ആദ്യ ക്രൈസ്തവ ദശകങ്ങളിൽത്തന്നെ രൂപപ്പെട്ടുവന്ന പ്രാർത്ഥനാ സന്പ്രദായമാണ് യാമപ്രാർത്ഥനകൾ. ദിവസത്തിന്റെ ഓരോ നാഴികയെയും വിശുദ്ധീകരിച്ചുകൊണ്ട് ജീവിതത്തെ ആകമാനം ദൈവഹിതാനുസാരം ക്രമീകരിക്കാനുള്ള അനുഗ്രഹമാണ് അവ തരുന്നത്.
ആരാധനക്രമത്തിൽ ഉൾപ്പെടുന്ന സഭയുടെ പൊതുവായ മൂന്നു പ്രാർത്ഥനാ ശുശ്രൂഷകളിൽ കൂദാശക്രമം കഴിഞ്ഞാൽ അടുത്തതായി വരുന്നത് യാമപ്രാർത്ഥനകളാണ് (മൂന്നാമത്തേത് കൂദാശാനുകരണങ്ങളും).
പൊതുവേ കാനോനാ നമസ്കാരം എന്നറിയപ്പെടുന്ന യാമപ്രാർത്ഥനകൾ ഓരോ വ്യക്തിസഭയിലും ഉണ്ടാകണമെന്ന് തിരുസഭ നിഷ്കർഷിച്ചിട്ടുണ്ട്. യാമങ്ങളെ വിശുദ്ധീകരിക്കുവാനും നിരന്തരം പ്രാർത്ഥിക്കാനുള്ള വിശ്വാസികളുടെ ചുമതല പൂർത്തീകരിക്കാനും യാമപ്രാർത്ഥനകൾ കൂടിയേ തീരൂ.
രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ആരാധനക്രമത്തെക്കുറിച്ചുള്ള പ്രമാണരേഖയിൽ പറയുന്നത്, മിശിഹായുടെ മൗതികശരീരത്തോടൊന്നിച്ച് പിതാവിനു സമർപ്പിക്കുന്ന പ്രാർത്ഥനയാണ് യാമപ്രാർത്ഥന എന്നത്രെ (ഖണ്ഡിക 84). തുടർന്നുള്ള ഖണ്ഡികകളിൽ യാമപ്രാർത്ഥനകൾ ജപിക്കുന്നതിന്റെ പ്രാധാന്യം സൂനഹദോസ് എടുത്തുപറയുന്നുണ്ട്. അതുപോലെ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും (സിസിസി 1174-1175).
പൗരസ്ത്യ കാനോനാ സംഹിതയിൽ, വൈദികശുശ്രൂഷികളും സന്യസ്തരും തങ്ങളുടെ സ്വന്തം റീത്തനുസരിച്ച് യാമപ്രാർത്ഥനകൾ പതിവായി ജപിക്കേണ്ടതാണെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട് (ഖണ്ഡിക 34 6). അല്മായ വിശ്വാസികൾ തിരുനാളുകളിൽ യാമപ്രാർത്ഥനകൾ ചൊല്ലേണ്ടതാണ് (ഖണ്ഡിക 881).
സീറോ മലബാർ സഭയുടെ പ്രത്യേക നിയമസംഹിതയിൽ ഇതേ കാര്യങ്ങൾതന്നെ കൂടുതൽ വിശദമായും വ്യക്തമായും അവതരിപ്പിക്കുന്നുണ്ട്. സഭയുടെ ദൈവാരാധനയുടെ ഭാഗമായതിനാൽ, സ്വയാധികാരസഭയുടെ സിനഡ് അംഗീകരിച്ച്, ശ്ലൈഹിക സിംഹാസനത്തിന്റെ പരിശോധനയ്ക്കുശേഷമുള്ള സാക്ഷ്യപത്രം ലഭിച്ചതിനുശേഷം സഭാതലവൻ ഒരു പ്രമാണരേഖവഴി വിളംബരം ചെയ്തുകഴിയുന്പോഴാണ് ഒരു യാമപ്രാർത്ഥനാ പുസ്തകം സഭയുടെ ഒൗദ്യോഗിക ആരാധനക്രമപുസ്തകമായി മാറുന്നത്.
അങ്ങനെ 2022 ഡിസംബർ 25ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയുടെ യാമപ്രാർത്ഥനാ പുസ്തകത്തിന്റെ ഒന്നാം വാല്യം പുറത്തിറക്കിയിരിക്കുകയാണ്.
1599ലെ ഉദയംപേരൂർ സൂനഹദോസ് വരെ മാർത്തോമ്മാ നസ്രാണികളുടെ ഇടയിൽ നിലനിന്നിരുന്നത് പൗരസ്ത്യ സുറിയാനി ആരാധനക്രമം അഥവാ കൽദായ ആരാധനക്രമമായിരുന്നു. അതിന്റെ ഭാഗമായ യാമപ്രാർത്ഥനകളും വൈദികർ ചൊല്ലിയിരുന്നു എന്ന് അനുമാനിക്കാം. എന്നാൽ, ഉദയംപേരൂർ സൂനഹദോസിന്റെ കല്പനപ്രകാരം ലത്തീനീകണം ആരംഭിക്കുകയും നിരവധി ആരാധനക്രമഗ്രന്ഥങ്ങൾ പാഷണ്ഡത ആരോപിച്ച് കത്തിക്കുകയും ചെയ്തതുമൂലം സുറിയാനി കത്തോലിക്കാ വൈദികരുടെ യാമപ്രാർത്ഥന ചൊല്ലലിൽ മാറ്റമുണ്ടായതായി ചരിത്രരേഖകൾ പറയുന്നു.
ഇതിനൊരു മാറ്റം വരുത്താൻ തീവ്രശ്രമം നടത്തിയത് വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചനായിരുന്നു. ചാവറയച്ചൻ പള്ളിപ്പുറം സെമിനാരിയിൽ പഠിക്കുന്പോൾതന്നെ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. ചില ക്രോഡീകരണങ്ങൾ അദ്ദേഹം നടത്തുകയും ചെയ്തു.
1886-87 വർഷങ്ങളിൽ പോൾ ബഡ്ജാൻ എന്ന ലാസറിസ്റ്റ് വൈദികൻ പൗരസ്ത്യ സുറിയാനി യാമപ്രാർത്ഥനകൾ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. സുറിയാനി ഭാഷയിലുള്ള ഈ വാല്യങ്ങളാണ് 2022 ഡിസംബർ 25 വരെ സീറോ മലബാർ സഭയുടെ ഒൗദ്യോഗിക യാമപ്രാർത്ഥനാ ഗ്രന്ഥങ്ങളായി കണക്കാക്കേണ്ടത്. ഇതിനിടെ പുറത്തിറങ്ങിയ ‘കാനോനാ നമസ്കാരം’, ‘സീറോ മലബാർ സഭയുടെ യാമപ്രാർത്ഥനകൾ’ എന്നീ കൃതികൾക്ക് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരമില്ലായിരുന്നു. അവ ക്രമപ്രകാരം വിളംബരം ചെയ്യപ്പെട്ടിട്ടുമില്ലായിരുന്നു.
1953ൽ കേരളം സന്ദർശിച്ച പൗരസ്ത്യ സഭാ കാര്യാലയത്തിന്റെ തലവൻ കർദിനാൾ തിസരാങ്ങ് യാമപ്രാർത്ഥനകൾ സുറിയാനിയിൽനിന്നു മലയാളത്തിലേക്കു തർജ്ജമ ചെയ്യാൻ നിർദേശിച്ചിരുന്നെങ്കിലും അത് ഇപ്പോഴാണ് സാധിതപ്രായമായത്. 2023 ഫെബ്രുവരി 19 മുതൽ ഈ ക്രമമാണ് സഭയുടെ ഒൗദ്യോഗിക യാമപ്രാർത്ഥനാ ഗ്രന്ഥമായി ഉപയോഗിക്കപ്പെടേണ്ടത്.
മംഗളവാർത്തക്കാലം മുതൽ ഉയിർപ്പുകാലം ഉൾപ്പെടെയുള്ള കാലങ്ങളിലെ യാമപ്രാർത്ഥനകളും അക്കാലങ്ങളിലെ തിരുനാളുകളിലെ യാമപ്രാർത്ഥനകളും അടങ്ങുന്ന ബൃഹത്തായ ഒരു ഗ്രന്ഥമാണ് ഈ ഒന്നാം വാല്യം. മനോഹരമായ മുദ്രണവും സുന്ദരമായ പുറംചട്ടയും ബയന്റിംഗും ദൃഢവും കട്ടികുറഞ്ഞതുമായ കടലാസും എല്ലാം കൂടിച്ചേർന്ന ഒരു സുന്ദരഗ്രന്ഥമാണിത്. വിശുദ്ധരുടെ തിരുനാളുകൾക്കുള്ള പ്രത്യേക പ്രാർത്ഥനകൾ ( പുറം 785-1020), സങ്കീർത്തനങ്ങൾ (1021-1249) എന്നിവ ഗ്രന്ഥത്തിന്റെ മൂല്യം വർധിപ്പിക്കുന്നു.
സപ്രാ (പ്രഭാത പ്രാർത്ഥന), റംശ (സായാഹ്ന പ്രാർത്ഥന), ലെലിയ (രാത്രികാല പ്രാർത്ഥന) എന്നീ മൂന്നു ഗണം പ്രാർഥനകൾക്കു പുറമേ മറ്റു നാലു ചെറിയ യാമപ്രാർത്ഥനകൾകൂടി സീറോ മലബാർ സഭയിലുണ്ട്. അവയുംകൂടി മലയാളത്തിലേക്കു വിവർത്തനം ചെയ്യുമെന്നു പ്രതീക്ഷിക്കാം. ലത്തീൻസഭയുടെ നാലു വാല്യങ്ങളുള്ള യാമപ്രാർത്ഥനാ ഗ്രന്ഥത്തിൽ മറ്റു മൂന്നു യാമങ്ങളിലേക്കുള്ള പ്രാർത്ഥനകളും ചേർത്തിട്ടുണ്ട്. മാത്രമല്ല, ഓരോ പ്രഭാതത്തിലേക്കുംവേണ്ടിയുള്ള മറ്റു രണ്ടു പ്രാർത്ഥനകളുംകൂടി ലത്തീൻസഭയിലുണ്ട്. അപ്രകാരം സന്പൂർണമായ യാമപ്രാർത്ഥനാ ഗ്രന്ഥം സീറോ മലബാർ സഭയിലും ഉണ്ടാകും എന്നു പ്രത്യാശിക്കുന്നു.
ആദ്യ ക്രൈസ്തവ ദശകങ്ങളിൽത്തന്നെ രൂപപ്പെട്ടുവന്ന പ്രാർത്ഥനാ സന്പ്രദായമാണ് യാമപ്രാർത്ഥനകൾ. ദിവസത്തിന്റെ ഓരോ നാഴികയെയും വിശുദ്ധീകരിച്ചുകൊണ്ട് ജീവിതത്തെ ആകമാനം ദൈവഹിതാനുസാരം ക്രമീകരിക്കാനുള്ള അനുഗ്രഹമാണ് അവ തരുന്നത്.
സങ്കീർത്തനങ്ങളും വിശുദ്ധഗ്രന്ഥ വായനകളും വിശുദ്ധ അപ്രേമിനെപ്പോലുള്ള ആധ്യാത്മികാചാര്യന്മാരുടെ രചനകളുമൊക്കെ ഉൾച്ചേരുന്ന യാമപ്രാർത്ഥനകൾ സഭയുടെ അനർഘ നിക്ഷേപമാണ്. അവ ഉപയോഗിച്ച് ദൈവത്തെ സ്തുതിക്കാനും ദൈവകരുണ പ്രാപിക്കാനും തിരുസഭ ഓരോ വിശ്വാസിയെയും ക്ഷണിക്കുന്നു.
പേജ് 1272, വില ₹ 400
ലിറ്റർജി കമ്മീഷൻ,
മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ,
കാക്കനാട്
ഫോണ്: 9446477924
ഫാ. ഡോ. ജയിംസ് പാന്പാറ സിഎംഐ