തണ്ടപ്പേര് മാറ്റിക്കിട്ടിയില്ല; കർഷകൻ ജീവനൊടുക്കി
Tuesday, October 21, 2025 2:14 AM IST
അഗളി: വസ്തുവിന്റെ തണ്ടപ്പേര് മാറ്റിക്കിട്ടാത്തതിൽ മനംനൊന്ത് അട്ടപ്പാടിയിൽ കർഷകൻ ജീവനൊടുക്കി. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയെ (52) ആണ് ഇന്നലെ രാവിലെ കൃഷിസ്ഥലത്തു തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
മൂന്ന് ഏക്കർ കൃഷിഭൂമിയുള്ള കർഷകനാണ് കൃഷ്ണസ്വാമി. തന്റെ ഭൂമിയുടെ തണ്ടപ്പേര് മാറ്റിക്കിട്ടുന്നതിനായി ആറു മാസമായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയിട്ടും ലഭിക്കാതെ വന്നതോടെയാണ് ആത്മഹത്യയെന്നു കുടുംബം പറയുന്നു. ഇദ്ദേഹത്തിന്റെ ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലായിരുന്നു. ഇതു മാറ്റിക്കിട്ടാൻ ആറുമാസമായി വില്ലേജ് ഓഫീസിലും റവന്യു ഉദ്യോഗസ്ഥരെ നേരിൽകണ്ടും പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ല.
എന്നാൽ, സാങ്കേതികപ്രശ്നങ്ങൾ കാരണമാണു തണ്ടപ്പേരിൽ വ്യത്യാസം വന്നതെന്നും അതു പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടായിരുന്നുവെന്നുമാണു റവന്യു വകുപ്പിന്റെ ന്യായീകരണം.