അഗരം നായകൻ...അവർക്കു സൂര്യൻ
ഡേവിസ് പൈനാടത്ത്
Saturday, August 16, 2025 9:30 PM IST
ഉടുതുണിക്കു മറുതുണിയില്ലാത്ത, പകലന്തിയോളം കൂലിപ്പണിമാത്രം ചെയ്തിരുന്ന, ദരിദ്രകുടുംബങ്ങളിൽനിന്നു തുടർപഠനം സ്വപ്നം കണ്ടവർ. അവരുടെ കനവുകളിലേക്ക് അഗരം ഫൗണ്ടേഷൻ ഒരു പാലമാകാൻ തുടങ്ങിയിട്ട് പതിനഞ്ചു വർഷം. പഠിച്ചുയർന്ന് മുന്നോട്ടു നടന്നവർക്ക് യഥാർഥ ജീവിതത്തിലും സൂപ്പർ ഹീറോയാണ് അഗരം നായകൻ സൂര്യ...
കണ്ണീർമഴ നനഞ്ഞ ഒരു വിജയവേദി. ആഹ്ലാദത്തിന്റെ, അഭിമാനത്തിന്റെ, പൊരുതിനേടിയ വിജയങ്ങളുടെ അശ്രൂപൂജയായിരുന്നു ആ വേദിയിൽ. ആ മഴ നനഞ്ഞ്, കണ്ണും മനസും നിറഞ്ഞ്, ആ സൂപ്പർതാരം അവിടെയിരുന്നു... വിതുന്പി, കൈകൾ കൂപ്പി - സൂര്യ. തമിഴ് സൂപ്പർതാരം സൂര്യ ശിവകുമാർ.തമിഴ്നാട്ടിൽ ഇതിനകം തരംഗമായിക്കഴിഞ്ഞ അഗരം പ്രസ്ഥാനത്തിന്റെ പതിനഞ്ചാംവാർഷികമായിരുന്നു.
പ്രസ്ഥാനത്തിന്റെ സ്ഥാപകനും നായകനുമാണ് സൂര്യ. സ്വന്തം പേര് അന്വർഥമാക്കി, ഇരുളിലായിരുന്ന ആയിരങ്ങളുടെ ജീവിതത്തിൽ സൂര്യവെളിച്ചം പകർന്ന നായകൻ. തമിഴ്നാട്ടിലെ ദരിദ്രഗ്രാമങ്ങളിൽ ഒന്നുമാവാതെ പോകുമായിരുന്ന, അഗരം കൈപിടിച്ചതുകൊണ്ടുമാത്രം സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിയ ആയിരങ്ങൾക്കു സ്വന്തം "സൂര്യ അണ്ണൻ'. റീൽ ലൈഫിൽമാത്രമല്ല, റിയൽ ലൈഫിലും സൂപ്പർ ഹീറോ.
അഗരം, തുടക്കം
2006 സെപ്റ്റംബർ 25നായിരുന്നു അഗരം എഡ്യുക്കേഷണൽ ഫൗണ്ടേഷന്റെ ആരംഭം. അഗരം എന്നാൽ തമിഴ് അക്ഷരമാലയിലെ ആദ്യാക്ഷരത്തെ കുറിക്കുന്ന വാക്കാണ്.
തുടക്കം എന്നർഥം. ഗ്രാമീണമേഖലകളിലെ നിരാലംബരായ വിദ്യാർഥികൾക്കു വിദ്യപകർന്നു കരുത്തേകുക - അതായിരുന്നു ലക്ഷ്യം. വീട്, ഭക്ഷണം, വസ്ത്രം... ഒന്നുമില്ലാത്തവർക്കു വിദ്യാഭ്യാസം കൊടുത്താൽ മറ്റെല്ലാം പിറകേ വരും എന്ന ചിന്തയാണ് അഗരം സ്ഥാപനത്തിനു പിന്നിലെന്ന് സൂര്യ. ആ ചിന്തയാണ് ഇന്ന് ഒരു തലമുറയെത്തന്നെ മാറ്റിമറിക്കുന്നത്.
പാവപ്പെട്ട നൂറുപേർക്കു വിദ്യാഭ്യാസസഹായം എന്നായിരുന്നു സ്ഥാപകരുടെ ഉദ്ദേശ്യമെങ്കിലും, തള്ളിക്കളയാനാവാത്ത 160 അപേക്ഷകരുണ്ടായിരുന്നു ആദ്യവർഷംതന്നെ. സൂര്യക്കൊപ്പം കുടുംബാംഗങ്ങളും ഒരുപിടി നല്ല മനസുകളും കൈകോർത്തതോടെ അഗരം മെഗാഹിറ്റായി. ഏറ്റവും പിന്നാക്കശ്രേണിയിലായിരുന്ന കുടുംബങ്ങളിലെ, ഉന്നതവിദ്യാഭ്യാസം നേടുന്ന ആദ്യതലമുറയെയാണ് അഗരം ഒന്നര ദശാബ്ദംകൊണ്ട് സൃഷ്ടിച്ചത്.
ഉടുതുണിക്കു മറുതുണിയില്ലാത്ത.., പകലന്തിയോളം കൂലിപ്പണിമാത്രം ചെയ്തിരുന്ന, ദരിദ്രകുടുംബങ്ങളിൽനിന്നു തുടർപഠനം സ്വപ്നം കണ്ടവർ. അവരുടെ കനവുകളിലേക്ക് അഗരം ഒരു പാലമാവാൻ തുടങ്ങിയിട്ട് പതിനഞ്ചു വർഷം. സ്വപ്നവിജയം നേടിയവരുടെ കണ്ണുനിറയ്ക്കുന്ന ജീവിതകഥകൾ വാർഷികസംഗമത്തെ വികാരനിർഭരമാക്കുകയായിരുന്നു.
51 ഡോക്ടർമാർ, 1800 എൻജിനിയർമാർ
വാർഷികവേദിയിൽ അഗരത്തിന്റെ വിജയപതാകയുമായി നിരന്നുനിന്നത് 51 ഡോക്ടർമാർ - അവരിൽ ഭിന്നശേഷിക്കാരടക്കം ഉണ്ടായിരുന്നു.
വൈദ്യുതിപോലും കടന്നുചെല്ലാത്ത ഏതോ ദരിദ്രഗ്രാമത്തിൽ, മൊബൈൽ ഫോൺ സ്വപ്നംമാത്രമായ ഗ്രാമങ്ങളിൽനിന്നു വിജയത്തിലേക്കു ചിറകടിച്ച അവർ എങ്ങനെ കരയാതിരിക്കും. അനുഭവങ്ങൾ പങ്കിട്ട് അവർ കരഞ്ഞു. ഒപ്പം സൂര്യയും കുടുംബവുമടങ്ങുന്ന നിറഞ്ഞ സദസും. മുഖ്യാതിഥിയായെത്തിയിരുന്ന ഉലകനായകൻ കമൽഹാസനും കണ്ണീരണിയുന്നുണ്ടായിരുന്നു.
ഡോക്ടർമാരിൽ തീരുന്നില്ല അഗരവിജയം. ആയിരത്തിയെണ്ണൂറോളം എൻജിനിയർമാർ ഇന്നു ബഹുരാഷ്ട്രകന്പനികളിലടക്കം മികച്ച ജോലിയിലാണ്. കോളജ് അധ്യാപകരടക്കം മറ്റു വിവിധ മേഖലകളിൽ തിളങ്ങുന്നവർ വേറെ. ഏഴായിരത്തോളം പേർക്ക് ഇതിനകം അഗരത്തിന്റെ തണൽ ലഭിച്ചുകഴിഞ്ഞു. 60 ശതമാനത്തിലേറെയും പെൺകുട്ടികളാണെന്നതു മറ്റൊരു പ്രത്യേകത.
ചടങ്ങിന്റെ നൂറുകണക്കിനു വീഡിയോകളാണ് ലൈക്കും ഷെയറുമൊക്കെ സോഷ്യൽ മീഡിയയിൽ വാരിക്കൂട്ടുന്നത്. "ഇതു താൻടാ നായകൻ' കമന്റുകൾ നിറയുകയാണ്. പ്രമുഖവ്യക്തിത്വങ്ങളടക്കം അഭിനന്ദനം ചൊരിയുന്നു. നമ്മുടെ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചറും സൂര്യക്ക് അഭിനന്ദനവുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
മാർക്കല്ല മാനദണ്ഡം
മാർക്ക് മാത്രം മാനദണ്ഡമാക്കിയല്ല കുട്ടികളുടെ തെരഞ്ഞെടുപ്പ്. ഏറ്റവും അർഹരായവർക്കു സഹായം ലഭിക്കണമെന്നായിരുന്നു ലക്ഷ്യമെന്ന് സൂര്യ. മാതാപിതാക്കൾ ഇല്ലാത്തവർക്ക് സെലക്ഷനിൽ മുൻഗണന. 20 മാർക്ക് ബോണസ്.
അച്ഛനുണ്ട്, അമ്മയില്ലെങ്കിൽ വീണ്ടും ബോണസ് മാർക്ക്. അമ്മയില്ലാത്ത വീട്ടിലെ പെൺകുട്ടികൾക്കു പഠനാവസരം കുറവായിരിക്കുമെന്നതുതന്നെ കാരണം. വീടില്ലാത്തവർക്കും ബോണസ് മാർക്ക്. തീർച്ചയായും പഠിക്കാനുള്ള താത്പര്യവും പരിഗണിക്കും.
തമിഴ് മാത്രം അറിയുന്നവർക്ക് ഇംഗ്ലീഷിലടക്കം മുഖ്യധാരയിൽ പിടിച്ചുനിൽക്കാനുള്ള എല്ലാ പരിശീലനങ്ങളും നൽകും. അഭിരുചിക്കനുസരിച്ചാവും കോഴ്സുകളുടെ സെലക്ഷൻ. സാന്പത്തികസഹായം, മാർഗദർശനം, തുടർച്ചയായ കരിയർ ഗൈഡൻസ് എന്നിങ്ങനെ പുതിയ ലോകത്ത് അവരെ പൂർണസജ്ജരാക്കുന്ന പദ്ധതിയാണ് അഗരം ഒരുക്കിയത്.
അച്ഛന്റെ മാതൃക
സൂര്യയുടെ പിതാവ് ശിവകുമാർ 1979 മുതൽതന്നെ ശിവകുമാർ എഡ്യുക്കേഷണൽ ട്രസ്റ്റ് എന്ന പേരിൽ ഗ്രാമീണമേഖലയിലെ വിദ്യാർഥികൾക്കു സഹായമെത്തിക്കുന്ന പ്രസ്ഥാനത്തിനു തുടക്കമിട്ടിരുന്നു.
പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച വിജയംനേടുന്നവർക്കു സ്കോളർഷിപ് നൽകിക്കൊണ്ടായിരുന്നു തുടക്കം. സൂപ്പർതാരമായി വളർന്ന സൂര്യ അച്ഛന്റെ മാതൃക പ്രചോദനമാക്കിയാണ് ഈ രംഗത്തു ചുവടുവയ്ക്കുന്നത്. തമിഴ്നാട്ടിലെ ഏറ്റവും പിന്നാക്കജില്ലകളിലൊന്നായ ധർമപുരി ജില്ലയിൽ സാക്ഷരത എത്തിക്കാൻ വിജയകരമായി യത്നിച്ചിരുന്നു സാമൂഹ്യപ്രവർത്തകനും പത്രപ്രവർത്തകനുമായ ജ്ഞാനവേൽ.
നിരക്ഷരർക്കിടയിലെ അക്ഷരമറിയുന്ന ആദ്യതലമുറയെ വാർത്തെടുക്കാൻ മികച്ച പദ്ധതികളുമായി മുന്നേറിയിരുന്ന ജ്ഞാനവേലിനൊപ്പം കൈകോർക്കുകയായിരുന്നു സൂര്യ. അഗരത്തിന്റെ തുടക്കം അങ്ങനെയായിരുന്നു...കളിച്ചുവളർന്ന സ്വന്തം വീടുപോലും അഗരത്തിനു സംഭാവന ചെയ്തുകഴിഞ്ഞു അച്ഛനെ കണ്ടുവളർന്ന മകൻ.
കരുത്തായി കുടുംബവും
ഭാര്യയും നടിയുമായ ജ്യോതിക, അച്ഛൻ ശിവകുമാർ, അനുജനും നടനുമായ കാർത്തി തുടങ്ങി അഗരത്തിനു കരുത്തായി സൂര്യയുടെ കുടുംബം എപ്പോഴുമുണ്ട്. കുട്ടികളുടെ പഠനച്ചെലവിനു ധാരാളം പണം വേണമല്ലോ എന്ന് അണ്ണൻ പലപ്പോഴും വേവലാതിപ്പെടുന്നതു കണ്ടിട്ടുണ്ടെന്നു കാർത്തി പറഞ്ഞു.
അപ്പോഴെല്ലാം അണ്ണിയാണ് (ജ്യോതിക) ധൈര്യം നൽകിയത്. ""പണം കൊണ്ടാണോ നമ്മളിത് ആരംഭിച്ചത്. സ്നേഹംകൊണ്ടല്ലേ... പണം വരും'' എന്ന് അണ്ണി പറയുമായിരുന്നു... സൂര്യ - ജ്യോതിക ദന്പതികളുടെ മക്കളായ ദിയയും ദേവും അഗരത്തിന്റെ "മാധം 300' പദ്ധതിയിലേക്കു തങ്ങളുടെ പോക്കറ്റ് മണി കൊടുക്കുന്നുണ്ടെന്നുകൂടി കാർത്തി വെളിപ്പെടുത്തി. ദിയയും ദേവും സദസിലുണ്ടായിരുന്നു.
സിങ്കമല്ല, സൂര്യ അണ്ണൻ...
പകയെരിയുന്ന കണ്ണുകളുമായി, മറവിയുടെ ആഴങ്ങളിൽനിന്ന് ഓർമകളെ തിരിച്ചുപിടിച്ച് ശത്രുവിനെ തേടിനടന്ന "ഗജിനി'യോ, അലറിവിളിക്കുന്ന ഇൻസ്പെക്ടർ "സിങ്ക'മോ അല്ല ഇന്നു തമിഴ്നാടിന് സൂര്യ. തന്റെ പ്രസ്ഥാനത്തിന്റെ കൈപിടിച്ചുവളർന്ന ആയിരങ്ങൾക്ക് അദ്ദേഹം സൂര്യ അണ്ണനാണ്.
അഭ്രപാളികൾക്കപ്പുറം നന്മയുടെ നിറകുടമായ ഏഴൈതോഴൻ... വിജയകഥകൾ കേട്ട് വികാരനിർഭരനായ കമൽഹാസൻ പറഞ്ഞു: ""സൂര്യ എന്നോടു ചോദിക്കാറുണ്ട്; ഞാൻ ചിറ്റപ്പാ എന്നുവിളിക്കണോ, അണ്ണാ എന്നു വിളിക്കണോ എന്ന്. ഇതെല്ലാം കാണുന്പോൾ എനിക്കു സംശയം - സൂര്യയെ ഇനി തന്പി എന്നു വിളിക്കണോ അണ്ണാ എന്നു വിളിക്കണോ എന്ന്''.
ഒരു അഗരം പുസ്തകപ്രകാശനത്തിനിടെ പേരക്കുട്ടി എംഎൻസിയിൽ ടീം ലീഡായ വിജയകഥ പറഞ്ഞതിനൊപ്പം എൺപതുകാരി വിളിച്ചുപറഞ്ഞു- ""നീ താൻ നമ്മക്കു സാമി'' (എന്നുവച്ചാൽ ദൈവം). മാതാപിതാക്കളെ ഒന്നരവയസിൽ നഷ്ടപ്പെട്ട കൊച്ചുമകളെ കഷ്ടപ്പെട്ടു പഠിപ്പിച്ച മുത്തശിയായിരുന്നു അത്.
അഗരത്തിന്റെ കൈപിടിച്ചു വളർന്ന അവൾ ഉയരങ്ങളിലാണ്. സഹനവഴികളിൽ രക്ഷകനായവനെ അവർ മറ്റെന്തു വിളിക്കും? കൈകൂപ്പി ഓടിയെത്തിയ സൂര്യ കണ്ണീരോടെ ആ മുത്തശിയെ ആലിംഗനം ചെയ്യുകയായിരുന്നു. സിനിമയെ വെല്ലുന്ന ഇത്തരം വികാരനിർഭരരംഗങ്ങളാണ് ഓരോ അഗരം ചടങ്ങുകളിലും.
ജയപ്രിയമാർ ഒരായിരം
സ്വപ്നങ്ങളുടെ കഥ പറഞ്ഞ "വാരണം ആയിരം' നായകനുമുന്നിൽ, സ്വപ്നത്തെയും വെല്ലുന്ന തങ്ങളുടെ വിജയകഥകൾ പറഞ്ഞവർ അനവധി. അവരിലൊരാൾമാത്രമാണ് ജയപ്രിയ. 2014 ബാച്ച്.മണ്ചുമരുള്ള, ചോർന്നൊലിക്കുന്ന, പാന്പും പഴുതാരയും മറ്റും അതിഥിയായി കടന്നുവരുന്ന കൂരയിലിരുന്നു മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലും പഠനം സ്വപ്നംകണ്ടവൾ.
ഹെഡ്മിസ്ട്രസ് കൊടുത്ത അഗരത്തിന്റെ പത്തക്കനന്പർ അവളുടെ തലവര മാറ്റിവരച്ചു. സഹോദരിയെ കൂടെക്കൂട്ടാൻ വണ്ടിക്കൂലിക്കു കാശില്ലാതെ കടലൂരിൽനിന്ന് ഒറ്റയ്ക്കുതന്നെ ചെന്നൈക്കു പുറപ്പെട്ടവൾ...കംപ്യൂട്ടർ എൻജിനിയറായ ജയപ്രിയ ടിസിഎസിൽ തുടങ്ങി ഇന്ന് ഇൻഫോസിസിൽ ടെക്നിക്കൽ ലീഡായി ജോലിചെയ്യുന്നു. മാസം ലക്ഷങ്ങൾ ശന്പളം. സുരക്ഷിതമായൊരു കൊച്ചുവീട് സ്വപ്നം കണ്ടവൾ ഇന്നു മനോഹരമായ രണ്ടു വീടുകൾക്ക് ഉടമ.
വിജയകഥകേട്ട് എഴുന്നേറ്റുനിന്നു കൈയടിച്ച സൂര്യയെയും സദസിനെയും ജയപ്രിയ ഒന്നുകൂടി പറഞ്ഞു: ""പെണ്കുട്ടികൾ പഠിക്കട്ടെ. അവരെ തടയരുത്.'' ഇപ്പോഴും തമിഴ്ഗ്രാമങ്ങൾ തുടരുന്ന യാഥാസ്ഥിതിക ചിന്താഗതി സൂചിപ്പിച്ചായിരുന്നു ആ വാക്കുകൾ.
ഒരു എഴുത്തിനിരുത്തൽ
2010 ബാച്ചിലെ തങ്ക കാളീശ്വരി തന്റെ മകൾ മൂന്നരവയസുള്ള ആതിരയുമൊത്താണ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. ദുരിതപൂർണമായ കുട്ടിക്കാലംകടന്ന്, അഗരം കൈപിടിച്ചതുകൊണ്ടുമാത്രം കുടുംബത്തിൽനിന്നും ആദ്യമായി ഉന്നതവിദ്യാഭ്യാസം നേടിയവളായിരുന്നു തങ്ക കാളീശ്വരി.
എൻജിനയറായ തങ്ക ഇന്ന് വലിയൊരു കന്പനിയിൽ മാനേജരാണ്. കീഴിൽ നൂറുപേർ ജോലിചെയ്യുന്നു.തന്റെ മകൾക്ക് ആദ്യാക്ഷരം സൂര്യ എഴുതിക്കണമെന്ന ആഗ്രഹം വേദിയിൽ കണ്ണീരോടെ തങ്ക കാളീശ്വരി പറഞ്ഞയുടൻ ഓടിയെത്തി സൂര്യ ആ മകളെ അക്ഷരമെഴുതിച്ചു. നിറകണ്ണുകളോടെയാണ് ആ മുഹൂർത്തത്തിനു സദസ് സാക്ഷിയായത്.
ഹീറോവാ... സീറോവാ....
നിങ്ങളുടെ ചെറിയ സഹായം ജീവിതങ്ങളെ മാറ്റിമറിക്കുമെന്ന മുദ്രാവാക്യവുമായി, നന്മയുള്ള ഹൃദയങ്ങളെ പാർട്ട്ണർമാരാവാൻ ക്ഷണിക്കുന്നുമുണ്ട് അഗരം. ധാരാളം സുമനസുകൾ അഗരത്തിനൊപ്പം കൈകോർക്കുന്നുമുണ്ട്.
കൃത്യമായ ആസൂത്രണത്തോടെയാണ് ആ മുന്നേറ്റം. "ഹീറോവാ... സീറോവാ....' ആദ്യഘട്ടത്തിൽ പുറത്തിറക്കിയ ഒരു അഗരം ഷോർട്ട്ഫിലിമിന്റെ പേരാണിത്. അഭിനയിച്ചതു സൂര്യയും ജ്യോതികയും വിജയ്യും മാധവനും! സീറോയിൽനിന്നു ഹീറോയിലേക്കു വളരാൻ തമിഴ്മക്കളെ ക്ഷണിക്കുകയായിരുന്നു അഗരം ഈ ഷോർട്ട്ഫിലിമിലൂടെ.
വഴികാട്ടികൾ പ്രോഗ്രാം, ദരിദ്രവിദ്യാർഥികളുടെ മനസിൽ പ്രതീക്ഷകളുടെ വിത്തുവിതച്ച വിദായ് പദ്ധതി (വിദായ് എന്നാൽ വിത്ത്), നൂറുകണക്കിനു ഗവ. സ്കൂളുകളിൽ മികച്ച അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്ന നമതു പള്ളി, കോളജുകൾക്കു പിന്തുണ, പഠനകേന്ദ്രങ്ങൾ, അഗരം മെന്റർഷിപ്പ്, അഗരം ഹോസ്റ്റലുകൾ, തായ് ആൻഡ് നമതു ഗ്രാമം എന്നിങ്ങനെ വളർന്നുപടർന്നു പന്തലിക്കുകയായിരുന്നു 15 വർഷംകൊണ്ട് അഗരം.
അഗരം പുറത്തിറക്കിയ പുസ്തകങ്ങളുടെ പേരുകളും കൗതുകകരം. ആരം സെയ്യ വിരുന്പുവോം (പുണ്യത്തെ സ്നേഹിക്കാൻ പഠിക്കാം), വിദ്യാസം താൻ അഴക് (സൗന്ദര്യം വിദ്യാഭ്യാസത്തിലാണ്), ഉലകം പിറന്തതു നമുക്കാക (ലോകം നമുക്കായി പിറന്നു), കഥകളിൽ പേസും കുഴൈന്തകൾ (കഥകൾ പറയുന്ന കുട്ടികൾ) എന്നിങ്ങനെയുള്ള പ്രചോദനാത്മക പുസ്തകങ്ങളാണ് അഗരം പുറത്തിറക്കിയിട്ടുള്ളത്.
നന്ദിയോടെ അവർ
സൂര്യ പറഞ്ഞു: ""എന്റെ മുപ്പത്തഞ്ചാംവയസിലാണ് അഗരത്തിനു തുടക്കം കുറിക്കുന്നത്. എനിക്ക് ഈ നാടു നൽകിയ അംഗീകാരത്തിനും സ്നേഹത്തിനും ഞാൻ നൽകിയ പ്രതിഫലമാണ് അഗരം.
എന്നാൽ, ഇന്ന് അഗരത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് ഇവിടെനിന്നു പഠിച്ചിറങ്ങിയ കുട്ടികളാണ്. ഇങ്ങനെയൊരു ചെയിൻ വരണമെന്നാണ് ഞാൻ ആഗ്രഹിച്ചത്. അതു മനോഹരമായി ഇപ്പോൾ മുന്നോട്ടുപോകുന്നു.''അഗരത്തിൽനിന്നു പഠിച്ചിറങ്ങിയവരെല്ലാം നന്ദിയോടെ അഗരത്തിനൊപ്പമുണ്ടെന്നതാണ് സൂര്യ ടീമിന്റെ കരുത്ത്.
ആർക്കെങ്കിലും അസുഖം വന്നാൽപോലും ഓടിയെത്തുന്ന സ്വന്തം ഡോക്ടർമാർവരെ. തമിഴ്നാട്ടിലെ പ്രമുഖ കോളജുകൾ ഇന്ന് അഗരം വിദ്യാർഥികൾക്കായി എഴുന്നൂറോളം സീറ്റ് ഓരോവർഷവും മാറ്റിവയ്ക്കുന്നു. അഗരത്തിൽ പഠിച്ചിറങ്ങിയവർ പ്രതിഫലമൊന്നും വാങ്ങാതെ പുതിയ ബാച്ചുകൾക്കു ക്ലാസെടുക്കാനെത്തുന്നു. വിവിധ മേഖലകളിൽനിന്ന് സൗജന്യസേവനത്തിനു തയാറായിവരുന്നവരുമേറെ.
ലിമോസിൻ വെയ്റ്റിംഗ്...
ആഹ്ലാദവും അഭിമാനവും പകർന്ന ഒരനുഭവംകൂടി സൂര്യ മറുപടിപ്രസംഗത്തിൽ പങ്കുവച്ചു: വെക്കേഷനിൽ അമേരിക്കയിൽ പോകുക പതിവാണ്. അവിടെ ജ്യോതികയുടെ ചേച്ചിയുണ്ട്.
കുടുംബസമേതം സാൻഫ്രാൻസിസ്കോയിൽ എത്തുന്പോൾ കാണാനാഗ്രഹിച്ച് ഒരാൾ വിളിച്ചു. ഒപ്പം കുടുംബമുണ്ട്, ഇപ്പോൾ വേണ്ട എന്നു പറഞ്ഞെങ്കിലും ആൾക്കു നിർബന്ധം. വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു. കണ്ടപ്പോഴാണ് മനസിലായത് - അഗരം 2010 ബാച്ചിലുണ്ടായിരുന്ന യോഗിയായിരുന്നു അത്.
ഒരു എംഎൻസിയുടെ കണ്സൾട്ടന്റായി ജോലിചെയ്യുന്നു. ജോലിയുടെ ഭാഗമായി അമേരിക്കയിൽ വന്നതാണ്. രണ്ടു കാറുണ്ടായിരുന്നതിനാൽ പോകാൻനേരം യോഗിയോടു പറഞ്ഞു: ഞാൻ ഡ്രോപ്പ് ചെയ്യാം. പോന്നോളൂ. എന്റെ ലിമോസിൻ വെയ്റ്റിംഗാണ് എന്നായിരുന്നു യോഗിയുടെ മറുപടി..! ഇതു പറഞ്ഞ് സൂര്യ വീണ്ടും മനസുനിറഞ്ഞ് ചിരിച്ചു. ഒപ്പം പറഞ്ഞു: ""അതാണ് മാറ്റം. ഇതൊക്കെയല്ലേ നമ്മുടെ സന്തോഷം...''