റോഡ് റോളര്‍ എത്തി; എയര്‍ഹോണുകൾ തവിടുപൊടി
Tuesday, October 21, 2025 12:14 AM IST
കൊച്ചി: വാഹനങ്ങളില്‍ നിയമവിരുദ്ധമായി ഘടിപ്പിച്ചിരുന്ന എയര്‍ഹോണുകള്‍ മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചു.
എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 250ഓളം എയര്‍ ഹോളുകളാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ചു നശിപ്പിച്ചത്. ഗതാഗത മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ എറണാകുളം കെഎസ്ആര്‍ടിസിക്കു സമീപം എഎല്‍ ജേക്കബ് പാലത്തിന് സമീപത്തായിരുന്നു നടപടികള്‍.
ജെസിബിയില്‍ റോഡ് റോളര്‍ ഘടിപ്പിച്ചാണ് പിടിച്ചെടുത്ത എയര്‍ഹോണുകള്‍ ഉപയോഗശൂന്യമാക്കിയത്. ഇതു രണ്ടാം തവണയാണ് ജില്ലയില്‍ എയര്‍ ഹോണുകള്‍ പിടിച്ചെടുത്തു നശിപ്പിക്കുന്നത്. കഴിഞ്ഞ് 13ന് ആരംഭിച്ച പ്രത്യേക പരിശോധനകള്‍ ജില്ലയില്‍ തുടരുകയാണ്. എയര്‍ ഹോണ്‍ പിടികൂടുന്ന വാഹനങ്ങള്‍ക്ക് എംവിഡി പിഴിയും ചുമത്തുന്നുണ്ട്.
അടുത്തിടെ എയര്‍ഹോണ്‍ മുഴക്കി പാഞ്ഞ 211 വാഹനങ്ങള്‍ മോട്ടര്‍ വാഹന വകുപ്പ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് 4,48,000 രൂപ പിഴയും ചുമത്തി. ഏതാനും മാസം മുമ്പ് എയര്‍ഹോണ്‍ വിമുക്ത നഗരമെന്ന ലക്ഷ്യത്തോടെ മോട്ടര്‍ വാഹന വകുപ്പും പോലീസും നടത്തിയ പരിശോധനയില്‍ ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങിയിരുന്നു. പരിശോധനകള്‍ കുറഞ്ഞതോടെ വാഹനങ്ങളില്‍ വീണ്ടും എയര്‍ഹോണുകള്‍ സ്ഥാനം പിടിക്കുന്നുണ്ടെന്നാണു കണ്ടെത്തൽ.
പരിശോധനയിൽ കണ്ടെത്താനാകാത്ത വിധമാണ് ചില വാഹനങ്ങളില്‍ ഇവ ഘടിപ്പിച്ചിട്ടുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനുവദനീയ ഡെസിബെലില്‍ കൂടുതല്‍ ശബ്ദമുള്ള എയര്‍ഹോണ്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നതും എംവിഡിയുടെ പരിഗണനയിലാണ്.