ശബരിമല സ്വര്‍ണക്കൊള്ള; അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തു
Tuesday, October 21, 2025 2:14 AM IST
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം.
തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് അനന്തസുബ്രഹ്മണ്യത്തെ വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. 2019 ല്‍ ഉണ്ണികൃഷ്ണന് പോറ്റിക്കു വേണ്ടി മഹസറില്‍ ഒപ്പിട്ട് ദ്വാരപാലക ശില്പപാളികള് ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യമായിരുന്നെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്നലെ ഇയാളെ ചോദ്യം ചെയ്തത്.
ദിവസങ്ങള്‍ക്കു മുന്‍പ് അന്വേഷണസംഘം ഇയാളുടെ വീട്ടില്‍ പരിശോധന നടത്തുകയും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയത്.
2019ല്‍ സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയ അനന്ത സുബ്രഹ്മണ്യം അത് ബംഗളൂരുവിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് ഹൈദരാബാദിലേക്ക് എത്തിക്കുകയും അവിടെ സൂക്ഷിക്കുകയും ചെയ്തയായി വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേക്കുറിച്ചുള്ള വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്. ഒറ്റയ്ക്കിരുത്തിയുള്ള ചോദ്യം ചെയ്യലിനു ശേഷം ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പമിരുത്തിയും ഇയാളെ ചോദ്യം ചെയ്തു.
കൊള്ളയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.
ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുള്‍പ്പെടെ പതിനഞ്ചോളം പേരുടെ വിവരങ്ങളാണ് ഉണ്ണികൃഷ്ണന് പോറ്റി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുള്ളത്. ഇതില്‍പെട്ട ആളാണ് അനന്ത സുബ്രഹ്മണ്യവും.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയിലെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും വിവരമുണ്ട്. ഇന്ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കേയാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
ചെന്നൈയില്‍ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തും. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ പുരോഗതി അറിയിക്കാനും ആറ് ആഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുമാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്.