സഹതാപം സഹായമല്ല
Sunday, January 26, 2020 3:19 AM IST
എന്തിനും ഏതിനും മറ്റുള്ളവരുടെ സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരെ പക്വമതികളെന്നു പറഞ്ഞു കൂടാ. ന്യായമായ സഹായം അപരരിൽനിന്നു തേടാനുള്ള അവകാശം എല്ലാവർക്കും ഉണ്ടുതാനും.
താഴെവീണു മുട്ടുപൊട്ടിയാൽ ഉച്ചത്തിൽ കരഞ്ഞു ബഹളംകൂട്ടുന്ന കുഞ്ഞു തേടുന്നത് സഹായത്തേക്കാൾ സഹതാപമാണ്. വീട്ടിലുള്ളവരെ അവന്റെ ചുറ്റും കൂട്ടുകയും അവനെ തോളിലേറ്റി നടക്കുകയും ചെയ്യുന്പോൾ അവൻ പ്രതീക്ഷിച്ച അനുതാപം അവനു കിട്ടിക്കഴിഞ്ഞു. ഈ ശൈലി തുടർന്നുകൊണ്ടിരുന്നാൽ പ്രശ്നങ്ങളെ പ്രായോഗികമായി നേരിടാനുള്ള ത്വര അവനിൽ ഇല്ലാതെയാകും. ശാരീരിക, മാനസിക, ആരോഗ്യത്തെത്തന്നെ ബാധിക്കുകയും ചെയ്യും.
അനുകന്പ തേടാനുള്ള കന്പം ചെറുപ്പത്തിലേ നിയന്ത്രിച്ചില്ലെങ്കിൽ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇതൊരു രക്ഷാമാർഗമായി അയാൾ സ്വീകരിക്കും. നിർഭാഗ്യവശാൽ രോഗാവസ്ഥയിലായിപ്പോയാൽ ചികിത്സിക്കാനും ശുശ്രൂഷിക്കാനും ചുമതലപ്പെട്ടവർക്ക് അയാൾ തലവേദനയായി മാറുകയും ചെയ്യും. സഹാനുഭൂതി പ്രതീക്ഷിച്ച് തന്റെ രോഗത്തെപ്പറ്റി പെരുപ്പിച്ചും ആവർത്തിച്ചും പറഞ്ഞുകൊണ്ടിരുന്നാൽ അതു പരിചരണക്കാരെ ബുദ്ധിമുട്ടിക്കും എന്നതിൽ സംശയമില്ല. വന്നും പോയുമിയിരിക്കുന്ന സന്ദർശകരോടുപോലും ഇതു പലവുരു ഉരുവിട്ട് അവരെയും അസ്വസ്ഥരാക്കും. യാതൊരു പ്രയോജനവുമില്ലാത്ത ഒരു പ്രക്രിയ മനുഷ്യന്റെ സഹതാപത്തേക്കാൾ ദൈവത്തിന്റെ കരുണയാണു തേടേണ്ടത് എന്നുള്ള തിരിച്ചറിവ് വിലപ്പെട്ടതാണ്.
സഹാനുഭൂതിക്കുവേണ്ടി അതിരുവിട്ട് ആവലാതി പറയുന്നവരെ മനുഷ്യർ മതിക്കയില്ല, ഗൗരവമായി ഉൾക്കൊള്ളുകയുമില്ല. പക്വമനസോടെ ജീവിതത്തെ നേരിടാൻ വ്യക്തിയെ തയാറാക്കേണ്ടത് മാതാപിതാക്കളാണെന്ന കാര്യം മറക്കാതിരിക്കാം.
സിസിലിയാമ്മ പെരുന്പനാനി
ഫോൺ: 9447168669