രാഷ്ട്രപതി ഇന്നു തിരുവനന്തപുരത്തെത്തും; ഇനിയുള്ള നാലു ദിവസം കേരളത്തില്‍
Tuesday, October 21, 2025 2:14 AM IST
തിരുവനന്തപുരം: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്നു കേരളത്തിലെത്തും. വൈകുന്നേരം ആറിന് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി നാളെ ശബരിമല ദര്‍ശനം നടത്തും.
ശിവഗിരി സന്ദര്‍ശനവും മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പ്രതിമ അനാച്ഛാദനവും പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദിയും രാഷ്ട്രപതിയുടെ പരിപാടികളിലുണ്ട്.
പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തുന്നത്. വൈകുന്നേരം ആറിന് വിമാനത്താവളത്തില്‍ രാഷ്ട്രപതിക്കു സ്വീകരണമൊരുക്കും. തുടര്‍ന്ന് രാജ്ഭവനിലെത്തി വിശ്രമിക്കുന്ന രാഷ്ട്രപതി നാളെ രാവിലെ ശബരിമലയിലേക്കു തിരിക്കും. ക്ഷേത്ര ദര്‍ശനത്തിനുശേഷം വൈകുന്നേരം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് തിരിക്കും.
നാളെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ അത്താഴ വിരുന്നൊരുക്കും. നാളെ രാത്രി എട്ടിന് വഴുതക്കാട് ഹയാത്ത് റിജന്‍സിയിലാണ് അത്താഴവിരുന്നൊരുക്കുന്നത്.
വ്യാഴം രാവിലെ 10.30ന് രാജ്ഭവന് അങ്കണത്തില്‍ നിര്‍മാണം പൂര്‍ത്തിയായ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ അര്‍ധകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. പിന്നീട് വര്‍ക്കല ശിവഗിരിയിലേക്കു തിരിക്കും.
ശിവഗിരിയില്‍ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാഷ്ട്രപതി തുടർന്ന് ഹെലികോപ്റ്ററില്‍ പാലാ സെന്റ് തോമസ് കോളജിലേക്കു തിരിക്കും. കോളജ് പ്ലാറ്റിനം ജൂബിലിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന രാഷ്ട്രപതി വൈകുന്നേരം ഹെലികോപ്റ്ററില്‍ കോട്ടയത്തേക്ക് തരിക്കും.
കുമരകം താജ് റിസോര്‍ട്ടിലാണ് അന്ന് താമസം ഒരുക്കിയിരിക്കുന്നത്. വെള്ളി രാവിലെ കോട്ടയത്തുനിന്നു ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്കു തിരിക്കുന്ന രാഷ്ട്രപതിക്ക് കൊച്ചി നാവിക വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ ഉച്ചഭക്ഷണത്തിനു ശേഷം ഉച്ചകഴിഞ്ഞ് 3.45ന് നാവിക സേനാ വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നെടുമ്പാശേരിയിലേക്കും 4.15ന് പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലേക്കും തിരിക്കും.