മോണ്‍. ജോണ്‍ കുറ്റിയിലിന്റെ റന്പാൻ സ്ഥാനാരോഹണം നാളെ
Tuesday, October 21, 2025 12:14 AM IST
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ പുതുതായി നിയമിതരായ മോണ്‍. ജോണ്‍ കുറ്റിയിലിന്റെ റന്പാൻ സ്ഥാനാരോഹണം നാളെ മാതൃ ഇടവകയായ കൊട്ടാരക്കര കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടക്കും.
യൂറോപ്പിന്റെ അപ്പസ്തോലിക വിസിറ്റേറ്ററായി നിയമിതനായ മോണ്‍. കുരിയാക്കോസ് തടത്തിലിന്റെ റന്പാൻ സ്ഥാനാരോഹണം നവംബർ ഒന്നിന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രോപ്പോലീത്തൻ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. ഇരുവരുടെയും മെത്രാഭിഷേകം നവംബർ 22ന് രാവിലെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.
നാളെ രാവിലെ ഏഴിന് ആരംഭിക്കുന്ന മോണ്‍. ജോണ്‍ കുറ്റിയിലിന്റെ റന്പാൻ സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ നേതൃത്വം നൽകും. സഭയിലെ മറ്റു മെത്രാപ്പോലീത്താമാർ ശുശ്രൂഷകളിൽ സംബന്ധിക്കും.
തിരുവല്ലയിൽ നടക്കുന്ന ശുശ്രൂഷകൾക്കും മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ നേതൃത്വം നൽകും. തിരുവല്ല ആർച്ചുബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസും മറ്റു മെത്രാപ്പോലീത്താമാരും സഹകാർമികരായിരിക്കും.