തട്ടിക്കൊണ്ടുപോകൽ, മർദനം, കവർച്ച; കൊടിമരം ജോസ് പിടിയിൽ
Tuesday, October 21, 2025 12:14 AM IST
തൃശൂർ: നിരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയും പശ്ചിമകൊച്ചി സ്വദേശിയുമായ കൊടിമരം ജോസ്’ എന്ന ജോസ് തൃശൂരിൽ പിടിയിലായി. കൊലപാതകവും കവർച്ചയുമടക്കം ഇരുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
എറണാകുളം നോർത്ത് റെയിൽവേ മേൽപ്പാലത്തിനു സമീപത്തുനിന്നു രണ്ടു പേരെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലാണ് ജോസിനെ പിടികൂടിയത്. സംഭവത്തിൽ ജോസിനെതിരേ കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഞായറാഴ്ച തൃശൂരിൽ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണു ജോസ് പിടിയിലായത്.
ഞായറാഴ്ച രാത്രി പതിനൊന്നോടെ തൃശൂരിലെത്തിയ എറണാകുളം നോർത്ത് പോലീസിന് ഇയാളെ കൈമാറി.
സെപ്റ്റംബർ 17നു രാത്രിയാണ് പത്തനംതിട്ട സ്വദേശി അഖിലേഷ് പി. ലാലനെയും സുഹൃത്ത് വിഷ്ണുവിനെയും ജോസിന്റെ നേതൃത്വത്തിൽ മേൽപ്പാലത്തിനടിയിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ആദ്യം പാലത്തിനു മുകളിലെത്തിച്ച് മർദിച്ചു.
തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷനു സമീപം കൊണ്ടുപോയി എടിഎമ്മിൽനിന്നു ബലപ്രയോഗത്തിലൂടെ 9500 രൂപ പിൻവലിപ്പിക്കുകയും ഫോണ് കവരുകയും ചെയ്തു. തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്.
കേസിൽ രണ്ടു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തൃശൂരിലേക്കു കടന്ന ജോസ് ഒളിവിലായിരുന്നു.