പിഎം ശ്രീ പദ്ധതി: സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം
Tuesday, October 21, 2025 2:14 AM IST
എം. പ്രേംകുമാർ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പിടാനുള്ള സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധവുമായി നിൽക്കുന്ന സിപിഎയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സിപിഎം.
പദ്ധതിയിൽ ഒപ്പിടേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ചർച്ച നടത്തും. ഇതിനുശേഷം ഇടതുമുന്നണി യോഗവും ചേരും.
തത്കാലം കൂടുതൽ പ്രതികരിച്ചു വിവാദം ഉണ്ടാക്കരുതെന്നു മന്ത്രി വി. ശിവൻകുട്ടിക്കും നേതാക്കൾക്കും പാർട്ടി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. വിഷയം പ്രതിപക്ഷംകൂടി ഏറ്റെടുത്ത സാഹചര്യത്തിലാണു സിപിഐയുമായി രമ്യതയിലെത്താൻ സിപിഎം ശ്രമിക്കുന്നത്.
പദ്ധതിയിൽ ഒപ്പിടില്ലെന്ന് ആദ്യം വ്യക്തമാക്കിയ സർക്കാരും സിപിഎമ്മും ഇപ്പോൾ നിലപാടു മാറ്റിയത് ഇടതുമുന്നണിക്കുള്ളിലും വലിയ അസ്വാരസ്യത്തിനു കാരണമായിട്ടുണ്ട്. ഇക്കാര്യത്തിലുള്ള നീരസം സിപിഐ മാത്രമേ പ്രകടിപ്പിച്ചിട്ടുള്ളൂ. മറ്റു പാർട്ടികൾക്കു പ്രതിഷേധമുണ്ടെങ്കിലും അവരാരും അതു പരസ്യമായി പറഞ്ഞിട്ടില്ല.
ഇടതുമുന്നണി യോഗത്തിൽ പിഎം ശ്രീയെ സംബന്ധിച്ചു ചർച്ച ചെയ്യാത്തതിലുള്ള അമർഷം മുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനെ സിപിഐ നേതാക്കൾ അറിയിച്ചു. ഉടൻ യോഗം ചേർന്ന് ഇതുസംബന്ധിച്ചു ചർച്ച ചെയ്യാമെന്നു കണ്‍വീനർ സിപിഐ നേതാക്കളെ അറിയിച്ചതായാണു വിവരം.
ബിജെപിയുമായി സിപിഎം കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ സർക്കാർ തീരുമാനിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരാൻ ദിവസങ്ങൾ മാത്രമേയുള്ളൂ. അതിനിടെ ഇത്തരം ആരോപണങ്ങൾ വരുന്നതു ശത്രുക്കൾക്ക് ആയുധമാകുമെന്നു കണ്ടുകൊണ്ടാണു സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം തീരുമാനിച്ചിട്ടുള്ളത്.
ബിനോയ് വിശ്വം സിപിഐ സെക്രട്ടറിയായതിനു ശേഷം വലിയ അഭിപ്രായ വ്യത്യാസങ്ങളൊന്നും സിപിഎമ്മുമായി ഉണ്ടായിട്ടില്ല. പൊതുവേ സർക്കാരിന്റെ പരിപാടികളുമായി യോജിച്ചു പോകുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചു പോരുന്നത്. ഇതിന്റെ ഭാഗമായി സിപിഐ സമ്മേളനങ്ങളിൽ ബിനോയ് വിശ്വത്തിനു ശക്തമായ വിമർശനവും കേൾക്കേണ്ടി വന്നിട്ടുണ്ട്.
എന്നാൽ പ്രതിപക്ഷത്തിന് ആയുധം നൽകുന്ന ഒരു കാര്യവും സിപിഐയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും അത് ഇടതുമുന്നണിക്കു ഗുണകരമാകില്ലെന്നുമായിരുന്നു വിമർശനങ്ങൾക്കു ബിനോയ് നൽകിയ മറുപടി. ബിനോയ്യുടെ ഈ നിലപാട് ഒരുപക്ഷേ ഇപ്പോൾ പിഎം ശ്രീ പദ്ധതി ഒപ്പിടുന്നതിലും തടസമാകില്ലെന്നു വേണം കരുതാൻ.
മുന്നോട്ടു തന്നെ
പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെക്കുറിച്ച് സിപിഐയുമായി ചര്‍ച്ച നടത്തും. ചെറിയകുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതിന് സമഗ്രശിക്ഷ കേരള (എസ്എസ്കെ)യുടെ പ്രവര്‍ത്തനം മുന്നോട്ടു പോകണം. എസ്എസ്കെയ്ക്ക് കേന്ദ്രത്തിന്റെ പണം ലഭിക്കണം.
കേന്ദ്രഫണ്ട് കിട്ടിയാലേ കേരളത്തിനു മുന്നോട്ടു പോകാനാവുകയുള്ളൂ. അതിന്റെകൂടി ഭാഗമായാകും വിദ്യാഭ്യാസ വകുപ്പ് അങ്ങനൊരു സമീപനമെടുത്തത്. തമിഴ്നാടിനു വരുമാനമുണ്ട്. കേരളത്തിനു വരുമാനമില്ല. നമുക്ക് വേറെ വഴിയില്ലെന്നു മനസിലാക്കണം.
പിഎം ശ്രീ വിഷയത്തില്‍ കേന്ദ്രനയത്തോട് എല്‍ഡിഎഫിനു വിയോജിപ്പുണ്ട്. എന്നാല്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കു സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കാം.
-ടി.പി. രാമകൃഷ്ണന് എംഎല്‍എ (എല്‍ഡിഎഫ് കണ്‍വീനര്‍)