കേരള വികസനത്തിൽ സഭയുടെ സംഭാവനകൾ
Sunday, June 5, 2022 3:51 AM IST
ചങ്ങനാശേരി
അതിരൂപത
ചരിത്രകമ്മീഷൻ പ്രസിദ്ധീകരണം
ഫോണ് 0481 2410101
പേജ് 414
വില ₹ 800
ഡോ. കുര്യാസ് കുന്പളക്കുഴി ചങ്ങനാശേരി അതിരൂപതാ ചരിത്ര കമ്മീഷനുവേണ്ടി രചിച്ച ശ്രദ്ധേയ കൃതിയാണ് ’കേരള വികസനത്തിൽ സഭയുടെ സംഭാവനകൾ.’ കേരള ചരിത്രത്തെയും സഭാ ചരിത്രത്തെയും സസൂക്ഷ്മം മനസിലാക്കി ചങ്ങനാശേരി അതിരൂപതയുടെ സംഭാവനകൾ വിലയിരുത്തുകയാണ് ഈ ഗ്രന്ഥം.
കേരള ക്രൈസ്തവ സമൂഹത്തിന്റെ ഭൂതകാല രേഖാചിത്രമാണ് ആദ്യ അധ്യായം. ഉദയംപേരൂർ സുനഹദോസിന്റെ വെളിച്ചമുള്ള വശത്തിനു ചരിത്രചർച്ചയിൽ ഉൗന്നൽ നൽകുന്നു. കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനത്തിന് നാന്ദിയാകാമായിരുന്ന പല തീരുമാനങ്ങളും സുനഹദോസിലുണ്ടായി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തുടക്കംകുറിച്ച സാംസ്കാരിക വിപ്ലവം കേരളസഭയിൽ നിർണായകമായതായും ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു. നവോത്ഥാനത്തിനു തുടക്കമായ ഇതര വ്യക്തികളുടെ സംഭാവനകളും വിലയിരുത്തുന്നുണ്ട്.
മാർ തോമസ് കുര്യാളശേരി, മാർ ജെയിംസ് കാളാശേരി, മാർ മാത്യു കാവുകാട്ട്, മാർ ആന്റണി പടിയറ, മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം എന്നിവർ അതിരൂപതയ്ക്കും കേരള സമൂഹത്തിനുമേകിയ സംഭാവനകൾ രേഖപ്പെടുത്തുന്നു.
ചങ്ങനാശേരി അതിരൂപതയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങളാണ് രണ്ടാം അധ്യായത്തിലുള്ളത്. കേരള നവോത്ഥാനത്തിന് ഉണർവും ഉന്മേഷവും പകർന്നതു വിദ്യാഭ്യാസമാണെന്നും അവിടെ മുന്പേ പറന്ന പക്ഷി കേരളസഭയാണെന്നും ഡോ. കുര്യാസ് നിരീക്ഷിക്കുന്നു. കോട്ടയം വികാരിയാത്തിന് മുന്പും പിന്പുമായി വിദ്യാഭ്യാസ രംഗത്ത് ചങ്ങനാശേരി ചലനാത്മകമായി പ്രവർത്തിച്ചെന്നു വിവിധ പിതാക്കന്മാരുടെ കാലഘട്ടങ്ങളെ വിലയിരുത്തി വ്യക്തമാക്കുന്നു.
ദളിത് മുന്നേറ്റത്തിന് അതിരൂപതാധ്യക്ഷ്യന്മാർ നൽകിയ സംഭാവനകളും വിവിധ മതസംഘടനകളും പ്രസ്ഥാനങ്ങളും നിർവഹിച്ച പങ്കും മൂന്നാം അധ്യായം ചർച്ച ചെയ്യുന്നു. സാമൂഹിക ജീവിതത്തിന്റെ വിവിധ പടവുകൾ അതിരൂപതയുടെ നാനാമേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ബലപ്പെടുത്തപ്പെട്ടതും വിശദീകരിക്കുന്നു.
സാംസ്കാരിക രംഗത്തെ ക്രൈസ്തവരുടെ സംഭാവനകളാണ് നാലാം അധ്യായത്തിലെ വിഷയം. സാംസ്കാരിക രംഗത്ത് ക്രൈസ്തവർ പൊതുവെ പിന്നിലാണ്. ക്രൈസ്തവർ അഭയം തേടിയത് സാംസ്കാരിക രംഗത്തേക്കാൾ സാന്പത്തിക രംഗത്താണ്. ക്രൈസ്തവർ കലാസ്വാദനത്തിൽ വിമുഖരാവുകയും കൃഷി, വ്യാപാരം തുടങ്ങിയവവഴി സമൂഹത്തിൽ മേൽക്കൈ നേടാൻ ശ്രമിക്കുകയും ചെയ്തു.
സാംസ്കാരിക ഉന്നമനംകൂടി ലക്ഷ്യമാക്കി അതിരൂപത സമാരംഭിച്ച സന്ദേശനിലയം, സന്ദേശ് കമ്യൂണിക്കേഷൻസ്, മീഡിയാ വില്ലേജ്, സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷൻ, സദസ് കൾച്ചറൽ അക്കാദമി എന്നിവയുടെ സംഭാവനകളും പരിശോധിക്കുന്നുണ്ട്.
മാധ്യമരംഗത്തെ സംഭാവനകളാണ് അഞ്ചാം അധ്യായം. കേരള കത്തോലിക്കാ സമുദായം കേരള സമൂഹത്തിനു സംഭാവനയേകിയ മാന്നാനത്തെ ആദ്യ അച്ചടിശാലയുടെ സ്ഥാപനത്തിന് ചാവറയച്ചൻ നിർവഹിച്ച യത്നങ്ങൾ ആവിഷ്കരിക്കുന്നു. ബൈബിൾ അച്ചടിയുടെ മുന്നേറ്റങ്ങളും പത്രപ്രവർത്തനരംഗത്തെ ചുവടുവയ്പുകളും അഞ്ചാം അധ്യായം പരിശോധിക്കുന്നുണ്ട്. കത്തോലിക്കാ സമൂഹത്തിന്റെ ജിഹ്വയായി ദീപിക ദിനപത്രം വളർന്ന പശ്ചാത്തലവും വിശദമാക്കുന്നു.
കേരളവർമ വലിയകോയിത്തന്പുരാന്റെ നിർദേശപ്രകാരമാണ് ദീപിക എന്ന ചെറുശീർഷകം പത്രത്തിനു ലഭിച്ചത്. കേരളത്തിലെ ആതുരാലയങ്ങളും ആരോഗ്യപരിപാലനവും വികസിത രാഷ്ട്രങ്ങളോടു കിടപിടിക്കുന്നുവെന്ന് കോവിഡ് കാലം ബോധ്യപ്പെടുത്തി. ഇതിനു പിന്നിൽ ക്രൈസ്തവ സമൂഹത്തിന്റെ ഇടപെടൽ പ്രധാന പങ്കുവഹിച്ചു. ജനങ്ങളുടെ ആരോഗ്യം ഏറ്റവും പ്രമുഖ സാമൂഹിക ഘടകമെന്ന തിരിച്ചറിവിൽ സഭ ആതുരമേഖലയിൽ കർമനിരതമായി.
പ്രമുഖങ്ങളായ ആതുര ശുശ്രൂഷാകേന്ദ്രങ്ങളും ഈ രംഗത്തു നേതൃത്വം നൽകിയ മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളും പഠനപരിധിയിൽ വരുന്നു. ആതുരശുശ്രൂഷാരംഗത്തെ ക്രൈസ്തവ സാന്നിധ്യത്തെയും കാർഷിക മേഖലയുടെ തുടർച്ചയ്ക്ക് ക്രൈസ്തവ സമുദായം നൽകിയ സംഭാവനകളെയും രചയിതാവ് സവിസ്തരം പ്രതിപാദിക്കുന്നു. കേരളക്കരയിലെ ആദ്യത്തെ ആതുരാലയം ക്രൈസ്തവ മിഷനറിമാരാണ് ആരംഭിച്ചത്. അതുപോലെ ആദ്യത്തെ നഴ്സിംഗ് സ്കൂളും.
വിദേശിയരായ കന്യാസ്ത്രീമാരെ ഭരണാധികാരികൾ അതിനുവേണ്ടി ക്ഷണിച്ചുവരുത്തുകയായിരുന്നു. കാർഷിക മേഖലയിൽ സാഹസികമായി കടന്നുചെന്ന് നാണ്യവിളകൾ പ്രചരിപ്പിച്ചതും തോട്ടകൃഷി വ്യാപകമാക്കിയതും ക്രൈസ്തവ സംരംഭകരായിരുന്നു. മലബാർ, ഹൈറേഞ്ച് കുടിയേറ്റങ്ങൾക്കും തദ്വാരയുണ്ടായ കേരളത്തിന്റെ മുന്നേറ്റത്തിനും ചുക്കാൻ പിടിച്ചതും സാധാരണക്കാരായ ക്രൈസ്തവ സമുദായാംഗങ്ങളത്രെ.
കേരളത്തിന്റെ സാംസ്കാരിക ചരിത്രം പഠിക്കുവാൻ അപരിത്യാജ്യമായ ഒരു ഹസ്താവലംബമാണ് ഡോ. കുന്പളക്കുഴി തയാറാക്കിയിരിക്കുന്നത്. അഭിനന്ദനങ്ങൾ!
തയാറാക്കിയത്
ഡോ. ജോജി മാടപ്പാട്ട്