ആനന്ദമാർഗം
ഫാ.തോമസ് പാറത്തോട്ടാൽ
പേജ്: 64 വില: ₹100
മധ്യസ്ഥൻ ബുക്സ്
"വേദനിക്കുന്നവർക്കു മൂന്നു നാൾ മാത്രമേ വേദനിക്കേണ്ടി വരികയുള്ളൂ.' പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ യഥാർഥ ആനന്ദാനുഭവത്തിലേക്കു ജീവിതത്തെ എങ്ങനെ ചേർത്തുവയ്ക്കാമെന്നു ലളിതമായി പറയുന്ന പുസ്തകം. പൗരോഹിത്യജീവിതത്തിന്റെ രജതജൂബിലി വേളയിൽ ഫാ. തോമസ് പാറാത്തോട്ടാൽ രചിച്ച ഈ ആത്മീയഗ്രന്ഥം പുതിയ ചില കാഴ്ചപ്പാടുകൾ നല്കാൻ സഹായിക്കും.
ആനന്ദം തേടി പല ലോകകാര്യങ്ങളുടെയും പിന്നാലെ പരക്കംപായുന്ന മനുഷ്യനോട് ഗ്രന്ഥകാരൻ പറയുന്നു, ആനന്ദാനുഭവം സ്വന്തമാക്കാനുള്ള മാർഗം അതല്ല. വേദനിക്കുന്നവർക്കെല്ലാം മൂന്നു നാൾ മാത്രമേ വേദനിക്കേണ്ടിവരികയുള്ളൂ എന്നു പറയുന്നിടത്തുതന്നെ മാർഗം തെളിയുന്നു.
എന്റെ പ്രിയ കവിതകൾ
പി.എസ്.ശ്രീധരൻപിള്ള
പേജ്: 96 വില: ₹100
കറന്റ് ബുക്സ്, തൃശൂർ
രാഷ്ട്രീയക്കാരിലെ എഴുത്തുകാരൻ എന്നു വിളിക്കാവുന്ന ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പലപ്പോഴായി എഴുതിയ കവിതകളിൽ തെരഞ്ഞെടുക്കപ്പെട്ടവയുടെ സമാഹാരമാണ് "എന്റെ പ്രിയ കവിതകൾ'. സമൂഹത്തെ നന്നായി നിരീക്ഷിക്കുന്ന ആളാണ് എഴുത്തുകാരൻ എന്നു സൂചിപ്പിക്കുന്നതാണ് അദ്ദേഹം ഈ കവിതകൾക്കു തെരഞ്ഞെടുത്ത വിഷയങ്ങൾ.
മനുഷ്യന്റെ വേദനകൾ, ദുരിതങ്ങൾ, ഇടപെടൽ, യാത്ര, രോഗം തുടങ്ങി രാഷ്ട്രീയം വരെ ഇതിൽ വിഷയമായിട്ടുണ്ട്. താൻ നേരത്തെ ഗവർണറായി സേവനം ചെയ്ത മിസോറമും കവിതയ്ക്കു പാത്രമായി. "കടുകിനുള്ളിൽ കടൽ കണ്ടു' എന്നദ്ദേഹം കടുക് എന്ന കവിതയിൽ പറയുന്നതുപോലെ കവിത ഇഷ്ടപ്പെടുന്നവർക്ക് ആശയങ്ങളുടെ ഒരു കടൽ ഈ പുസ്തകത്തിൽ കണ്ടെത്താം.
ഈശൽ വിസ്മയം
എഡിറ്റർ: ബാവ കെ. പാലുകുന്ന്
പേജ്: 152 വില: ₹230
ഒലിവ് ബുക്സ്
കവി മോയിൻകുട്ടി വൈദ്യരുടെ പ്രശസ്തമായ പ്രണയകാവ്യമായ ഹുസ്നുൾ ജമാൽ എന്ന കൃതി 150 വർഷം പിന്നിടുന്ന വേളയിൽ ആ കൃതിയെ വിവിധ കോണുകളിൽനിന്നു നോക്കിക്കാണുകയാണ് ഒരു കൂട്ടം എഴുത്തുകാർ. ഹുസ്നുൽ ജമാലിലെ പ്രയണസങ്കല്പം, കാൽപനികത, സ്ത്രീവാദ ദർശനം, സൂഫി പരിപ്രേക്ഷ്യം എന്നിങ്ങനെ വിവിധ ഘടകങ്ങളാണ് ഈ ലേഖനങ്ങളിലൂടെ പരാമർശിക്കുന്നത്.
സ്നേഹക്കുടുക്ക
ശ്രീകല ഇളന്പള്ളി
പേജ്: 48 വില: ₹110
കാവ്യസാഹിതി ബുക്സ്
കുട്ടികൾക്കു ചൊല്ലിക്കൊടുക്കാനും പാടി രസിക്കാനും കുടഞ്ഞിട്ടു കൊടുക്കാവുന്ന കുട്ടിക്കവിതകളുടെ കുടുക്ക തന്നെയാണ് സ്നേഹക്കുടുക്ക എന്ന പുസ്തകം. പൂക്കളും പൂന്പാറ്റകളും കൂട്ടുകാരും വരികളിലുണ്ട്. ഗാന്ധിയപ്പൂപ്പനും കുട്ടികൃഷിയുമൊക്കെയുണ്ട്. രസിപ്പിക്കുന്നതിനൊപ്പം ചില സന്ദേശങ്ങളും കുട്ടികളിലേക്ക് എത്തിക്കാൻ ഈ അധ്യാപിക കവിതകളിലൂടെ ശ്രമിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വരകളും വായനയെ രസകരമാക്കുന്നു.
It Never crossed my mind to resign (Interview with Pope Francis)
പേജ്: 48 വില: ₹45
കാർമൽ
ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്
കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പയുമായി സ്പാനീഷ് റേഡിയോ നെറ്റ്വർക്ക് ആയ കോപ് നടത്തിയ അഭിമുഖമാണ് ഈ ചെറിയ ഇംഗ്ലീഷ് പുസ്തകത്തിന്റെ പ്രമേയം. സ്പെയിനിലെ പ്രമുഖ റേഡിയോ ജേർണലിസ്റ്റ് ആയ കാർലോസ് ഹെരേര ആണ് മാർപാപ്പയെ ഇന്റർവ്യു ചെയ്തിരിക്കുന്നത്. അങ്ങേയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്? എന്ന ചോദ്യത്തോടെയാണ് അഭിമുഖം തുടങ്ങുന്നത്.
ഒരു ചിരിയോടെ, ഞാൻ ഇപ്പോഴും ജീവനോടെയുണ്ട് എന്നതായിരുന്നു ഫ്രാൻസിസ് പാപ്പയുടെ മറുപടി. ആരോഗ്യം, രാഷ്ട്രീയം, യാത്ര, ഫുട്ബോൾ, വിരമിക്കൽ എന്നിങ്ങനെയുള്ള പല വിഷയങ്ങളിലും അദ്ദേഹം പറയുന്ന മറുപടികൾ കുറിക്കുകൊള്ളുന്നതും ചിന്തോദ്ദീപകവുമാണ്.