിട്ടുള്ളതാണ്. ഫണ്ട് ലഭിച്ചില്ലെങ്കിലും വേണ്ടില്ല, കേരളത്തിലെ വിദ്യാഭ്യാസം സ്വതന്ത്രമായി മുന്നോട്ടു കൊണ്ടുപോകണമെന്നു പ്രഖ്യാപിച്ച അതേ മന്ത്രിതന്നെ പണത്തിനുവേണ്ടി കേരളത്തിലെ മതനിരപേക്ഷ വിദ്യാഭ്യാസത്തെ കേന്ദ്രത്തിന് അടിയറവയ്ക്കുന്നതു സാക്ഷരകേരളത്തിന് അപമാനമാണ്.
സർവകലാശാലകൾ ഇടയ്ക്കിടെ കേന്ദ്ര-കേരള ഗവൺമെന്റുകളുടെ തർക്കങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിക്കുന്നതുപോലെ, പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടു ഫണ്ട് കൈപ്പറ്റിയാൽ പൊതുവിദ്യാഭ്യാസരംഗത്തും ഇത്തരം രാഷ്ട്രീയസംഘർഷങ്ങൾക്കു സാഹചര്യം സൃഷ്ടിക്കപ്പെടും.
ഭരണഘടനാതത്വങ്ങളും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമൂല്യങ്ങളും തകർക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം. അതിനാൽ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാനുള്ള തീരുമാനത്തിൽനിന്നു സംസ്ഥാനസർക്കാർ പിന്തിരിയണമെന്ന് കെപിഎസ്ടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനില് വട്ടപ്പാറ, ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, ജി.കെ. ഗിരീഷ്, എം.കെ. അരുണ, ജോൺ ബോസ്കോ, പി.എസ്. മനോജ്, പി. വിനോദ് കുമാർ, പി.എം. നാസർ, പി.പി. ഹരിലാൽ, പി.എം. ശ്രീജിത്ത്, സി.വി. സന്ധ്യ, ടി. ആബിദ്, ആർ. തനുജ എന്നിവർ പ്രസംഗിച്ചു.