പിഎം ശ്രീ പദ്ധതി വിദ്യാഭ്യാസ അവകാശനിയമം അട്ടിമറിക്കാനെന്ന് സിപിഐ
Tuesday, October 21, 2025 2:14 AM IST
കോഴിക്കോട്: പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തെ അട്ടിമറിക്കാന്‍ നരേന്ദ്ര മോദി കൊണ്ടുവന്നതാണ് പിഎം ശ്രീ പദ്ധതിയെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ. പ്രകാശ് ബാബു.
സിപിഐ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷ പരിപാടികളോടനുബന്ധിച്ചുള്ള ചരിത്രപ്രദര്‍ശനം മുതലക്കുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗം മാത്രമാണ് പിഎം ശ്രീ പദ്ധതി. ഇതിന്റെ അടിസ്ഥാനം തന്നെ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങളാണ്. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ പാര്‍ലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിനാണോ അതോ കേന്ദ്രാവിഷ്കൃത പദ്ധതിക്കാണോ സംസ്ഥാന സര്‍ക്കാരുകള്‍ വില കല്‍പ്പിക്കേണ്ടതെന്ന് സ്വയം ചിന്തിക്കണം. കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതിയല്ല മറിച്ച് എല്ലാവര്ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശമാണ് ഇന്ത്യയില്‍ നടപ്പിലാകേണ്ടത്.
പിഎം ശ്രീയില്‍ ചേരാത്തതിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഫണ്ട് തടഞ്ഞുവയ്ക്കുന്ന കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹമാണ്. ഫണ്ട് തടഞ്ഞുവയ്ക്കുന്നതിലൂടെ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ തന്നെയാണ് അട്ടിമറിക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്നും പ്രകാശ്ബാബു ആവശ്യപ്പെട്ടു.
ഇ.കെ. വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി, ആര്. സത്യന്, അഡ്വ. എ.കെ.സുകുമാരന്‍, ഹസീന വിജയന് എന്നിവര്‍ പ്രസംഗിച്ചു.