കുടിവെള്ളം ശേഖരിക്കാൻ പോയ ദന്പതികളെ ആന ഓടിച്ചു
Tuesday, October 21, 2025 12:14 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ഇന്നലെ പുലർച്ചെ ബ്ലോക്ക് 10 ൽ കുടിവെള്ളം ശേഖരിക്കാൻ പോയ ദന്പതികൾ കാട്ടാനയ്ക്കു മുന്നിൽപ്പെട്ടു. ആന പാഞ്ഞുവന്നപ്പോൾ രണ്ടുപേരും ഓടി രക്ഷപ്പെടുകയായിരുന്നു.
ബ്ലോക്ക് 10 ലെ താമസക്കാരായ റിഞ്ചു രാജൻ, ഭാര്യ അശ്വതി എന്നിവരാണ് ആനയ്ക്കു മുന്നിൽപ്പെട്ടത്. ഫാമിനു വെളിയിൽ ജോലിക്കു പോകുന്ന റിഞ്ചു ജോലിക്ക് പുറപ്പെടുന്നതിനു മുന്പ് വീട്ടിലേക്ക് ആവശ്യമായ വെള്ളം ശേഖരിക്കാൻ വീട്ടിൽനിന്ന് അല്പം മാറിയുള്ള സ്ഥലത്തേക്കു പോകുമ്പോഴാണ് ആന പിന്നാലെ എത്തിയത്. ചിന്നം വിളിച്ചെത്തിയ ആനയ്ക്കു മുന്നിൽനിന്ന് ഇരുവരും വെള്ളം ശേഖരിക്കാൻ കൊണ്ടുപോയ പാത്രങ്ങൾ ഉപേക്ഷിച്ച് ജീവനും കൊണ്ടോടുകയായിരുന്നു.
സാധാരണ റിഞ്ചുവും രണ്ടാം ക്ലാസുകാരൻ മകനുമാണു വെള്ളം എടുക്കാൻ പോകാറുള്ളത് . എല്ലാവർക്കും മുന്നേ വെള്ളം ശേഖരിക്കാൻ ഓടിപ്പോകാറുള്ള കുട്ടി ഇന്നലെ അവിടേക്കുപോകാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
ഇവരുടെ വീടിന് സമീപത്ത് എന്നും ആനയുടെ സാന്നിധ്യമുണ്ട്. ആന സ്ഥിരമായി കടന്നുപോകുന്ന ആനച്ചാൽകൂടിയാണ് ഇവിടം. ആൾത്താമസം ഇല്ലാതെ കാടുകയറി കിടക്കുന്ന സ്ഥലം ആനകൾ സ്ഥിരം താവളമാക്കി മാറ്റിയിരിക്കുകയാണ്. വനം വകുപ്പ് ആനയെ തുരത്തുന്നുണ്ടെങ്കിലും അടുത്ത മണിക്കൂറിൽതന്നെ ആനകൾ തിരികെ എത്തുകയാണ് പതിവ്.